ഡോർട്ട്‌മുണ്ട്
ആറുമാസത്തിനുശേഷം ജർമനി സന്തോഷിച്ചു. രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ കരുത്തരായ ഫ്രാൻസിനെ 2–-1ന് തോൽപ്പിച്ച് വിജയവഴിയിൽ തിരിച്ചെത്തി. മാർച്ചിൽ പെറുവിനെ വീഴ്‌ത്തിയശേഷമുള്ള അഞ്ച് കളിയിലും ജയമറിഞ്ഞിരുന്നില്ല മുൻ ലോകചാമ്പ്യൻമാർ. ഒടുവിൽ ജപ്പാനോട് ദയനീയമായി തകർന്നടിഞ്ഞു. പിന്നാലെ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പുറത്താക്കുകയും ചെയ്‌തു. താൽക്കാലിക പരിശീലകനായ മുൻ മുന്നേറ്റക്കാരൻ റൂഡി വോളർക്ക് കീഴിലാണ് ജർമനി ഇറങ്ങിയത്. സ്വന്തംതട്ടകത്തിൽ ഫ്രാൻസിനെതിരെ അച്ചടക്കമുള്ള കളി പുറത്തെടുത്താണ് ജയം പിടിച്ചത്. തോമസ് മുള്ളറും ലിറോയ് സാനെയും ഗോളടിച്ചു. ഫ്രാൻസിനായി ഒൺട്ടോയ്‌ൻ ഗ്രീസ്‌മാൻ പെനൽറ്റിയിലൂടെ ലക്ഷ്യം കണ്ടു. കാൽമുട്ടിന് വേദന അനുഭവപ്പെട്ട സൂപ്പർതാരവും ക്യാപ്‌റ്റനുമായ കിലിയൻ എംബാപ്പെ ഇല്ലാതെയാണ് ഫ്രഞ്ചുപട കളത്തിൽ എത്തിയത്.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പുഘട്ടത്തിൽ പുറത്തായശേഷവും ജർമനിയുടെ പ്രകടനം മെച്ചപ്പെട്ടിരുന്നില്ല. ഫ്രാൻസിനെതിരെ അപ്രതീക്ഷിത പ്രകടനമായിരുന്നു. പരിക്കേറ്റ് ക്യാപ്‌റ്റൻ ഇകായ് ഗുൺഡോവൻ മടങ്ങിയിട്ടും പതറിയില്ല. നാലാംമിനിറ്റിലായിരുന്നു മുള്ളറുടെ ഗോൾ. കളിയവസാനം സാനെ ലീഡുയർത്തി. തൊട്ടുപിന്നാലെ ഗ്രീസ്‌മാൻ ഫ്രാൻസിന് ആശ്വാസം നൽകി. ഇതിനിടെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജർമനി. ബയേൺ മ്യൂണിക് പരിശീലകനായിരുന്ന യൂലിയൻ നാഗെൽസ്‌മാൻ, ഡച്ചുകാരൻ ലൂയിസ് വാൻഗാൽ എന്നിവരാണ് പ്രധാന പരിഗണനയിൽ.
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് സ്‌കോട്‌ലൻഡിനെ 3–-1ന് തകർത്തു. ഫിൽ ഫൊദെൻ, ജൂഡ് ബെല്ലിങ്‌ഹാം, ഹാരി കെയ്‌ൻ എന്നിവരാണ് വലകണ്ടത്. ഹാരി മഗ്വയറിന്റെ പിഴവുഗോളിലാണ് സ്‌കോട്ടിഷുകാർ പട്ടിക തുറന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..