തിരുവനന്തപുരം
തമ്പാനൂർ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽനിന്ന് ബുധൻ പകൽ 12.30ഓടെ പുറപ്പെട്ട കേരള എക്‌സ്‌പ്രസിന്റെ പ്രത്യേക ബോഗിയിൽ നിറയെ ആവേശമായിരുന്നു. ദേശീയ സ്‌കൂൾ ഗെയിംസിൽ തുടർച്ചയായ 23–-ാംകിരീടം നേടാനുറച്ച കേരള ടീം അംഗങ്ങളായിരുന്നു ബോഗിനിറയെ. ഈ മാസം ആറ് മുതൽ ഒമ്പതുവരെയാണ് മേള.
499 കായികതാരങ്ങളും 88 ഒഫീഷ്യൽസും ഉൾപ്പെടെ 587 പേർ ഉൾപ്പെടുന്നതാണ് കേരള ടീം. ഏഷ്യൻ യൂത്ത് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ പാലക്കാടിന്റെ അഭിറാമാണ് കേരള ടീമിനെ നയിക്കുന്നത്. ഭോപ്പാലിൽ നടക്കുന്ന അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 65 താരങ്ങളും 10 ഒഫീഷ്യൽസുമാണ് ആദ്യദിനം യാത്രതിരിച്ചത്. വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലായി ബാക്കി ടീം പുറപ്പെടും. അത്‌ലറ്റിക്‌സ് ഭോപ്പാലിലും 13 ഗെയിംസ് മത്സരങ്ങൾ ഡൽഹിയിലും ഹോക്കി, ബാഡ്‌മിന്റൺ എന്നിവ ഗ്വാളിയോറിലുമായിട്ടാണ് നടക്കുന്നത്.
ഗെയിംസിലും അത്‌ലറ്റിക്‌സിലും സീനിയർ വിഭാഗങ്ങളിൽമാത്രമാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്. കിരീടം നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തോടെയാണ് കേരള ടീം യാത്രതിരിച്ചത്. ഈവർഷം ദേശീയ സ്‌കൂൾ ഗെയിംസ് ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. മെയ് പത്തിനാണ് കേരളത്തിന് അറിയിപ്പ് ലഭിക്കുന്നത്. തുടർന്ന് മൂന്നുദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ ടീമിനുവേണ്ടി ക്യാമ്പ് നടത്തി. സംസ്ഥാന സ്‌കൂൾ ഗെയിംസിൽ ഷോട്ട്‌പുട്ട്, ഡിസ്‌കസ്‌ത്രോ എന്നിവയിൽ റെക്കേഡിട്ട അഖില രാജിന്റെ അഭാവം കേരളത്തിന് നിരാശയേകിയിട്ടുണ്ട്.
എന്നാൽ, ടീമിന് യാത്രചെയ്യാൻ ട്രെയിനുകളിൽ റിസർവേഷൻ ലഭിച്ചിരുന്നില്ല. മന്ത്രി വി ശിവൻകുട്ടി ഇടപെട്ട് കേരള എക്‌സ്‌പ്രസ്, ഹിമസാഗർ എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളിൽ പ്രത്യേക ബോഗി സജ്ജീകരിച്ചാണ് ടീമിന് യാത്രാസൗകര്യം ഒരുക്കിയത്. ആദ്യസംഘത്തെ യാത്രയാക്കാൻ മന്ത്രി തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു.
2019ൽ സ്‌കൂൾ ഗെയിംസ് ഓഫ് ഇന്ത്യയെ കേന്ദ്രസർക്കാർ സസ്‌പെൻഡ് ചെയ്‌തിരുന്നു. 2023 ജനുവരി 18നാണ് കോടതി ഉത്തരവുപ്രകാരം തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി അധികാരത്തിലെത്തിയത്. ഇത്തവണ സ്‌കൂൾ ഗെയിംസ് നടത്തുന്നില്ല എന്ന നിലപാടിലായിരുന്നു പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി. സ്‌കൂൾ, കോളേജ് അഡ്‌മിഷൻ ആരംഭിച്ചപ്പോഴാണ് സംസ്ഥാനങ്ങൾക്ക് അറിയിപ്പ് ലഭിച്ചത്. കൃത്യമായ പരിശീലനംപോലും നടത്താനാകാതെയാണ് മിക്ക സംസ്ഥാനങ്ങളും ഗെയിംസിനെത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..