20 April Saturday
ബാഴ്‌സയെ വീഴ്‌ത്തി ബിൽബാവോ സ്‌പാനിഷ്‌ സൂപ്പർകപ്പ്‌ ചാമ്പ്യൻമാർ

മെസിക്ക്‌ ചുവപ്പ്‌ കാർഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

image credit soccer.ru


മാഡ്രിഡ്‌
ബാഴ്‌സലോണ കുപ്പായത്തിൽ ലയണൽ മെസിക്ക്‌ ആദ്യമായി ചുവപ്പ്‌ കാർഡ്‌. 753–-ാം കളിയിലാണ്‌ ബാഴ്‌സ ക്യാപ്‌റ്റൻ മോശം പെരുമാറ്റത്തെ തുടർന്ന്‌ കാർഡ്‌ കണ്ട്‌ കളം വിട്ടത്‌. സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോൾ ഫൈനലിൽ അത്‌ലറ്റിക്‌ ബിൽബാവോയ്‌ക്കെതിരെയാണ്‌ മെസിക്ക്‌ കാർഡ്‌ ലഭിച്ചത്‌. അധികസമയംവരെ നീണ്ട കളിയിൽ ബാഴ്‌സയെ 3–-2ന്‌ വീഴ്‌ത്തി ബിൽബാവോ ചാമ്പ്യൻമാരായി.

കളിജീവിതത്തിൽ മെസിയുടെ മൂന്നാം ചുവപ്പ്‌ കാർഡാണിത്‌. ഇതിനുമുമ്പ്‌ അർജന്റീന കുപ്പായത്തിലായിരുന്നു. ആദ്യത്തേത്‌ 2005ൽ ഹംഗറിക്കെതിരായ അരങ്ങേറ്റത്തിൽ. പിന്നീട്‌ കഴിഞ്ഞ കോപയിൽ ചിലിക്കെതിരെയും. കളിയവസാനം ബിൽബാവോ മുന്നേറ്റക്കാരൻ ആസിയെർ വിയാലിബ്രെയെ വലംകൈ കൊണ്ട്‌ തലയ്‌ക്കടിച്ചതിനാണ്‌ റഫറി കാർഡ്‌ വീശിയത്‌. ഓസ്‌കാർ ഡെ മാർകോസും വിയാലിബ്രെയുമാണ്‌ ബിൽബാവോയ്‌ക്കായി നിശ്ചിതസമയം ഗോളുകൾ നേടിയത്‌. ബാഴ്‌സയ്‌ക്കായി ഒൺടോയ്‌ൻ ഗ്രീസ്‌മാൻ രണ്ടടിച്ചു. അധികസമയം ഇനാകി വില്ല്യംസിന്റെ മനോഹര ഗോൾ കളിയുടെ വിധിയെഴുതി.
1985നുശേഷം ആദ്യമായാണ്‌ ബിൽബാവോ കിരീടം നേടുന്നത്‌. കഴിഞ്ഞ സീസണിൽ ഒറ്റ കിരീടവുമില്ലാതെ അവസാനിപ്പിച്ച ബാഴ്‌സയുടെ കാത്തിരിപ്പ്‌ തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top