29 March Friday
കുറസാവോയെ ഏഴ് ഗോളിന് തോൽപ്പിച്ചു

നൂറിന്റെ നിറവിൽ മെസി ; അർജന്റീന കുപ്പായത്തിൽ 
നൂറ് ഗോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

videograbbed image


ബ്യൂണസ്‌ ഐറിസ്‌
തകർപ്പൻ ഹാട്രിക്കുമായി ലയണൽ മെസിയുടെ നൂറാം ഗോൾ ആഘോഷം. കുറസാവോയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോളിലായിരുന്നു മെസിയുടെ തകർപ്പൻ പ്രകടനം. അർജന്റീന കുപ്പായത്തിൽ 100 ഗോൾ തികച്ച മുപ്പത്തഞ്ചുകാരന്‌ ഏഴ്‌ ഹാട്രിക്കുമായി. കളിയിൽ ഏഴ്‌ ഗോളിനായിരുന്നു ലോക ചാമ്പ്യൻമാരുടെ ജയം.

സാന്റിയാഗോ ഡെൽ എസ്‌റ്റെറോയിൽ എത്തിയ 42,000 കാണികൾക്ക്‌ ആഘോഷിക്കാനുള്ളതൊക്കെ മെസിയും അർജന്റീനയും നൽകി. 20–-ാംമിനിറ്റിലായിരുന്നു മെസിയുടെ ആദ്യഗോൾ. 17 മിനിറ്റിനുള്ളിൽ ഹാട്രിക്‌ പൂർത്തിയാക്കി. എൺസോ ഫെർണാണ്ടസ്‌, നിക്കോളാസ്‌ ഗൊൺസാലെസ്‌, എയ്‌ഞ്ചൽ ഡി മരിയ, ഗൊൺസാലോ മോണ്ടിയൽ എന്നിവരും ലക്ഷ്യംകണ്ടു. ലോകകപ്പിനുശേഷം തുടർച്ചയായ രണ്ടാംജയമാണ്‌ അർജന്റീനയ്ക്ക്‌. ആദ്യകളിയിൽ പനാമയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചിരുന്നു. ലോകകപ്പ്‌ നേടി 100–-ാംദിവസമാണ്‌ 100–-ാംഗോളിന്റെ വരവ്‌.

മെസിക്ക്‌ 174 കളിയിൽ 102 ഗോളായി. രാജ്യാന്തര ഫുട്‌ബോളിൽ 100 ഗോൾ കുറിക്കുന്ന മൂന്നാമത്തെ പുരുഷതാരം. പോർച്ചുഗൽ ക്യാപ്‌റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോ (122), ഇറാന്റെ അലിദേയി (109) എന്നിവരാണ്‌ ഇനി മെസിക്കുമുന്നിൽ ഉള്ളത്‌. ലാറ്റിനമേരിക്കയിൽ 100 ഗോളടിക്കുന്ന ആദ്യതാരമാണ്‌. വനിതകളിൽ ബ്രസീലിന്റെ (109) മാർത്തയുണ്ട്‌ മുന്നിൽ. അർജന്റീന കുപ്പായത്തിൽ രണ്ടാമതുള്ള ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ടയ്‌ക്ക്‌ 56 ഗോളാണ്‌.

മെസി നേടിയ ഗോളുകളിൽ 46 എണ്ണം സൗഹൃദ മത്സരങ്ങളിൽനിന്നാണ്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ടിൽ 28 ഗോളടിച്ചു. ഇതിൽ ഇക്വഡോറിനെതിരെ 2017ൽ നേടിയ ഹാട്രിക്കും ഉൾപ്പെടും. കോപ അമേരിക്ക ടൂർണമെന്റിൽ 13 ഗോൾ. ലോകകപ്പിൽ 26 കളികളിൽനിന്നായി 13 ഗോൾ.

2005 ആഗസ്‌തിൽ ഹംഗറിക്കെതിരെയായിരുന്നു അരങ്ങേറ്റം. ആ കളിയിൽ 2–-1ന്‌ അർജന്റീന ജയിച്ചെങ്കിലും മെസി ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. ഒരു വർഷത്തിനുശേഷമായിരുന്നു ആദ്യ ഗോൾ,  ക്രൊയേഷ്യക്കെതിരെ. 18–-ാംവയസ്സിലായിരുന്നു ലോകകപ്പ്‌ അരങ്ങേറ്റം. 2006 ലോകകപ്പിൽ സെർബിയക്കെതിരെ ആദ്യമായി ഇറങ്ങി.

2021ൽ അർജന്റീനയെ കോപ അമേരിക്ക ചാമ്പ്യൻമാരാക്കി. പിന്നാലെ ഇറ്റലിയെ തോൽപ്പിച്ച്‌ ഫൈനലിസിമ ചാമ്പ്യൻമാരായി. ലോകകപ്പ്‌ ഫൈനലിൽ ഫ്രാൻസിനെതിരെ രണ്ട്‌ ഗോളും നേടി. ലോകകപ്പിന്റെ മികച്ച താരവുമായി. പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിലാണ്‌ മെസി കളിജീവിതത്തിൽ 800 ഗോൾ പൂർത്തിയാക്കുന്നത്‌. അർജന്റീനയ്‌ക്കായി 99ഉം തികച്ചു.

കുറസാവോയുമായുള്ള കളിയിൽ ജിയാവാനി ലോ സെൽസോയുടെ തകർപ്പൻ നീക്കത്തിൽനിന്നായിരുന്നു ഈ മുപ്പത്തഞ്ചുകാരൻ 100–-ാംഗോൾ തികച്ചത്‌. പിന്നാലെ ഗൊൺസാലെസിന്റെ ഹെഡർ കുറസാവോ ഗോൾകീപ്പറെ മറികടന്നു. 10 മിനിറ്റ്‌ തികയുംമുമ്പ്‌ മെസിയുടെ രണ്ടാംഗോൾ. ഇക്കുറി ഗൊൺസാലെസ്‌ അവസരമൊരുക്കി. ലൊ സെൽസോയുടെ നീക്കത്തിൽ മെസി ഹാട്രിക്കും പൂർത്തിയാക്കി. ഡി മരിയ പകരക്കാരനായാണ്‌ എത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top