25 April Thursday

എട്ടിലേക്ക് ഡച്ച് വണ്ടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

image credit FIFA World Cup twitter

ദോഹ
അത്ഭുതങ്ങളും അട്ടിമറികളൊന്നുമുണ്ടായില്ല. അമേരിക്കൻ യുവനിരയെ അച്ചടക്ക ഫുട്‌ബോളിന്റെ പാഠം പഠിപ്പിച്ച്‌ നെതർലൻഡ്‌സ്‌ ക്വാർട്ടറിലേക്ക്‌ മുന്നേറി (3–-1). പന്തടക്കത്തിലും പാസിലുമല്ലാം അമേരിക്കയായിരുന്നു മുന്നിൽ. എന്നാൽ, എങ്ങനെ ഗോളടിക്കണം എന്ന്‌ ഡച്ചുകാർ അവർക്ക്‌ കാണിച്ചുകൊടുത്തു. മെംഫിസ്‌ ഡിപെയും ഡാലി ബ്ലിൻഡും ഡെൻസൽ ഡംഫ്രിസും ലക്ഷ്യംകണ്ടു. ഒന്നടിക്കുകയും രണ്ടെണ്ണത്തിന്‌ വഴിയൊരുക്കയും ചെയ്‌തത്‌ വലതുമൂലയിൽ കൊടുങ്കാറ്റായ ഡംഫ്രിസാണ്‌. ഹാജി റൈറ്റ്‌ അമേരിക്കയുടെ ആശ്വാസംകണ്ടു. എട്ടര വർഷത്തിനുശേഷമാണ്‌ നെതർലൻഡ്‌സ്‌ ലോകകപ്പിനെത്തുന്നത്‌. 2014ൽ ബ്രസീലിൽ മൂന്നാംസ്ഥാനക്കാരായി. റഷ്യയിൽ യോഗ്യതയുണ്ടായില്ല.

അമേരിക്കൻ കടന്നാക്രമണം ഇടയ്‌ക്കെല്ലാം ഭീതി പരത്തിയെങ്കിലും അനായാസമായിരുന്നു നെതർലൻഡ്‌സ്‌ ജയം. പരിശീലകൻ ലൂയിസ്‌ വാൻ ഗാൽ ചൊല്ലിക്കൊടുത്ത നിർദേശങ്ങൾ തെറ്റില്ലാതെ കളത്തിൽ പകർത്തി ഓറഞ്ചുകാർ. തിടുക്കം കാട്ടാതെ കളിച്ചു. കൂട്ടായ കളിയുടെ ഫലമായിരുന്നു ആദ്യ ഗോൾ. പ്രതിരോധത്തിൽ തുടങ്ങി മുന്നേറ്റംവരെ കോർത്തിണക്കിയ പാസുകൾ. ഒടുവിലായി ഡംഫ്രിസിൽനിന്ന്‌ ഡിപെയിലേക്ക്‌. ബോക്‌സിനുള്ളിൽ രണ്ട്‌ അമേരിക്കൻ പ്രതിരോധക്കാർക്കുമുന്നിലൂടെ ഈ ബാഴ്‌സലോണക്കാരൻ അടി തൊടുത്തു. ഗോൾ. 20 പാസുകളാണ്‌ ഗോളിലേക്ക്‌ വഴിയൊരുക്കിയത്‌. ഈ ലോകകപ്പിൽ ലക്ഷ്യത്തിലേക്ക്‌ 10 തവണ പന്ത്‌ ഉതിർത്തപ്പോൾ ഏഴിലും ഡച്ചുകാർ ഉന്നംകണ്ടു. ഇടവേളക്കുമുമ്പ്‌ ബ്ലിൻഡിലൂടെ ലീഡുയർത്തി.

മധ്യനിരയിൽ ടെയ്‌ലർ ആദംസ്‌–-യൂനസ്‌ മൂസ–-വെസ്റ്റൺ മക്‌ക്കെന്നി ത്രയത്തിലാണ്‌ അമേരിക്കൻ നീക്കങ്ങൾ പിറന്നത്‌. ആദ്യപകുതിയിൽ ക്രിസ്റ്റ്യൻ പുലിസിച്ചിനും തിമോത്തി വിയ്യക്കും അവസരം കിട്ടിയിട്ടും മുതലാക്കാനായില്ല. രണ്ടാംപകുതി ഡച്ച്‌ മേധാവിത്വം തുടർന്നെങ്കിലും അമേരിക്ക പ്രത്യാക്രമണങ്ങളിലൂടെ മുന്നേറി. ഡച്ചുകാരുടെ പ്രതിരോധപ്പിഴവിൽനിന്നായിരുന്നു റൈറ്റിലൂടെ അമേരിക്ക തിരിച്ചടിച്ചത്‌. എന്നാൽ,  കളിയവസാനം ഡംഫ്രിസ്‌ അവരുടെ എല്ലാ മോഹങ്ങളും തച്ചുകെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top