29 March Friday
മുംബെെ 374, 269; 
മധ്യപ്രദേശ് 536, 4–108

രഞ്ജി ട്രോഫി ക്രിക്കറ്റ് : മധ്യപ്രദേശിന്‌ കന്നിക്കിരീടം ; മുംബെെയെ 
ആറ് വിക്കറ്റിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

image credit bcci domestic twitter

ബംഗളൂരു
രഞ്ജി ട്രോഫിക്ക്‌ പുതിയ അവകാശികൾ. 41 തവണ ജേതാക്കളായ മുംബൈയെ ആറ്‌ വിക്കറ്റിന്‌ തകർത്ത്‌ മധ്യപ്രദേശ്‌ കന്നിക്കിരീടം ചൂടി. മുംബൈ ഉയർത്തിയ 108 റൺ വിജയലക്ഷ്യം നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ മറികടന്നു. സ്‌കോർ: മുംബൈ 374, 269 മധ്യപ്രദേശ്‌ 536, 4–-108. ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ മധ്യപ്രദേശിന്റെ ശുഭം ശർമയാണ്‌ കളിയിലെ താരം. ആറു കളിയിൽ 982 റണ്ണടിച്ച മുംബൈ മധ്യനിര ബാറ്റർ സർഫ്രാസ്‌ ഖാനാണ്‌ ടൂർണമെന്റിന്റെ താരം.

അവസാനദിനം രണ്ടാം ഇന്നിങ്‌സിൽ 2–-113 റണ്ണെന്ന നിലയിൽ ബാറ്റിങ്‌ ആരംഭിച്ച മുംബൈ തകർന്നടിഞ്ഞു. 156 റൺ കൂട്ടിച്ചേർക്കാനേ കഴിഞ്ഞുള്ളൂ. നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി ഇടംകൈയൻ സ്‌പിന്നർ കുമാർ കാർത്തികേയയാണ്‌ അവരെ തകർത്തത്‌. സുദേവ്‌ പാർകർ 51 റണ്ണടിച്ചപ്പോൾ ഒന്നാം ഇന്നിങ്‌സിൽ സെഞ്ചുറിയടിച്ച്‌ രക്ഷകനായ സർഫ്രാസിന്റെ പോരാട്ടം നീണ്ടുനിന്നില്ല. 48 പന്തിൽ 45 റണ്ണുമായി പാർഥ്‌ സഹാനിക്കുമുമ്പിൽ കീഴടങ്ങി. ആറാമനായി യശസ്വി ജയ്‌സ്വാളിനെ (1) ഇറക്കിയ തന്ത്രവും ഫലംകണ്ടില്ല. വാലറ്റത്തും ചെറുത്തുനിൽപ്പുണ്ടായില്ല. ഇതോടെ മുംബൈ 269 റണ്ണിന്‌ കൂടാരം കയറി.

108 റൺ 29.5 ഓവറിൽ മധ്യപ്രദേശ്‌ പിന്തുടർന്നു. ഹിമാൻഷു മാന്ത്രി (37), ശുഭം ശർമ (30), രജത്‌ പാടിദാർ (30*) എന്നിവർ മിന്നി. ഒന്നാം ഇന്നിങ്‌സിൽ ശുഭം, യാഷ്‌ ദുബെ, പാടിദാർ എന്നിവർ സെഞ്ചുറി കണ്ടെത്തിയിരുന്നു. ഇന്ത്യൻ താരങ്ങളായ വെങ്കിടേഷ്‌ അയ്യർ, ആവേശ്‌ ഖാൻ എന്നീ സൂപ്പർതാരങ്ങൾ ഇല്ലാതെയാണ്‌ മധ്യപ്രദേശിന്റെ രഞ്ജി നേട്ടം.

മുമ്പ്‌ 1999ലായിരുന്നു മധ്യപ്രദേശ്‌ അവസാനമായി ഫൈനലിൽ കടന്നത്‌. കർണാടകയോട്‌ തോൽക്കുകയായിരുന്നു. അന്നത്തെ ക്യാപ്റ്റൻ ചന്ദ്രകാന്ത്‌ പണ്ഡിറ്റാണ്‌ ഇപ്പോൾ മധ്യപ്രദേശ്‌ പരിശീലകൻ. മുംബൈ സ്വദേശിയായ പണ്ഡിറ്റ്‌ വിദർഭയെ തുടർച്ചയായി രണ്ട്‌ സീസണിൽ രഞ്ജി ജേതാക്കളാക്കിയിരുന്നു. ആകെ അഞ്ച്‌ കിരീടങ്ങളുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top