19 April Friday
വാൻ ഗാലിനോട്‌ ചെയ്‌തതിൽ കുറ്റബോധം

‘ആ രാത്രി അങ്ങനെ സംഭവിക്കരുതായിരുന്നു’ ; ലോകകപ്പിനുശേഷം ലയണൽ മെസി മനസ്സ്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെതിരായി ഗോളടിച്ചശേഷം കോച്ച് വാൻ ഗാലിനെതിരെ ആംഗ്യം കാട്ടുന്ന ലയണൽ മെസി image credit fifa.com


പാരിസ്‌
ഖത്തർ ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ മത്സരത്തിനിടെ സംഭവിച്ച കാര്യങ്ങളിൽ പശ്‌ചാത്താപമുണ്ടെന്ന്‌ ലയണൽ മെസി. 73–-ാംമിനിറ്റിൽ അർജന്റീനയ്‌ക്കായി ഗോൾ നേടിയശേഷം ഡച്ച്‌ പരിശീലകൻ ലൂയിസ്‌ വാൻ ഗാലിനുനേരെ മെസി പ്രതിഷേധമെന്നരീതിയിൽ ആംഗ്യം കാട്ടിയിരുന്നു. രണ്ട്‌ ചെവിയിലും കൈകൾവച്ച്‌ വാൻ ഗാലിനുനേരെ തിരിയുകയായിരുന്നു. സഹപരിശീലകൻ എഡ്‌ഗാർ ഡേവിഡ്‌സിനോട്‌ വാക്കുതർക്കമുണ്ടായി. മത്സരശേഷം ഡച്ച്‌ മുന്നേറ്റക്കാരൻ വൂട്ട്‌ വെഗോസ്‌റ്റിനോട്‌ കയർത്തു.

വാൻ ഗാൽ ബഹുമാനം നൽകിയില്ല എന്നായിരുന്നു അന്ന്‌ മെസി കാരണമായി പറഞ്ഞത്‌. 2014 ലോകകപ്പ് സെമിയിൽ മെസിക്ക്‌ പന്ത്‌ തൊടാനായില്ലെന്ന വാൻ ഗാലിന്റെ പ്രതികരണമാണ്‌ അർജന്റീന ക്യാപ്‌റ്റനെ പ്രകോപിപ്പിച്ചത്‌. മത്സരത്തിനിടെ നടന്ന സംഭവത്തിൽ കുറ്റബോധമുണ്ടായെന്ന്‌ മെസി അഭിമുഖത്തിൽ പറഞ്ഞു. ‘എന്താണോ ഞാൻ അവിടെ ചെയ്‌തത്‌, അത്‌ ഞാൻ ഇഷ്ടപ്പെടുന്നില്ല. അതിനുശേഷം സംഭവിച്ചതിലും അങ്ങനെതന്നെ. ഒരുപാട്‌ സമ്മർദങ്ങൾക്കും മാനസിക പിരിമുറുക്കങ്ങൾക്കും ഇടയിലാണ്‌ കളിക്കുന്നത്‌. ആ സമയത്തെ മത്സരച്ചൂടിലെ പ്രതികരണമായിരുന്നു അതൊക്കെ. അറിഞ്ഞുകൊണ്ടല്ല. എല്ലാം സംഭവിച്ചുപോയതാണ്‌–- അർജന്റീനയുടെ ലോകകപ്പ്‌ വിജയത്തിനുശേഷം ആദ്യമായി മെസി മനസ്സ്‌ തുറന്നു. 

ഫ്രാൻസുമായുള്ള ഫൈനൽ പോരാട്ടത്തേക്കാൾ കഠിനമായത്‌ ഗ്രൂപ്പുഘട്ടത്തിൽ മെക്‌സിക്കോയുമായുള്ള കളിയായിരുന്നുവെന്നും മുപ്പത്തഞ്ചുകാരൻ പറഞ്ഞു. ആദ്യ കളിയിൽ സൗദി അറേബ്യയോട്‌ തോറ്റശേഷം തകർന്നുപോയ അർജന്റീനയ്‌ക്ക്‌ മെക്‌സിക്കോയായിരുന്നു അടുത്ത എതിരാളി. മെസിയുടെ ഗോളിലാണ്‌ അർജന്റീന കെട്ടുപൊട്ടിച്ചത്‌. കളി രണ്ട്‌ ഗോളിന്‌ ജയിച്ചു.

ലോകകപ്പിനുശേഷം ജീവിതം മാറിമറിഞ്ഞതായും പിഎസ്‌ജി താരം പറഞ്ഞു. ‘ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമായിരുന്നു ലോകകപ്പ്‌ നേട്ടം. ഞാൻ സ്വപ്‌നംകണ്ടതുപോലെ ദേശീയ ടീമിനൊപ്പം എല്ലാം നേടി. എന്റെ കളിജീവിതത്തിലും വ്യക്തിജീവിതത്തിലും ആഗ്രഹിച്ചതൊക്കെ കിട്ടി. കളിജീവിതത്തിന്റെ അവസാനഘട്ടത്തിലാണ്‌ എല്ലാം സംഭവിച്ചത്‌. കോപയും ലോകകപ്പും ഞങ്ങൾ ജയിച്ചു. ഇനിയൊന്നും നേടാനില്ല. ഒന്നിനോടും പരാതിയില്ല. കൂടുതലൊന്നും ആവശ്യപ്പെടാനുമില്ല–- മെസി പറഞ്ഞു.

ഇതിഹാസതാരം ദ്യേഗോ മാറഡോണയെയും അനുസ്‌മരിച്ചു. ‘ലോകകപ്പ്‌ മാറഡോണയുടെ കൈയിൽനിന്ന്‌ ഏറ്റുവാങ്ങണമെന്നായിരുന്നു ആഗ്രഹം. എല്ലാം കാണാനെങ്കിലും അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന്‌ ആശിച്ചുപോയി–- മെസി വ്യക്തമാക്കി. ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ്‌ അർജന്റീന ചാമ്പ്യൻമാരായത്‌. മെസിയായിരുന്നു മികച്ചതാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top