26 April Friday
ഗുസ്‌തി താരങ്ങൾക്ക്‌ പിന്തുണയുമായി 1983 ൽ ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം അംഗങ്ങൾ

ദുഃഖമുണ്ട് ഈ ദുരവസ്ഥയിൽ ; ‘കപിലിന്റെ ചെകുത്താൻമാർ’ പറയുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


ന്യൂഡൽഹി
ഇന്ത്യ ആദ്യമായി ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടിയിട്ട്‌ നാലുപതിറ്റാണ്ട്‌. അഭിമാനനേട്ടത്തിന്‌ ഈമാസം 25ന്‌ 40 വർഷം പൂർത്തിയാകാനിരിക്കെ ടീം ഒരു സങ്കടത്തിനൊപ്പമാണെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചു. ലൈംഗികാതിക്രമം നടത്തിയ ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണെതിരെ സമരം നടത്തുന്ന താരങ്ങളെ തല്ലിച്ചതച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ടീം ഒന്നാകെ രംഗത്തെത്തി. രാജ്യത്തിന്റെ അഭിമാനതാരങ്ങളെ സമാനതകളില്ലാത്തതരത്തിൽ തല്ലിച്ചതച്ചത്‌ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതായി കളിക്കാർ പ്രസ്‌താവനയിൽ വ്യക്തമാക്കി.

‘ഇതൊരു ദുരവസ്ഥതന്നെ. ഗുസ്‌തി ചാമ്പ്യൻമാരാണ്‌ തെരുവിൽ കൈകാര്യം ചെയ്യപ്പെട്ടത്‌. അതുണ്ടാക്കുന്ന അസ്വസ്ഥത ചെറുതല്ല. അവർക്ക്‌ കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനം ആശങ്കയുളവാക്കുന്നു. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും നേടിയെടുത്ത മെഡലുകളാണ്‌. മനക്കരുത്തിന്റെയും ദൃഢനിശ്‌ചയത്തിന്റെയും ഫലം. ആ മെഡലുകൾ അവരുടെമാത്രമല്ല, രാജ്യത്തിന്റെയാകെ അഭിമാനവും സന്തോഷവുമാണ്‌’. കടുത്ത തീരുമാനങ്ങളിലേക്ക്‌ പോകരുതെന്ന്‌ അഭ്യർഥിച്ച ടീം അംഗങ്ങൾ താരങ്ങളുടെ പരാതി ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും പങ്കുവച്ചു. രാജ്യത്തിന്റെ നിയമവ്യവസ്ഥ വിജയിക്കട്ടെയെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ലോക രാജാക്കന്മാരായിരുന്ന വെസ്‌റ്റ്‌ഇൻഡീസിനെ 43 റണ്ണിന്‌ കീഴടക്കിയാണ്‌ ഇതിഹാസതാരം കപിൽദേവിന്റെ നായകത്വത്തിൽ ഇന്ത്യ ജേതാക്കളായത്‌. അവിശ്വസനീയജയം നേടിയ ടീം ‘കപിലിന്റെ ചെകുത്താൻമാർ’ എന്നറിയപ്പെട്ടു. വ്യക്തിപരമായി ഒന്നും പറയുന്നില്ലെന്നും ടീം ഒന്നാകെ നൽകിയ പ്രസ്താവനയിൽ നിലകൊള്ളുന്നുവെന്നും കപിൽദേവ്‌ പ്രതികരിച്ചു.

കപിലിനുപുറമെ നിലവിലെ ബിസിസിഐ പ്രസിഡന്റ്‌ റോജർ ബിന്നി, സുനിൽ ഗാവസ്‌കർ, മൊഹീന്ദർ അമർനാഥ്, കെ ശ്രീകാന്ത്, സയ്യിദ് കിർമാണി, യശ്പാൽ ശർമ, മദൻ ലാൽ, ബൽവീന്ദർ സിങ് സന്ധു, സന്ദീപ് പാട്ടീൽ, കീർത്തി ആസാദ് എന്നിവരായിരുന്നു ഫൈനൽ കളിച്ച ഇന്ത്യൻ സംഘം. ദിലീപ്‌ വെങ്സർക്കാർ, രവി ശാസ്‌ത്രി, സുനിൽ വാസൻ എന്നിവരും ലോകകപ്പ്‌ ടീമിലുണ്ടായിരുന്നു. ഗുസ്‌തി താരങ്ങളെ പിന്തുണയ്‌ക്കാൻ പ്രമുഖ ക്രിക്കറ്റ്‌ താരങ്ങൾ തയ്യാറാകാത്തതിൽ വിമർശം കനക്കുമ്പോഴാണ്‌ 1983 സംഘത്തിന്റെ പ്രതികരണം.

സച്ചിൻ ടെണ്ടുൽക്കർ അടക്കള്ള പ്രമുഖർ മൗനം തുടരുകയാണ്‌. അനിൽ കുബ്ലെ, ഇർഫാൻ പഠാൻ, റോബിൻ ഉത്തപ്പ തുടങ്ങി വിരലിൽ എണ്ണാവുന്നവർമാത്രമാണ്‌  പിന്തുണച്ചിട്ടുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top