24 April Wednesday

സ്‌പാനിഷ്‌ കപ്പൽ മൊറോക്കോ മുക്കി

ഖത്തറിൽനിന്ന്‌ 
ആർ രഞ്‌ജിത്‌Updated: Wednesday Dec 7, 2022

image credit FIFA WORLD CUP twitter


സ്‌പാനിഷ്‌ ആഡംബരക്കപ്പൽ ആഫ്രിക്കൻ കടലിന്റെ വന്യതയിൽ മുങ്ങിപ്പോയി. തിരിച്ചുവരവ്‌ സാധ്യമായില്ല. സ്‌പെയ്‌ൻ പൊലിഞ്ഞു. വീരോചിതമായ പോരാട്ടത്തിനൊടുവിൽ, ഷൂട്ടൗട്ടിൽ മൂന്ന്‌ ഗോൾ ജയത്തോടെ മൊറോക്കോ ആദ്യമായി ലോകകപ്പ്‌ ക്വാർട്ടറിലേക്ക്‌ ഉയർന്നു. നിശ്‌ചിതസമയത്തും അധികസമയത്തും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല.

ഷൂട്ടൗട്ടിൽ സ്‌പെയ്‌നിന്റെ മൂന്ന്‌ കിക്കും പാഴായി. രണ്ടെണ്ണം രക്ഷപ്പെടുത്തിയ ഗോൾകീപ്പർ യാസിനെ ബോണോ വീരനായകനായി. ആദ്യ കിക്ക്‌ പോസ്‌റ്റിൽ തട്ടിത്തെറിച്ചു. മൊറോക്കോയുടെ നാലിൽ മൂന്ന്‌ കിക്കും വലയിലെത്തി.മുൻ ചാമ്പ്യൻമാരുടെ ആടയാഭരണങ്ങൾ ഒന്നൊന്നായി ഊരിയെറിഞ്ഞ മൊറോക്കോ 120 മിനിറ്റും പ്രതിരോധപാഠങ്ങൾ പഠിപ്പിച്ചു. ഒപ്പം അവസരം കിട്ടുമ്പോൾ സ്‌പാനിഷ്‌ ഗോൾമുഖം വിറപ്പിച്ചു. ഗോൾവരവരെ നീളുന്ന പന്ത്‌ കൈമാറ്റത്തിന്റെ കണ്ണിമുറിയ്ക്കാൻ മൊറോക്കോയ്‌ക്ക്‌ സാധിച്ചതാണ്‌ സ്‌പാനിഷ്‌ വിജയം തടഞ്ഞത്‌.
ലോകകപ്പിൽ അവശേഷിക്കുന്ന ഏക ആഫ്രിക്കൻ പ്രതിനിധിയാണ്‌ മൊറോക്കോ.

കളിയുടെ മുക്കാൽപ്പങ്കും പന്ത്‌ കൈവശംവച്ച സ്‌പെയ്‌ൻ 1019 പാസും 29 ക്രോസുമാണ്‌ നൽകിയത്‌. എന്നാൽ, അവസാനശ്വാസംവരെ പിടിച്ചുനിന്ന മൊറോക്കോ, പൊരുതുന്ന ആഫ്രിക്കയുടെ അഭിമാനമായി. ലോകകപ്പ്‌ ചരിത്രത്തിൽ ക്വാർട്ടറിൽ കടക്കുന്ന നാലാമത്തെ ആഫ്രിക്കൻ ടീമാണ്‌ മൊറോക്കോ.  ബുധൻ, വ്യാഴം കളിയില്ല. വെള്ളിയും ശനിയുമാണ്‌ ക്വാർട്ടർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top