26 April Friday

ഐപിഎൽ ക്രിക്കറ്റ്‌ ; ഗുജറാത്തിന്‌ വിജയത്തുടക്കം ; ചെന്നെെയെ 
അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


അഹമ്മദാബാദ്‌
ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടെെറ്റൻസ്‌ ജയത്തോടെ ഐപിഎൽ ക്രിക്കറ്റിന്റെ   16–-ാം സീസൺ തുടങ്ങി. ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച്‌ വിക്കറ്റിന്‌ തോൽപ്പിച്ചു.

സ്‌കോർ: ചെന്നൈ 7–-178, ഗുജറാത്ത്‌ 5–-182 (19.2).

ഓപ്പണർ ശുഭ്‌മാൻ ഗിൽ 36 പന്തിൽ 63 റൺ നേടി വിജയത്തിന്‌ അടിത്തറയിട്ടു. ആറ്‌ ഫോറും മൂന്ന്‌ സിക്‌സറും പറത്തിയ ഗിൽ, വൃദ്ധിമാൻ സാഹക്കൊപ്പം (25)  ഒന്നാം വിക്കറ്റിൽ 37 റണ്ണും സായ്‌ സുദർശനൊത്ത്‌ (22) രണ്ടാം വിക്കറ്റിൽ 53 റണ്ണുമടിച്ചു. ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ (8) വേഗം മടങ്ങി. വിജയ്‌ ശങ്കർ 21 പന്തിൽ 27 റൺ നേടി. രാഹുൽ ടെവാട്ടിയയും (14 പന്തിൽ 15) റഷീദ്‌ ഖാനും (മൂന്ന്‌ പന്തിൽ 10) വിജയമൊരുക്കി. റഷീദ് ഖാനാണ് കളിയിലെ താരം.

ഋതുരാജ്‌ ഗെയ്‌ക്ക്‌വാദിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങാണ്‌ ചെന്നൈയ്‌ക്ക്‌ പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചത്‌. 50 പന്തിൽ 92 റണ്ണാണ്‌ ഋതുരാജ്‌ അടിച്ചുകൂട്ടിയത്‌. ആകെ ഒമ്പത്‌ സിക്‌സറും നാല്‌ ഫോറുമായിരുന്നു  വലംകൈയൻ ബാറ്ററുടെ ഇന്നിങ്‌സിൽ.ടോസ്‌ നേടി പന്തെറിഞ്ഞ ഗുജറാത്തിന്‌ മികച്ച തുടക്കമാണ്‌ കിട്ടിയത്‌. ആറ്‌ പന്തിൽ ഒരു റൺ നേടിയ ഓപ്പണർ ഡെവൺ കോൺവെയുടെ വിക്കറ്റ്‌ പിഴുത്‌ ഷമി ചെന്നൈയെ ഞെട്ടിച്ചു. ഐപിഎല്ലിൽ 100 വിക്കറ്റും ഷമി തികച്ചു.

മൊയീൻ അലി 17 പന്തിൽ 23 റണ്ണെടുത്തു. അവസാന ഓവറിൽ ക്യാപ്‌റ്റൻ ധോണി (7 പന്തിൽ 14) ഒരു സിക്‌സറും ഫോറും പായിച്ച്‌ ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. ഐപിഎൽ ചരിത്രത്തിൽ 200 സിക്‌സറുകളായി ധോണിക്ക്‌. ഋതുരാജ്‌ ഒഴികെയുള്ള ബാറ്റർമാരെല്ലാം ചേർന്ന്‌ ആകെ നേടിയത്‌ 71 പന്തിൽ 78 റണ്ണായിരുന്നു. ശിവം ദുബെ (18 പന്തിൽ 19), അമ്പാട്ടി റായുഡു (12 പന്തിൽ 12), രവീന്ദ്ര ജഡേജ (2 പന്തിൽ 1) എന്നിവരെല്ലാം നിരാശപ്പെടുത്തി.ഷമി, റഷീദ്‌, അൽസാരി ജോസഫ്‌ എന്നിവർ ഗുജറാത്തിനായി രണ്ടുവീതം വിക്കറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top