കൊച്ചി
വില്ലനായെത്തിയ മഴയ്ക്ക് ആരാധകരുടെ ആവേശത്തെ തളർത്താനായില്ല. മഴമേഘങ്ങളൊഴിഞ്ഞ മാനവും കണ്ടാണ് കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലേക്ക് ആളൊഴുകിയത്. രാത്രി എട്ടോടെ കളി തുടങ്ങിയതും ആർത്തിരമ്പി മഴയെത്തിയെങ്കിലും ആവേശം പരകോടിയിലായിരുന്നു. ഐഎസ്‌എൽ 10–-ാംപതിപ്പും കളിയാരാധകർ ആഘോഷമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഹൃദയത്തിലേറ്റി ഒഴുകിയെത്തിയവർ ഒരുമിച്ചപ്പോൾ ഗ്യാലറിയിലും പുറത്തും ആവേശം തിര
തല്ലി.
മഞ്ഞ ജേഴ്‌സിയും ചായങ്ങളും അണിഞ്ഞ ആരാധകർ കൊടികളുയർത്തി ആവേശാരവങ്ങളോടെ നഗരം കീഴടക്കി. കളി തുടങ്ങുന്നതിന് മണിക്കൂറുകൾക്കുമുമ്പുതന്നെ സ്‌റ്റേഡിയവും പരിസരപ്രദേശങ്ങളിലും അവർ നിറഞ്ഞു. കാസർകോട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽനിന്ന് ഫുട്‌ബോൾ ആരാധകർ കൂട്ടത്തോടെ ബസ് പിടിച്ചും സ്വന്തം വാഹനങ്ങളിലുമായി കളി കാണാനെത്തി. പ്രതിബന്ധങ്ങൾപോലും വഴിമാറുന്ന കാഴ്‌ചകൾ. മലപ്പുറം വേങ്ങര സ്വദേശിയായ സജാദും പെരിന്തൽമണ്ണ സ്വദേശിയായ ഫാറൂഖും കളികാണാൻ എത്തിയത് വീൽചെയറിലാണ്. സജാദ് സഹോദരനും കൂട്ടുകാർക്കുമൊപ്പം ബസ് പിടിച്ച് മലപ്പുറത്തുനിന്നെത്തിയപ്പോൾ ഫാറൂഖ് കാറിലാണ് കളികാണാൻ എത്തിയത്. സജാദ് കൊച്ചിയിൽ രണ്ടാംതവണയാണ് ഐഎസ്‌എൽ മത്സരം കാണാൻ എത്തുന്നത്. ഫാറൂഖ് ഖത്തറിൽ ലോകകപ്പ് കാണാൻ പോയിരുന്നു. തൃശൂർ സ്വദേശിയായ വി ആർ രാജി കാഴ്‌ചപരിമിതി മറികടന്ന് ഭർത്താവ് വി സി ജിനേഷിനൊപ്പമാണ് കളി ആവേശത്തിന്റെ ഭാഗമായത്.
കൊച്ചി മെട്രോയിൽ ഉൾപ്പെടെ ഫുട്‌ബോൾ പ്രേമികളുടെ വൻ തിരക്കായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ജേഴ്‌സി വിൽപ്പനയും ഇഷ്‌ട ടീമിന്റെ ചായം മുഖത്ത് തേച്ച് നൽകുന്നവരും ആവേശത്തിന് പിന്തുണ നൽകി. കളി തുടങ്ങിയതോടെ ഗ്യാലറിയിൽ ആവേശം അണപൊട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..