29 March Friday
ഐപിഎൽ ഫെെനൽ തേടി ഗുജറാത്തും മുംബെെയും

ചാമ്പ്യനുമുന്നിൽ ‘പുതിയ മുംബൈ’ ; ജയിക്കുന്ന ടീം ഞായറാഴ്ച ചെന്നെെയോട്

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

image credit mumbai indians twitter


അഹമ്മദാബാദ്‌
അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌ ഐപിഎൽ ക്രിക്കറ്റിൽ മറ്റൊരു ഫൈനൽകൂടി സ്വപ്‌നം കാണുന്നു. ഇന്ന്‌ നടക്കുന്ന രണ്ടാംക്വാളിഫയർ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസാണ്‌ എതിരാളികൾ. ജയിക്കുന്ന ടീം ഫൈനലിൽ കടക്കും. ഞായറാഴ്‌ച നടക്കുന്ന കലാശപ്പോരിൽ ചെന്നൈ സൂപ്പർ കിങ്‌സുമായി ഏറ്റുമുട്ടാം. ഇന്ന്‌ അഹമ്മദാബാദിലാണ്‌ കളി.

സീസണിന്റെ ആദ്യഘട്ടത്തിൽ കണ്ട മുംബൈ ടീമല്ല ഇപ്പോൾ. കെട്ടിലും മട്ടിലും മാറി. പരിചയസമ്പത്തില്ലാത്ത ബൗളിങ്‌ നിരയുമായെത്തിയ മുംബൈ അവസാനകളിയിൽ ജയിച്ചത്‌ 81 റണ്ണിനാണ്‌. പുതുനിര താരങ്ങൾ അവസരത്തിനൊത്തുയർന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സുമായുള്ള എലിമിനേറ്റർ മത്സരത്തിൽ ചാമ്പ്യൻ പ്രകടനമാണ്‌ മുംബൈ പുറത്തെടുത്തത്‌.

മറുവശത്ത്‌ ആദ്യ ക്വാളിഫയറിൽ ചെന്നൈയോട്‌ തോറ്റ ഗുജറാത്ത്‌ തുടർച്ചയായ രണ്ടാംഫൈനലാണ്‌ ലക്ഷ്യമിടുന്നത്‌. ചെന്നൈക്കെതിരെ ഗുജറാത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചെങ്കിലും സ്വന്തം തട്ടകത്തിൽ മുംബൈക്കെതിരെ ജയംകുറിക്കാമെന്ന പ്രതീക്ഷയിലാണ്‌ ഹാർദിക്‌ പാണ്ഡ്യയും സംഘവും. സീസണിലെ ഏറ്റവും മികച്ച ബൗളിങ്‌ നിരയാണ്‌ ഗുജറാത്തിന്‌.

രണ്ട്‌ തുടർ തോൽവികളോടെയായിരുന്നു മുംബൈയുടെ തുടക്കം. ആദ്യകളിയിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിനോട്‌ എട്ട്‌ വിക്കറ്റിന്‌ തോറ്റു. അടുത്തകളിയിൽ ചെന്നൈയോട്‌ ഏഴ്‌ വിക്കറ്റിനും കീഴടങ്ങി. എന്നാൽ, തുടർച്ചയായ മൂന്ന്‌ കളി ജയിച്ച്‌ മുംബൈ തിരിച്ചെത്തി. അവസാന കളിയിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ എട്ട്‌ വിക്കറ്റിന്‌ തകർത്തായിരുന്നു പ്ലേ ഓഫ്‌ ഉറപ്പാക്കിയത്‌. സീസണിൽ ആറുതവണയാണ്‌ മുംബൈ 200 റണ്ണടിച്ചത്‌. ഇതിൽ നാലുതവണ പിന്തുടർന്ന്‌ ജയിക്കുകയായിരുന്നു.

