06 July Sunday

വിംബിൾഡൺ ഉപേക്ഷിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020


ലണ്ടൻ
വിംബിൾഡൺ ടെന്നീസ്‌ ഉപേക്ഷിക്കാൻ സാധ്യതയേറുന്നു. ഇംഗ്ലണ്ടിൽ കോവിഡ്‌–-19 വ്യാപനം അനിയന്ത്രിതമായതോടെയാണ്‌ ലോകത്തെ ഏറ്റവും പഴക്കംചെന്ന ടെന്നീസ്‌ ടൂർണമെന്റ്‌ ഉപേക്ഷിക്കാൻ സംഘാടകർ തയ്യാറെടുക്കുന്നത്‌. രണ്ടു ദിവസംകൊണ്ട്‌ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നിശ്ചയിച്ചിരിക്കുന്നത്‌.

നിലവിലെ സാഹചര്യത്തിൽ ഇംഗ്ലണ്ടിൽ ഈ സമയത്ത്‌ കളി നടത്താനാകുമെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. നേരത്ത കോവിഡിനെ തുടർന്ന്‌ മറ്റൊരു ഗ്രാൻഡ്‌ സ്ലാം ടൂർണമെന്റായ ഫ്രഞ്ച്‌ ഓപ്പൺ മാറ്റിയിരുന്നു. വർഷത്തെ മൂന്നാമത്തെ ഗ്രാൻഡ്‌ സ്ലാമാണ്‌ വിംബിൾഡൺ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതുവരെ പച്ചപ്പുൽ കളത്തിലെ ടൂർണമെന്റ്‌ ഉപേക്ഷിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ ടെന്നീസ്‌ അസോസിയേഷനായ ലൗൺ, എടിപി, ഡബ്ല്യുടിഎ എന്നീ മൂന്ന്‌ ഭരണസമിതികൾ കൂടിയാലോചിച്ച്‌ രണ്ടു ദിവസംകൊണ്ട്‌ തീരുമാനമെടുക്കും. കളി നടത്താനാകില്ലെന്നാണ്‌ ലൗണിന്റെ നിലപാട്‌. മറ്റ്‌ രണ്ടു സമിതികളും ഇതിനനുസരിച്ചാകും തീരുമാനം കൈക്കൊള്ളുക.

നിലവിൽ ജൂൺ ഏഴുവരെ ലോകത്താകെയുള്ള ടെന്നീസ്‌ മത്സരങ്ങൾ റദ്ദാക്കിയിട്ടുണ്ട്‌. നിലവിലെ സാഹചര്യത്തിൽ വിംബിൾഡൺ നടക്കാൻ വഴിയില്ലെന്ന്‌ ബ്രിട്ടീഷ്‌ താരം ജാമി മുറെയ്‌ പറഞ്ഞു. പുരുഷ സിംഗിൾസിൽ നൊവാക്‌ യൊകോവിച്ചും വനിതകളിൽ സിമോണ ഹാലെപ്പുമാണ്‌ നിലവിൽ വിംബിൾഡൺ ചാമ്പ്യൻമാർ.
മെയ്‌ 24 മുതൽ ജൂൺ ഏഴുവരെയായിരുന്നു ഫ്രഞ്ച്‌ ഓപ്പൺ ആദ്യം തീരുമാനിച്ചിരുന്നത്‌. സെപ്‌തംബർ–-ഒക്‌ടോബർ മാസങ്ങളിലേക്കാണ്‌ ഇത്‌ നീട്ടിയത്‌. വിംബിൾഡൺ ഉപേക്ഷിക്കുകകൂടി ചെയ്‌താൽ ടെന്നീസ്‌ കലണ്ടറിനെ മുഴുവനായും കോവിഡ്‌–-19 തകർക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top