29 March Friday

ഗോൾ ഫീൽഡ്‌; മാഞ്ചസ്റ്ററിനെ 7–0ന് തകർത്ത് ലിവർപൂൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

ലണ്ടൻ> ആൻഫീൽഡ്‌ ഗോൾ ഫീൽഡായി. അവിടെ ലിവർപൂൾ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ അപമാനത്തിൽ മുക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിനെതിരെ ഏഴ്‌ ഗോളിനായിരുന്നു ലിവർപൂളിന്റെ ജയം. യുണൈറ്റഡിനെതിരെ അവരുടെ ഏറ്റവും മികച്ച ജയം. സീസണിൽ പതറിനിന്ന ലിവർപൂളിന്റെ അതിമനോഹര തിരിച്ചുവരവാണ്‌, അവരുടെ സ്വന്തം തട്ടകമായ ആൻഫീൽഡിൽ കണ്ടത്‌. ചാമ്പ്യൻസ്‌ ലീഗിൽ റയൽ മാഡ്രിഡിനോട്‌ തോറ്റതിന്റെ ക്ഷീണം മാറ്റുന്നതായിരുന്നു യുണൈറ്റഡിനെതിരെ യുർഗൻ ക്ലോപ്പിന്റെയും സംഘത്തിന്റെയും പ്രകടനം. ജയത്തോടെ പ്രീമിയർ ലീഗ്‌ പട്ടികയിൽ ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്ന്‌ അഞ്ചാമതെത്തി. നാലാമതുള്ള ടോട്ടനം ഹോട്‌സ്‌പറിനെക്കാൾ മൂന്ന്‌ പോയിന്റ്‌മാത്രം പിന്നിൽ. ലിവർപൂളിന്‌ ഒരു മത്സരം കുറവാണ്‌.

എറിക്‌ ടെൻ ഹാഗിനുകീഴിൽ ഉയിർപ്പ്‌ തേടുന്ന യുണൈറ്റഡിന്‌ ഓർക്കാപ്പുറത്തേറ്റ അടിയായി ഈ തോൽവി. ആറുവർഷത്തിനിടെ ആദ്യമായി ഒരു കിരീടം നേടിയ യുണൈറ്റഡ്‌ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. ഈ സീസണിൽ സ്വന്തം തട്ടകത്തിൽ ലിവർപൂളിനെ തോൽപ്പിച്ചിരുന്നു. എന്നാൽ, ആൻഫീൽഡിൽ ടെൻ ഹാഗിന്റെ തന്ത്രങ്ങളൊന്നും ഏശിയില്ല. രണ്ടാംപകുതിയിലായിരുന്നു ലിവർപൂളിന്റെ കടന്നാക്രമണം. ആറ്‌ ഗോളുകൾ രണ്ടാംപകുതിയിലായിരുന്നു. മുഹമ്മദ്‌ സലാ, കോഡി ഗാക്‌പോ, ഡാർവിൻ ന്യൂനെസ്‌ എന്നിവർ ഇരട്ടഗോളടിച്ചപ്പോൾ ഒരെണ്ണം റോബർട്ടോ ഫിർമിനോയുടെ കാലിൽനിന്നായിരുന്നു.

കളിയുടെ തുടക്കം മാഞ്ചസ്‌റ്റർ യുണൈറ്റഡിനായിരുന്നു നിയന്ത്രണം. ബ്രൂണോ ഫെർണാണ്ടസിനും മാർകസ്‌ റാഷ്‌ഫഡിനും അവസരങ്ങൾ മുതലാക്കാനായില്ല. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ലിവർപൂളിന്റെ ആദ്യ നീക്കം. ആൻഡി റോബെർട്‌സൺ നൽകിയ പന്തുമായി ഇടതുപാർശ്വത്തിൽ കുതിച്ച ഗാക്‌പോ യുണൈറ്റഡ്‌ പ്രതിരോധനിരയെ ഒന്നടങ്കം നിഷ്‌പ്രഭരാക്കി ഗോളടിച്ചു.

തിരിച്ചടിക്കാമെന്ന പ്രതീക്ഷയിൽ ഇടവേള കഴിഞ്ഞെത്തിയ യുണൈറ്റഡിന്‌ ശ്വാസമെടുക്കാൻ സമയം കിട്ടിയില്ല. റാഫേൽ വരാനെയും ദ്യേഗോ ദാലോട്ടും ഉൾപ്പെട്ട പ്രതിരോധം ആടിയുലഞ്ഞു. സലായുടെ ഓരോ നീക്കവും അവരെ ഭയപ്പെടുത്തി. സലായുടെ പാസിൽ ഹാർവി എല്ലിയട്ട്‌ ക്രോസ്‌ തൊടുത്തപ്പോൾ ന്യൂനെസിന്റെ തലയ്‌ക്കത്‌ പാകമായി. ഗോൾകീപ്പർ ഡേവിഡ്‌ ഡെഗെയക്ക്‌ ഒന്നും ചെയ്യാനുണ്ടായില്ല.

ലിസാൻഡ്രോ മാർട്ടിനെസിനെ കബളിപ്പിച്ച്‌ സലാ പന്തൊഴുക്കിയപ്പോൾ ഗാക്‌പോ അതിനെ മനോഹരമായി വലയിലെത്തിച്ചു. അടുത്തത്‌ സലായുടെ ഊഴം. ക്രോസ്‌ ബാറിൽ തട്ടി വലയിലേക്ക്‌. പിന്നാലെ ജോർദാൻ ഹെൻഡേഴ്‌സൻെറ ക്രോസിൽ ന്യൂനെസിന്റെ മറ്റൊരു ഹെഡർ. യുണൈറ്റഡ്‌ ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ സലാ തന്റെ രണ്ടാംഗോളും പൂർത്തിയാക്കി. കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയാണ്‌ ഫിർമിനോ ലിവർപൂളിന്റെ ഏഴാം ഗോൾ തൊടുത്തത്‌.
കഴിഞ്ഞ സീസണിൽ 5–-0നും 4–-0നുമായിരുന്നു ലിവർപൂളിന്റെ ജയങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top