28 March Thursday
കഴിഞ്ഞതവണത്തേക്കാൾ 
23 മെഡൽ കുറഞ്ഞു

ദുരന്ത ട്രാക്കിൽ കേരളം ; ട്രാക്കിൽ ഒറ്റ വ്യക്തിഗത മെഡൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

ദേശീയ ഗെയിംസ് പുരുഷന്മാരുടെ 800 മീറ്ററിൽ സർവീസസിന്റെ മലയാളി താരം പി മുഹമ്മദ് അഫ്സൽ സ്വർണത്തിലേക്ക്


ഗാന്ധിനഗർ
ദേശീയ ഗെയിംസ്‌ ട്രാക്കിൽ ഉയരുന്നത്‌ കേരളത്തിന്റെ കിതപ്പുമാത്രം. ഒറ്റവാക്കിൽ പറഞ്ഞാൽ ദയനീയം. ഇതായിരുന്നില്ല കേരളം. ഗാന്ധിനഗർ ഐഐടിയിലെ സിന്തറ്റിക് ട്രാക്കിൽ അത്‌ലറ്റിക്സ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഏക വ്യക്തിഗത മെഡൽ 400 മീറ്റർ ഹർഡിൽസിൽ ആർ ആരതിക്ക് ലഭിച്ച വെള്ളിയാണ്. 4 x 100 മീറ്റർ റിലേയിൽ വനിതകൾക്ക് സ്വർണവും പുരുഷന്മാർക്ക് വെള്ളിയും കിട്ടിയത് ആശ്വാസമായി. അത്‌ലറ്റിക്സിൽ മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും അടക്കം 11 മെഡലാണ് കിട്ടിയത്. 73.5 പോയിന്റുമായി അഞ്ചാംസ്ഥാനവും. പ്രതീക്ഷിച്ചത്‌ 15–-20 മെഡൽ.

കേരളം ആതിഥേരായ അവസാന ഗെയിംസിൽ (2015) 13 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 34 മെഡൽ കിട്ടിയിരുന്നു. 10 സ്വർണമുൾപ്പെടെ 23 മെഡലിന്റെ കുറവ്‌.
ഒന്നാമതെത്തിയ സർവീസസിന്‌ 184 പോയിന്റ്‌. തമിഴ്‌നാടും (134), ഉത്തർപ്രദേശും (110) ഹരിയാനയും (86.5) കേരളത്തിനുമുന്നിലെത്തി. പുരുഷവിഭാഗത്തിൽ ആറാംസ്ഥാനമാണ്‌. വനിതകളിൽ നാലാമതും. പതിറ്റാണ്ടുകൾ മലയാളികൾ കുത്തകയാക്കിയിരുന്ന സ്പ്രിന്റ്, മധ്യദൂര ഇനങ്ങളിൽ പൊടിപോലുമില്ലായിരുന്നു. 200 മീറ്ററിൽ പി ഡി അഞ്‌ജലിയുടെ ആറാംസ്ഥാനം, 400 മീറ്ററിൽ രാഹുൽ ബേബിയുടെ എട്ടാംസ്ഥാനം, 100 മീറ്റർ ഹർഡിൽസിൽ ആൻ റോസ് ടോമിയുടെ അഞ്ചാംസ്ഥാനം എന്നിവ നേട്ടമായി പറയേണ്ട അവസ്ഥ. പല ഇനങ്ങളിലും ഫൈനലിൽ എത്താതെ വിളറിപ്പോയി. അത്‌ലറ്റിക്‌സിൽ 44 അംഗ സംഘത്തെയാണ്‌ കേരളം അണിനിരത്തിയത്‌.

മാനം കാത്തത് ജമ്പിങ് പിറ്റ്
ജമ്പിങ് പിറ്റിൽ മോശമല്ലാത്ത പ്രകടനം നടത്താൻ കേരള താരങ്ങൾക്കായി. ലോങ്ജമ്പിൽ നയന ജയിംസും ട്രിപ്പിൾജമ്പിൽ എം വി ഷീനയും സ്വർണം ചാടിയെടുത്തു. എം ശ്രീശങ്കർ (ലോങ്ജമ്പ്), ടി ആരോമൽ (ഹൈജമ്പ്), എ ബി അരുൺ (ട്രിപ്പിൾ ജമ്പ്) എന്നിവർ വെള്ളിയും എൽ ശ്രുതിലക്ഷ്മി വെങ്കലവും നേടി.

ആശ്വാസം സർവീസസ്
ജേതാക്കളായ സർവീസസ് ടീമിനായി മെഡൽ വാരിക്കൂട്ടുന്നവരിൽ മലയാളിതാരങ്ങളും ഉണ്ടെന്നതാണ് സന്തോഷം. മലയാളിതാരങ്ങളായ മുഹമ്മദ് അഫ്സൽ (800 മീറ്റർ സ്വർണം), വി മുഹമ്മദ് അജ്മൽ (400 മീറ്റർ സ്വർണം, 200 മീറ്റർ വെള്ളി), എം പി ജാബിർ (400 മീറ്റർ ഹർഡിൽസ് വെള്ളി) തുടങ്ങിയവർ  മെഡൽ സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top