20 April Saturday

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റി ചാമ്പ്യന്‍മാര്‍

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

www.facebook.com/mancity

ലണ്ടൻ>  മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ ചാമ്പ്യൻമാർ. തുടർച്ചയായ മൂന്നാംതവണയാണ്‌ പെപ്‌ ഗ്വാർഡിയോളയും സംഘവും ഇംഗ്ലണ്ടിൽ കിരീടമുയർത്തുന്നത്‌. രണ്ടാമതുള്ള അഴ്‌സണൽ നോട്ടിങ്‌ഹാം ഫോറസ്റ്റിനോട്‌ ഒരു ഗോളിന്‌ തോറ്റതോടെയാണ്‌ മൂന്നുകളി ബാക്കിനിൽക്കേ സിറ്റി ഉറപ്പിച്ചത്‌. 35 കളിയിൽ 85 പോയിന്റാണ്‌. സീസണിന്റെ തുടക്കം മുന്നേറിയ അഴ്‌സണലിന്‌ മുപ്പത്തേഴിൽ 81. ആകെ 38 മത്സരമാണ്‌ ലീഗിൽ. ഇന്ന്‌ സിറ്റി സ്വന്തംതട്ടകമായ ഇത്തിഹാദിൽ ചെൽസിയെ നേരിടുന്നുണ്ട്‌.

ഈ സീസണിൽ മൂന്ന്‌ ട്രോഫിയാണ്‌ ഗ്വാർഡിയോളയും സിറ്റിയും ആഗ്രഹിക്കുന്നത്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനലിൽ ജൂൺ 10ന്‌ ഇന്റർ മിലാനെ നേരിടും. എഫ്‌എ കപ്പ്‌ കലാശപ്പോരിൽ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ എതിരാളി. ജൂൺ മൂന്നിനാണ്‌ കളി. 2016ൽ ഗ്വാർഡിയോള പരിശീലകനായശേഷമുള്ള അഞ്ചാംപ്രീമിയർ ലീഗാണ്‌ സിറ്റി ഉയർത്തിയത്‌. അവസാന ആറ്‌ സീസണിൽ അഞ്ചിലും ജേതാക്കളായി. സ്‌പാനിഷുകാരനുകീഴിൽ ആകെ 12 ട്രോഫികളുണ്ട്‌ സിറ്റിക്ക്‌. പട്ടികയിൽ 16-ാം സ്ഥാനത്തുള്ള നോട്ടിങ്‌ഹാം അഴ്‌സണലിനെതിരെ തകർപ്പൻ കളി പുറത്തെടുത്തു. തൈവോ അവോനിയാണ്‌ ആദ്യപകുതിയിൽ വിജയഗോൾ നേടിയത്‌. മറ്റ്‌ മത്സരങ്ങളിൽ  മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ജയിച്ചപ്പോൾ ലിവർപൂൾ സമനില വഴങ്ങി. ടോട്ടനം ഹോട്‌സ്‌പർ തോറ്റു.

ബോണിമൗത്തിനെ ഒറ്റ ഗോളിന്‌ തോൽപ്പിച്ചതോടെ യുണൈറ്റഡ്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ യോഗ്യതയ്‌ക്കരികെയെത്തി. നാലാംസ്ഥാനത്ത്‌ 69 പോയിന്റായി. അഞ്ചാമതുള്ള ലിവർപൂൾ ആസ്റ്റൺവില്ലയോട്‌ 1–-1ന്‌ വഴങ്ങിയതാണ്‌ യുണൈറ്റഡിന്‌ തുണയായത്‌. 37 കളിയിൽ 66 പോയിന്റാണ്‌ ലിവർപൂളിന്‌. ഒരു കളിയാണ്‌ ബാക്കി. യുണൈറ്റഡിന്‌ രണ്ടുമത്സരം ശേഷിക്കുന്നുണ്ട്‌. മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്‌പറിനെ ബ്രെന്റ്‌ഫോർഡ്‌ 3–-1ന്‌ തകർത്തു. ലിവർപൂൾ  പകരക്കാരനായെത്തിയ റോബർട്ടോ ഫിർമിനോയുടെ ഗോളിലാണ്‌ വില്ലയെ പിടിച്ചത്‌. ടീം വിടുന്ന ബ്രസീലുകാരന്റെ ആൻഫീൽഡിലെ അവസാന മത്സരമായിരുന്നു ഇത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top