സൂര്യകുമാർ യാദവ്‌, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, തിലക്‌ വർമ, ക്യാപ്‌റ്റൻ രോഹിത്‌ ശർമ, നേഹൽ വധേര, ടിം ഡേവിഡ്‌ എന്നിവരുൾപ്പെട്ട ബാറ്റിങ്‌ നിരയാണ്‌ കരുത്ത്‌. രോഹിത്‌ ആദ്യകളികളിൽ പൂർണമായി മങ്ങിയെങ്കിലും അവസാനഘട്ടങ്ങളിൽ മിന്നി. സൂര്യകുമാറാണ്‌ ഊർജം. 15 കളിയിൽ 544 റണ്ണാണ്‌ നേടിയത്‌. ഒരു സെഞ്ചുറിയും ഉൾപ്പെടും. ഇഷാൻ കിഷൻ 454 റണ്ണടിച്ചു, ഗ്രീൻ 422ഉം.

ജസ്‌പ്രീത്‌ ബുമ്ര, ജോഫ്ര ആർച്ചെർ എന്നിവർ ഇല്ലാത്ത ബൗളിങ്‌ നിരയിൽ പുതുമുഖക്കാരൻ ആകാശ്‌ മധ്‌വാളാണ്‌ താരം. എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗവിനെതിരെ 3.3 ഓവറിൽ വെറും അഞ്ച്‌ റൺ വഴങ്ങി അഞ്ച്‌ വിക്കറ്റാണ്‌ ഇരുപത്തൊമ്പതുകാരൻ നേടിയത്‌. 21 വിക്കറ്റുമായി സ്‌പിന്നർ പീയുഷ്‌ ചൗളയാണ്‌ മുംബൈയുടെ മികച്ച വിക്കറ്റ്‌ വേട്ടക്കാരൻ. ജാസൺ ബെഹ്‌റെൻഡോർഫ്‌ 11 കളിയിൽ 14ഉം മധ്‌വാൾ ഏഴ്‌ കളിയിൽ 13ഉം വിക്കറ്റ്‌ നേടി.ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ സംഘമാണ്‌ ഗുജറാത്തിന്റേത്‌. 26 വിക്കറ്റുമായി മുഹമ്മദ്‌ ഷമിയും 25 വിക്കറ്റുമായി റഷീദ്‌ ഖാനുമാണ്‌ ബൗളർമാരുടെ പട്ടികയിൽ മുന്നിൽ. 19 വിക്കറ്റുള്ള മോഹിത്‌ ശർമയും 14 വിക്കറ്റുമായി നൂർ മുഹമ്മദും ഗുജറാത്തിന്റെ ബൗളിങ്‌ നിരയ്‌ക്ക്‌ ഇരട്ടിക്കരുത്ത്‌ നൽകുന്നു. പല കളികളും ബൗളർമാരുടെ മികവിലാണ്‌ ഗുജറാത്ത്‌ ജയിച്ചുകയറിയത്‌.

രണ്ട്‌ സെഞ്ചുറികളുമായി 722 റണ്ണടിച്ച ശുഭ്‌മാൻ ഗില്ലാണ്‌ ബാറ്റിങ്‌ നിരയിലെ വജ്രായുധം. റണ്ണടിക്കാരുടെ പട്ടികയിൽ ഒന്നാമതുള്ള ബാംഗ്ലൂർ ക്യാപ്‌റ്റൻ ഫാഫ്‌ ഡു പ്ലെസിസിനെ മറികടക്കാൻ ഒമ്പത്‌ റൺ മതി ഗില്ലിന്‌. ബാറ്റിങ്‌ നിരയിൽ ഗിൽ കഴിഞ്ഞാൽ മറ്റൊരാളില്ല എന്നതാണ്‌ ഗുജറാത്ത് നേരിടുന്ന വെല്ലുവിളി. ക്യാപ്‌റ്റൻ ഹാർദിക്കിന്‌ ഇക്കുറി ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ്‌ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 12 കളിയിൽ 301 റണ്ണുള്ള വിജയ്‌ ശങ്കറാണ്‌ ഗിൽ കഴിഞ്ഞാൽ ഗുജറാത്ത്‌ നിരയിലെ മികച്ച റണ്ണടിക്കാരൻ. അഹമ്മാബാദിലെ ബാറ്റിങ്‌ വിക്കറ്റാണ്‌. 180ന്‌ മുകളിലായിരിക്കും ടീമുകൾ ലക്ഷ്യമിടുന്ന സ്‌കോർ. ടോസ്‌ കിട്ടുന്ന ടീം ബൗളിങ്‌ തെരഞ്ഞെടുക്കാനാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top