19 April Friday
ഫ്രാന്‍സ് 3 പോളണ്ട് 1

എന്തൊരു ഇന്ദ്രജാലം ! ഫ്രാൻസിനെ ലോകകപ്പ് ക്വാർട്ടറിലേക്ക്‌ നയിച്ച് എംബാപ്പെ

ഖത്തറില്‍ നിന്ന് ആര്‍ രഞ്ജിത്ത്Updated: Monday Dec 5, 2022

image credit FIFA WORLD CUP twitter


ലോക ഫുട്‌ബോളിൽ ഇനി കിലിയൻ എംബാപ്പെ സുവർണനക്ഷത്രം. പോളണ്ടിന്റെ പ്രതിരോധകോട്ടകളെ തകർത്തെറിഞ്ഞ്‌ എംബാപ്പെ ഫ്രാൻസിനെ ലോകകപ്പിന്റെ ക്വാർട്ടറിലേക്ക്‌ നയിച്ചു. ചാമ്പ്യൻമാരുടെ പകിട്ടോടെ പന്തുതട്ടിയ ദിദിയർ ദെഷാമിന്റെ സംഘം ആധികാരികമായാണ്‌ മുന്നേറിയത്‌. 3–-1നാണ്‌ ജയം.   എംബാപ്പെയുടെ ഇരട്ടഗോളുകളായിരുന്നു ഫ്രാൻസിന്റെ ഊർജം. എംബാപ്പെക്ക്‌ ഈ ലോകകപ്പിൽ അഞ്ച്‌ ഗോളായി. രണ്ട്‌ ലോകകപ്പിൽക്കൂടി ഒമ്പത്‌ ഗോൾ. ഒളിവർ ജിറൂ നേടിയ ആദ്യഗോളിന്‌ അവസരമൊരുക്കിയതും ഈ ഇരുപത്തിമൂന്നുകാരനാണ്‌.

ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനകളിയിൽ ടുണീഷ്യക്കെതിരെ തോറ്റുപോയ ഫ്രഞ്ച്‌ സംഘമായിരുന്നില്ല പോളണ്ടിനെതിരായ പ്രീക്വാർട്ടർ കളത്തിൽ. മനോഹരമായി അവർ പന്തുതട്ടി.കളിയുടെ ആദ്യഘട്ടത്തിൽ പൊരുതാൻ ശ്രമിച്ച പോളണ്ടിന്‌ എംബാപ്പെയുടെ വേഗതയെ പിടിച്ചുനിർത്താനായില്ല. ജിറൂവും ഒൺടോയ്‌ൻ ഗ്രീസ്‌മാനും അഡ്രിയാൻ റാബിയട്ടും ഉസ്‌മാൻ ഡെംബലെയും ഉൾപ്പെട്ട ഫ്രാൻസിന്റെ കിടയറ്റ ആക്രമണമായിരുന്നു കളത്തിൽ. പ്രതിരോധത്തിലും അവർ മികവുകാട്ടി. അവസാനകളിയിൽ അർജന്റീനയോട്‌ നിറംമങ്ങിയ പോളണ്ടായിരുന്നില്ല ഫ്രാൻസിനെതിരെ. ആദ്യഘട്ടത്തിൽ പോളണ്ടുകാർ കളിപിടിച്ചു. പതുങ്ങിനിന്ന അവരുടെ ആക്രമണനിര ഫ്രാൻസിനെതിരെ ഉണർന്നു. ഒറ്റപ്പെട്ട ആക്രമണങ്ങളുമായി റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയും സംഘവും ഫ്രഞ്ച്‌ പ്രതിരോധത്തെ പരീക്ഷിച്ചു. പക്ഷേ, അവസാനഘട്ടത്തിൽ പൂർണമായും തളർന്നു.

മുന്നേറ്റത്തിൽ കിലിയൻ എംബാപ്പെയെ കേന്ദ്രീകരിച്ചായിരുന്നു ഫ്രാൻസിന്റെ നീക്കങ്ങൾ. ആക്രമണത്തിന്റെ മറ്റൊരു മുനയായ ജിറൂവിനാണ്‌ കളിയിലെ ആദ്യ അവസരം കൈവന്നത്‌. ഗ്രീസ്‌മാനും ഡെംബെലെയും ചേർന്നൊരുക്കിയ അവസരം പക്ഷേ, ജിറൂവിന്‌ ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പോളണ്ടിന്റെ പ്രത്യാക്രമണം. സീലിൻസ്‌കിയാണ്‌ തുടക്കമിട്ടത്‌. പന്ത്‌ ബോക്‌സിലേക്ക്‌. ബെറിസിൻസ്‌കി ലക്ഷ്യത്തിലേക്ക്‌ തൊടുത്തു. ക്ലോസ്‌ റേഞ്ചിൽവച്ചുള്ള ആ അടിയിൽ ക്യാപ്‌റ്റൻ ഹ്യഗോ ലോറിസ്‌ ഫ്രാൻസിനെ കാത്തു.

പോളിഷുകാരുടെ പ്രതീക്ഷ ജിറൂ തീർത്തു. എംബാപ്പെയുടെ ത്രൂബോളിൽ ഇടംകാൽ കൊരുത്ത്‌ ജിറൂ വോയ്‌ച്ചെക്‌ സ്റ്റെസ്‌നിയെ കീഴടക്കി. തുടർന്നുള്ള നിമിഷങ്ങളിൽ എംബാപ്പെ കളംഭരിച്ചു. രണ്ട്‌ അതിമനോഹര ഗോളിലൂടെ എംബാപ്പെ ഫ്രാൻസിന്റെ ജയം പൂർത്തിയാക്കി. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ പെനൽറ്റി ഗോളിലാണ്‌ പോളിഷുകാരുടെ ആശ്വാസം.

ഫ്രാൻസിനായി അവസാന 21 കളിയിൽ 16 ഗോളാണ്‌ എംബാപ്പെ നേടിയത്‌. ഏഴെണ്ണത്തിന്‌ അവസരമൊരുക്കി. 24 വയസ്സിനുള്ളിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമായി എംബാപ്പെ. ബ്രസീൽ ഇതിഹാസം പെലെയുടെ റെക്കോഡ്‌ മറികടന്നു. ഫ്രാൻസിനായി 33 ഗോളുമായി, സിനദിൻ സിദാനെ മറികടന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top