മ്യൂണിക്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ മങ്ങിയ പ്രകടനം നടത്തുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് മറ്റൊരു അഗ്നിപരീക്ഷ. ചാമ്പ്യൻസ് ലീഗിലെ ആദ്യകളിയിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ എതിരിടാനൊരുങ്ങുകയാണ്. സീസണിൽ കളിച്ച അഞ്ചിൽ മൂന്നിലും തോറ്റ യുണൈറ്റഡ് പ്രീമിയർ ലീഗിൽ 13–-ാംസ്ഥാനത്താണ്. ബയേണാകട്ടെ ജർമനിയിൽ കളിച്ച നാലിൽ മൂന്നും ജയിച്ച് രണ്ടാമതുണ്ട്. മറ്റു മത്സരങ്ങളിൽ മുൻചാമ്പ്യൻമാരായ റയൽ മാഡ്രിഡ് രാത്രി 10.15ന് യൂണിയർ ബർലിനുമായി ഏറ്റുമുട്ടും. അഴ്‌സണൽ പിഎസ്‌വി ഐന്തോവനെയും ഇന്റർ മിലാൻ റയൽ സോസിഡാഡിനെയും നേരിടും. മത്സരങ്ങൾ രാത്രി 12.30നാണ്.
ലോകോത്തര താരനിരയുണ്ടായിട്ടും ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് യുണൈറ്റഡിന്റേത്. ഒരുമയില്ലാത്ത കളി തോൽവി ക്ഷണിച്ചുവരുത്തി. ആർക്കും ഏത് നിമിഷവും ഗോളടിക്കാനാകുന്ന പ്രതിരോധമായി മാറി. അവസാന കളിയിൽ ബ്രൈറ്റണോട് 3–-1നാണ് തകർന്നടിഞ്ഞത്. അഞ്ച് കളിയിൽ 10 ഗോൾ വഴങ്ങി. അടിച്ചത് ആറെണ്ണം മാത്രം. കാസെമിറോ, ബ്രൂണോ ഫെർണാണ്ടസ്, മാർകസ് റഷ്‌ഫഡ് തുടങ്ങിയ പ്രധാനികൾക്കൊന്നും മികവ് കണ്ടെത്താനായിട്ടില്ല.
ടോട്ടനം ഹോട്‌സ്‌പറിൽനിന്ന് കൂടുമാറിയ ഹാരി കെയ്‌നിന്റെ കരുത്തിലാണ് ബയേൺ എത്തുന്നത്. യുണൈറ്റഡിനെ നന്നായി അറിയാവുന്ന പരിശീലകൻ തോമസ് ടുഷെലിന്റെ തന്ത്രങ്ങളിലും അവർ ആത്മവിശ്വാസത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..