03 July Thursday

രണ്ട്‌ മലയാളികൾക്ക്‌ അർജുന; അഭിമാനമായി എച്ച് എസ് പ്രണോയിയും എൽദോസ് പോളും, ശരത്‌ കമാലിന്‌ ധ്യാൻചന്ദ്‌ ഖേൽരത്ന

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

എച്ച്‌ എസ്‌ പ്രണോയ്‌, എൽദോസ്‌ പോൾ


ന്യൂഡൽഹി
അപ്രതീക്ഷിതമായിരുന്നില്ല എച്ച്‌ എസ്‌ പ്രണോയിയുടെയും എൽദോസ്‌ പോളിന്റെയും അർജുന പുരസ്‌കാരനേട്ടം. പ്രണോയ്‌ കഴിഞ്ഞ വർഷങ്ങളിലൊക്കെ സാധ്യതാ പട്ടികയിലുണ്ടായിരുന്നതാണ്‌. നിരാശയായിരുന്നു ഫലം. ഇക്കുറി ഈ ചെറുപ്പക്കാരന്റെ മികവിനെ കണ്ടില്ലെന്ന്‌ നടിക്കാനായില്ല. എൽദോസിന്റേത്‌ കോമൺവെൽത്ത്‌ ഗെയിംസിലെ അനുപമനേട്ടത്തിനുള്ള അംഗീകാരമായി. ലോക ടേബിൾ ടെന്നീസ്‌ വേദിയിൽ ഇന്ത്യയുടെ അഭിമാനമായ അചന്ത ശരത്‌ കമലിന്‌ മേജർ ധ്യാൻചന്ദ്‌ ഖേൽരത്‌ന പുരസ്‌കാരവും അർഹതപ്പെട്ടതായി.

കഠിനാധ്വാനത്തിനുള്ള ഫലമാണിതെന്നായിരുന്നു പ്രണോയിയുടെ പ്രതികരണം. ഏറെക്കാലമായി ആഗ്രഹിക്കുന്ന പുരസ്‌കാരം. കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനും രാജ്യം നൽകിയ അംഗീകാരമാണിത്‌. മുന്നോട്ടുള്ള പ്രയാണത്തിന്‌ ഏറെ കരുത്താകും. വളരെ സന്തോഷം. ഈ നേട്ടം കുടുംബത്തിനും പരിശീലകൻ പുല്ലേല ഗോപിചന്ദിനും സമർപ്പിക്കുന്നു–- പ്രണോയ്‌ പറയുന്നു.

ബാഡ്‌മിന്റണിൽ പുരുഷ ലോകകപ്പ്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തോമസ്‌ കപ്പിൽ പ്രണോയിയുടെ മികവിലാണ്‌ ഇന്ത്യ സ്വർണം ചൂടിയത്‌. ഇന്ത്യയുടെ മികച്ച താരവും മറ്റാരുമായിരുന്നില്ല.

കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന വലിയ സന്ദേശമായിരുന്നു എൽദോസ്‌ പോൾ ട്രിപ്പിൾ ജമ്പിലെ കോമൺവൈൽത്ത്‌ ഗെയിംസ്‌ സ്വർണണ നേട്ടത്തിലൂടെ നൽകിയത്‌. എൽദോസ്‌ പോൾ എറണാകുളം ജില്ലയിലെ രാമമംഗലം പാലയ്‌ക്കാമറ്റം ഗ്രാമത്തിലായിരുന്നു ജനിച്ചതും വളർന്നതും. നാലരവയസ്സിൽ അമ്മയെ നഷ്‌ടമായ കുട്ടി. തളരാതെ പോരാടിയാണ്  എൽദോസ് ലോക അത്ലറ്റിക്സ് വേദിയിൽ ചരിത്രമെഴുതിയത്. കോമൺവെൽത്ത്‌ ഗെയിംസിനൊപ്പം ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിയതും വലിയ നേട്ടമായി.

ശരത്‌ കമൽ ഏറെക്കാലമായി ടേബിൾ ടെന്നീസിൽ ഇന്ത്യക്കായി അഭിമാന നേട്ടങ്ങൾ കുറിക്കുന്നു. ബർമിങ്‌ഹാമിൽ നടന്ന കോമൺവെൽത്ത്‌ ഗെയിംസിൽ നാല്‌ മെഡലുകളാണ്‌ ശരത്‌ കമൽ നേടിയത്‌. അതിൽ മൂന്ന്‌ സ്വർണം. തമിഴ്‌നാട്ടുകാരനാണ്‌ ഈ നാൽപ്പതുകാരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top