ബുഡാപെസ്റ്റ്
യൂറോപ ലീഗ് ഫുട്‌ബോളിൽ സെവിയ്യ തന്നെ രാജാവ്. റോമയെ ഷൂട്ടൗട്ടിൽ വീഴ്‌ത്തി ഏഴാംകിരീടം ചൂടി. റെക്കോഡ് നേട്ടമാണിത്. കളിച്ച എല്ലാം ഫൈനലിലും ജയം നേടി. നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും 1–-1ന് തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ട് വിധിനിർണയിച്ചത്. 4–-1നാണ് സെവിയ്യയുടെ ജയം.
ഗൊൺസാലോ മൊണ്ടിയെലാണ് വിജയകിക്ക് തൊടുത്തത്. ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്റീന ലോകകപ്പ് ചൂടിയത് മൊണ്ടിയെലിന്റെ കിക്കിലൂടെയായിരുന്നു. 2006, 2007, 2014, 2015, 2016, 2020 സീസണുകളിലാണ് നേരത്തേ സ്‌പാനിഷ് ക്ലബ് യൂറോപ ചാമ്പ്യൻമാരായത്.
ബുഡാപെസ്റ്റിലെ പുസ്‌കാസ് അരീനയിൽ പിന്നിട്ടുനിന്നശേഷമാണ് സെവിയ്യ തിരിച്ചുവന്നത്. റോമ നിസ്സാരക്കാരായിരുന്നില്ല. യൂറോപ്പിലെ സൂപ്പർ പരിശീലകൻ ഹൊസെ മൊറീന്യോയുടെ തന്ത്രങ്ങളായിരുന്നു കരുത്ത്. യൂറോപ്പിൽ മുമ്പ് കളിച്ച അഞ്ച് ഫൈനലിലും ജയം നേടിയ ആത്മവിശ്വാസത്തിലെത്തിയ മൊറീന്യോക്ക് ഇത്തവണ പിഴച്ചു. പൗലോ ഡിബാലയിലൂടെ ആദ്യപകുതിയിൽ റോമ ലീഡെടുത്തു. എന്നാൽ, ഇടവേള കഴിഞ്ഞയുടനെ പ്രതിരോധക്കാരൻ ജിയാൻലൂക്ക മാൻസിനി സ്വന്തംവലയിൽ പന്തെത്തിച്ചത് വിനയായി.
ഒപ്പമെത്തിയതോടെ സെവിയ്യ വിട്ടുകൊടുത്തില്ല. ഇതിനിടെ ലൂക്കാസ് ഒകാംപോസിനെ റോമയുടെ റോജർ ഇബാനെസ് വീഴ്‌ത്തിയതിന് സെവിയ്യക്ക് പെനൽറ്റി അനുവദിച്ചെങ്കിലും ‘വാർ’ തിരുത്തി. ഇരുടീമുകളും പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയതോടെ മത്സരം നീണ്ടു. ഒടുവിൽ ഷൂട്ടൗട്ടിലേക്കും.
ആദ്യ കിക്കെടുത്തത് സെവിയ്യയായിരുന്നു. ഒകാംപോസ്, എറിക് ലമേല, ഇവാൻ റാകിട്ടിച്ച്, മൊണ്ടിയെൽ എന്നിവർക്ക് ഉന്നം തെറ്റിയില്ല. മറുവശത്ത് മാൻസിനിക്കും ഇബാനെസിനും ലക്ഷ്യം പാളി. ആദ്യ കിക്കെടുത്ത ബ്ര്യാൻ ക്രിസ്റ്റാന്റെ മാത്രമാണ് റോമയ്‌ക്കായി പന്ത് വലയിലെത്തിച്ചത്. കിരീടനേട്ടത്തോടെ സെവിയ്യ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..