20 April Saturday
ടിക്കറ്റിന് 250, ഓൺലെെനിലും

വരുന്നൂ, സൂപ്പർ കപ്പ് ആരവം ; യോഗ്യതാമത്സരങ്ങൾ മൂന്നുമുതൽ പയ്യനാട്‌ , കോഴിക്കോട്ട്‌ 
എട്ടുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

സൂപ്പർ കപ്പ് ഫുട്ബോളിനായി കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നു


മലപ്പുറം
സൂപ്പർ കപ്പ്‌ യോഗ്യതാമത്സരത്തിന്‌ തിങ്കളാഴ്‌ച മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിൽ തുടക്കമാകും. ഐ ലീഗിലെ 10 ടീമുകൾ പങ്കെടുക്കുന്ന യോഗ്യതാമത്സരം മൂന്നുമുതൽ ആറുവരെയാണ്‌. ആദ്യ നാലുസ്ഥാനക്കാർ സൂപ്പർകപ്പിന്‌ അർഹത നേടും. ഒമ്പതിനാണ്‌ പയ്യനാട്‌ സൂപ്പർകപ്പ്‌ മത്സരം തുടങ്ങുക. ബി, ഡി ഗ്രൂപ്പ്‌ മത്സരങ്ങളും ഒരു സെമി ഫൈനലുമാണ്‌.

ഗ്രൂപ്പ് ബി-യിൽ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാൾ, മൂന്നാമത്തെ യോഗ്യതാമത്സരത്തിലെ വിജയികൾ എന്നിവരാണുള്ളത്. ഗ്രൂപ്പ് ഡിയിൽ മുംബൈ സിറ്റി എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, നാലാം യോഗ്യതാമത്സരത്തിലെ വിജയികൾ എന്നിവർ മാറ്റുരയ്‌ക്കും. ദിവസവും വൈകിട്ട്‌ അഞ്ചിനും രാത്രി 8.30നുമാണ്‌ മത്സരം.

എഎഫ്‌സി 
യോഗ്യത 4ന്‌
സൂപ്പർ കപ്പിനുപുറമെ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ചാമ്പ്യൻസ്‌ ലീഗിൽ പങ്കെടുക്കുന്ന ഇന്ത്യയിൽനിന്നുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള മത്സരവും പയ്യനാട്‌ നടക്കും. ഏപ്രിൽ നാലിന്‌ രാത്രി എട്ടരയ്‌ക്ക്‌ മുംബൈ എഫ്‌സിയും ജംഷഡ്‌പുർ എഫ്‌സിയും ഏറ്റുമുട്ടും.

കോഴിക്കോട്ട്‌ 
എട്ടുമുതൽ
ഫുട്‌ബോളിലെ വമ്പന്മാർ കൊമ്പുകോർക്കുന്ന സൂപ്പർ കപ്പിനെ വരവേൽക്കാൻ കോഴിക്കോട്‌ ഒരുങ്ങി.  കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലും മലപ്പുറം മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയത്തിലുമായാണ്‌ മത്സരം. ഐഎസ്‌എൽ, ഐ ലീഗ്‌ ടീമുകൾ അണിനിരക്കുന്ന ടൂർണമെന്റിന്‌ കേരളം ആദ്യമായാണ്‌ വേദിയാകുന്നത്‌. 

ആകെ 16 ടീമുകളാണ്‌ പങ്കെടുക്കുക. ഗ്രൂപ്പ്‌ എ, സി മത്സരങ്ങളാണ്‌ കോഴിക്കോട്ട്‌ നടക്കുക. 25ന്‌ നടക്കുന്ന ഫൈനൽ മത്സരമുൾപ്പെടെ 14 മത്സരങ്ങൾക്ക്‌ സ്‌റ്റേഡിയം വേദിയാകും. വൈകിട്ട്‌ അഞ്ചിനും രാത്രി 8.30നുമാണ്‌ മത്സരം.കേരള ബ്ലാസ്‌റ്റേഴ്‌സ്‌, എടികെ മോഹൻ ബഗാൻ, ബംഗളൂരു എഫ്‌സി, ജംഷഡ്‌പുർ എഫ്‌സി, ഗോവ എഫ്‌സി എന്നീ വമ്പന്മാർ അണിനിരക്കും. ഐഎസ്‌എല്ലിലെ 11 ടീമുകൾക്കുപുറമെ സീസണിലെ ഐ ലീഗ്‌ ചാമ്പ്യന്മാരായ റൗണ്ട്‌ഗ്ലാസ്‌ പഞ്ചാബാണ്‌ നിലവിൽ ബർത്ത്‌ ഉറപ്പിച്ചത്‌. എട്ടിന്‌ ആരംഭിക്കുന്ന ടൂർണമെന്റിനായി കോഴിക്കോട്‌ കോർപറേഷൻ സ്‌റ്റേഡിയം സജ്ജമായി. ആലുവയിലെ വികെഎം സ്‌പോർട്‌സ്‌ ആൻഡ്‌ ടർഫ്‌ കമ്പനിയാണ്‌ ഗ്രൗണ്ട്‌ ഒരുക്കുന്നത്‌. ഫ്ലഡ്‌ലിറ്റുകൾ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കും. എറണാകുളം  ആസ്ഥാനമായുള്ള ബ്രിങ്സ്‌റ്റോൺ കമ്പനിക്കാണ്‌ ചുമതല.

ടിക്കറ്റിന് 250, ഓൺലെെനിലും
സൂപ്പർ കപ്പ്‌ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലെയും കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിലെയും ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് 250 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. പയ്യനാട്ടെ യോഗ്യതാമത്സരങ്ങൾക്ക് 150 രൂപ. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ നിരക്ക്‌ നിശ്‌ചയിച്ചിട്ടില്ല. ബുക്ക്‌ മൈ ഷോ ഓൺലൈൻവഴി ടിക്കറ്റെടുക്കാം. അതത് ഗ്രൗണ്ടിലെ കൗണ്ടറിലും ടിക്കറ്റുകൾ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top