12 July Saturday

ഇതാ കത്തുന്ന കൊറിയ ; ഉറുഗ്വേയും ഘാനയും പുറത്ത്

ഖത്തറിൽനിന്ന്‌ 
ആർ രഞ്‌ജിത്‌Updated: Saturday Dec 3, 2022

പോർച്ചുഗലിനെ തോൽപ്പിച്ച ദക്ഷിണകൊറിയൻ താരങ്ങളുടെ ആഘോഷം image credit FIFA WORLD CUP twitter


അവസാനശ്വാസത്തിൽ കൊറിയ പറങ്കിമല കയറി. ലോകകപ്പിൽ പോർച്ചുഗലിനൊപ്പം ദക്ഷിണകൊറിയയും പ്രീക്വാർട്ടറിലേക്ക്‌ മാർച്ച്‌ ചെയ്‌തു. പരിക്കുസമയത്ത്‌ നേടിയ ഗോളിന്‌ പോർച്ചുഗലിനെ കീഴടക്കി (2–-1). ഉറുഗ്വേ രണ്ട്‌ ഗോളിന്‌ ഘാനയെ തോൽപ്പിച്ചെങ്കിലും പുറത്തായി.

ആദ്യം ഗോൾ നേടിയത്‌ പോർച്ചുഗലാണെങ്കിലും കൊറിയയുടെ ബൂട്ടിൽ പൊരുതാനുള്ള ഊർജമുണ്ടായിരുന്നു. തുടക്കത്തിൽ സൗദിയും പിന്നാലെ ജപ്പാനും കൊളുത്തിയ ഏഷ്യൻ ദീപം കെടാതെ സൂക്ഷിച്ചു. റിക്കാർഡോ ഹോർട്ട അഞ്ചാംമിനിറ്റിൽ പോർച്ചുഗലിനായി ലീഡ്‌ നേടി. തൊട്ടുപിന്നാലെ കൊറിയ പോർച്ചുഗൽ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡായി. വൈകാതെ കോർണർ കിക്കിൽനിന്ന്‌ സമനിലവന്നു. ഉയർന്നുവന്ന പന്ത്‌ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ദേഹത്തുതട്ടി മുന്നിലേക്ക്‌ വീണത്‌ ഞൊടിയിടയിൽ കിങ്‌ യങ് ഗോൺ വലയിലാക്കി. കളി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കിയിരിക്കെ ഹാങ് ഹീ ചാൻ വിജയഗോൾ ഒരുക്കി.

പെനൽറ്റി നഷ്‌ടപ്പെടുത്തിയതിന്‌ ഘാന വലിയവില നൽകേണ്ടിവന്നു. ക്യാപ്‌റ്റൻ ആന്ദ്രേ അയ്യുവിന്റെ പെനൽറ്റികിക്ക്‌ ഉറുഗ്വേ ഗോളി സെർജിയോ റോഷറ്റ്‌ തട്ടിയകറ്റി. ആറുമിനിറ്റിൽ രണ്ട്‌ ഗോളടിച്ച്‌ ജോർജിയൻ ഡി അറാസ്‌കയേറ്റ ഉറുഗ്വേയെ നയിച്ചു.

ഗ്രൂപ്പ്‌ എച്ചിൽ ആറ്‌ പോയിന്റോടെ പോർച്ചുഗൽ ഒന്നാമതെത്തി. ഉറുഗ്വേക്കും കൊറിയക്കും നാല്‌ പോയിന്റ്‌. കൂടുതൽ ഗോളടിച്ച മികവിൽ കൊറിയ കടന്നു. ഘാനയ്ക്ക്‌ മൂന്ന്‌ പോയിന്റ്‌. ഇതോടെ ബ്രസീൽ–-കൊറിയ പ്രീക്വാർട്ടറിന്‌ സാധ്യത തെളിഞ്ഞു. പ്രീക്വാർട്ടർ മത്സരങ്ങൾ ശനിയാഴ്‌ച തുടങ്ങും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top