23 April Tuesday
മുംബെെ രണ്ടാം ക്വാളിഫയറിൽ , നാളെ ഗുജറാത്തിനോട്

ലഖ്‌നൗവിനെ തീർത്ത്‌ മധ്‌വാൾ ; രണ്ടാംക്വാളിഫയറിന്‌ യോഗ്യത നേടി മുംബൈ ഇന്ത്യൻസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

image credit ipl twitter

 

ചെന്നൈ
ഐപിഎൽ ക്രിക്കറ്റ്‌ രണ്ടാംക്വാളിഫയറിന്‌ യോഗ്യത നേടി മുംബൈ ഇന്ത്യൻസ്‌. ഫൈനലിനായുള്ള പോരാട്ടത്തിൽ നാളെ ഗുജറാത്ത്‌ ടൈറ്റൻസിനെ നേരിടും. എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 81 റണ്ണിന്‌ തകർത്തു. അഞ്ച്‌ വിക്കറ്റുമായി തിളങ്ങിയ പേസർ ആകാശ്‌ മധ്‌വാളാണ്‌ മുംബൈക്ക്‌ മിന്നുംജയം നൽകിയത്‌. 3.3 ഓവറിൽ വെറും അഞ്ച്‌ റൺ വിട്ടുനൽകിയാണ്‌ മധ്‌വാൾ തിളങ്ങിയത്‌. അനിൽ കുംബ്ലെയ്‌ക്കുശേഷം ലീഗിൽ അഞ്ച്‌ റൺ വിട്ടുനൽകി അഞ്ച്‌ വിക്കറ്റെടുക്കുന്ന ആദ്യ ബൗളറായി.

സ്‌കോർ: മുംബൈ 8–-182, ലഖ്‌നൗ 101 (16.3)

ചെന്നൈയിൽ ടോസ്‌ നേടിയ മുംബൈ ക്യാപ്‌റ്റൻ രോഹിത്‌ ശർമ ബാറ്റിങ്‌ തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം പിഴച്ച മുംബൈയെ കാമറൂൺ ഗ്രീൻ (23 പന്തിൽ 41), സൂര്യകുമാർ യാദവ്‌ (20 പന്തിൽ 33) എന്നിവർ ചേർന്നാണ്‌ കരകയറ്റിയത്‌.  സ്വാധീന താരമായെത്തിയ നേഹൽ വധേരയാണ്‌ (12 പന്തിൽ 23) മുംബൈയെ 180ൽ എത്തിച്ചത്‌.

രോഹിത്‌ ശർമയും ഇഷാൻ കിഷനും ചേർന്നുള്ള ഓപ്പണിങ്‌ സഖ്യത്തിന്‌ മുംബൈക്ക്‌ മികച്ച അടിത്തറയിടാൻ സാധിച്ചില്ല. സിക്‌സറും ഫോറുമായി തുടങ്ങിയ രോഹിതിനെ (10 പന്തിൽ 11) നവീൻ ആയുഷ്‌ ബദോനിയുടെ കൈകളിലെത്തിച്ചു. ഇഷാൻ കിഷൻ (12 പന്തിൽ 15) യാഷ്‌ ഠാക്കൂറിന്റെ പന്തിൽ പുറത്തായി. സൂര്യയും ഗ്രീനും ചേർന്ന്‌ കൂറ്റൻ സ്‌കോറിലേക്ക്‌ മുംബൈയെ നയിച്ചെങ്കിലും നവീൻ ഉൾ ഹഖിന്റെ കിടയറ്റ ബൗളിങ്‌ പ്രകടനമാണ്‌ തടഞ്ഞത്‌. നവീൻ നാല്‌ വിക്കറ്റെടുത്തു.

ഗ്രീനും സൂര്യകുമാറും അതിവേഗത്തിലാണ്‌ റണ്ണടിച്ചത്‌. പത്തോവറിൽ മുംബൈ 2–-98 എന്ന നിലയിലായിരുന്നു. 200ന്‌ മുകളിൽ ലക്ഷ്യംവച്ച മുൻ ചാമ്പ്യൻമാർക്ക്‌ 11–-ാംഓവറിൽ കളിയുടെ നിയന്ത്രണം നഷ്ടമായി. നവീൻ എറിഞ്ഞ നാലാംപന്തിൽ സൂര്യകുമാർ പുറത്ത്‌. അവസാന പന്തിൽ ഗ്രീനിന്റെ കുറ്റിയും തെറിപ്പിച്ചു. ഇതോടെ മുംബൈയുടെ റണ്ണൊഴുക്ക്‌ കുറഞ്ഞു. തിലക്‌ വർമയും (22 പന്തില 26) ടിം ഡേവിഡും (13 പന്തിൽ 13) പ്രയാസപ്പെട്ടു. തിലകിനെക്കൂടി നവീൻ പുറത്താക്കിയതോടെ കൂറ്റൻ സ്‌കോർ എന്ന ലക്ഷ്യത്തിൽനിന്ന്‌ മുംബൈ അകന്നു.

മറുപടിയിൽ ജയം കൊതിച്ചെത്തിയ ലഖ്‌നൗവിനെ നിലംതൊടീച്ചില്ല മുംബൈ ബൗളർമാർ. മാർകസ്‌ സ്‌റ്റോയിനിസ്‌ (27 പന്തിൽ 40) മാത്രമാണ്‌ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്‌. ഉത്തരാഖണ്ഡിൽനിന്നുള്ള മധ്‌വാൾ എതിരാളിക്ക്‌ ഒരവസരവും നൽകിയില്ല. പ്രേരക്‌ മങ്കാദ്‌ (3), ആയുഷ്‌ ബദോനി (1), നിക്കോളാസ്‌ പുരാൻ (0), രവി ബിഷ്‌ണോയ്‌ (3), മൊഹ്‌സിൻ ഖാൻ (0) എന്നിവരെയാണ്‌ വലംകൈയൻ മടക്കിയത്‌. കൈൽ മയേഴ്‌സ്‌ 18 റണ്ണിനും ദീപക്‌ ഹൂഡ 15 റണ്ണിനും പുറത്തായി. 32 റൺ ചേർക്കുന്നതിനിടെ ഏഴ് വിക്കറ്റാണ്‌ നഷ്ടമായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top