28 March Thursday

സാമ്പത്തികനിയമം തെറ്റിച്ചു ; സിറ്റി കുരുക്കിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോളിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റിയുടെ നില പരുങ്ങലിൽ. സാമ്പത്തിക നിയമങ്ങൾ തെറ്റിച്ചതിന്‌ സിറ്റിക്കുമേൽ പ്രീമിയർ ലീഗ്‌ കുറ്റം ചാർത്തി. സ്വതന്ത്ര അന്വേഷണ കമീഷന്റെ റിപ്പോർട്ട്‌ പ്രകാരം 2009 മുതൽ 2018 വരെയുള്ള കാലയളവിൽ നൂറിൽക്കൂടുതൽ സാമ്പത്തിക നിയമങ്ങൾ തെറ്റിച്ചതായാണ്‌ വിവരം. സിറ്റി അന്വേഷണത്തിൽ സഹകരിച്ചില്ലെന്ന ആരോപണവും ഉന്നയിച്ചു.

പിഴശിക്ഷ, പോയിന്റ്‌ കുറയ്ക്കൽ, ലീഗിൽനിന്ന്‌ പുറത്താക്കൽ, താരകൈമാറ്റ വിലക്ക്‌ തുടങ്ങിയ ശിക്ഷകളാണ്‌ സിറ്റിയെ കാത്തിരിക്കുന്നത്‌. ഒരു കുറ്റവും ചെയ്‌തില്ലെന്നാണ്‌ സിറ്റിയുടെ പ്രതികരണം. 2008ലാണ്‌ അബുദാബി യുണൈറ്റഡ്‌ ഗ്രൂപ്പ്‌ സിറ്റിയെ ഏറ്റെടുക്കുന്നത്‌. അതിനുശേഷം ആറ്‌ പ്രീമിയർ ലീഗ്‌ കിരീടങ്ങൾ ക്ലബ് നേടി.

ക്ലബ്ബിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകിയില്ല എന്നതാണ്‌ പ്രധാന കുറ്റം. പരസ്യവരുമാനവും നടത്തിപ്പുചെലവും ഉൾപ്പെട്ട ക്ലബ്ബിന്റെ വരുമാനസ്ഥിതിയാണ്‌ ഇതിലുള്ളത്‌. 2009–-10, 2012–-13 സീസണിൽ പരിശീലകന്‌ നൽകിയ ശമ്പളവും 2010–-11, 2015–-16 സീസണുകളിൽ കളിക്കാർക്ക്‌ നൽകിയ ശമ്പളവും ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും നൽകുന്നതിലും വീഴ്‌ച വരുത്തി. യുവേഫയുടെ സാമ്പത്തിക അച്ചടക്കനിയമവും ലംഘിച്ചു. 2020 യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിൽ സിറ്റിക്ക്‌ ഏർപ്പെടുത്തിയ രണ്ടുവർഷ വിലക്ക്‌ കായിക തർക്കപരിഹാര കോടതി റദ്ദാക്കിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top