26 April Friday

ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസ്‌ മധ്യപ്രദേശിൽ ; വോളിയിൽ കേരളത്തിന്‌ ജയത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023


ഭോപാൽ
ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസിന്‌ മധ്യപ്രദേശിൽ നിറപ്പകിട്ടാർന്ന തുടക്കം. ഭോപാൽ ടി ടി നഗർ സ്‌റ്റേഡിയത്തിൽ കലാവിരുന്നൊരുക്കിയാണ്‌ ഗെയിംസിനെ വരവേറ്റത്‌. ഫെബ്രുവരി 11 വരെ മധ്യപ്രദേശിലെ എട്ടു നഗരങ്ങളിലായി അത്‌ലറ്റിക്‌സ്‌ അടക്കം 27 ഇനങ്ങളിലാണ്‌ മത്സരം. ആറായിരം കായികതാരങ്ങൾ പങ്കെടുക്കും. കേരളത്തിൽനിന്ന്‌ 285 അംഗ സംഘമുണ്ട്‌. അത്‌ലറ്റിക്‌സ്‌ ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെയാണ്‌. അത്‌ലറ്റിക്‌സിൽ കേരളത്തിന്‌ 24 അംഗ സംഘമാണ്‌.

ആദ്യദിനം വോളിബോൾ, ടേബിൾ ടെന്നീസ്‌, ഖൊഖൊ മത്സരങ്ങൾ തുടങ്ങി. പെൺകുട്ടികളുടെ വോളിബോളിൽ കേരളം ആദ്യ മത്സരത്തിൽ ഗുജറാത്തിനെ 25–-20, 25–-17, 25–-15ന്‌ തോൽപിച്ചു. ഇന്ന്‌ ഹരിയാനയെ നേരിടും. ഉത്തർപ്രദേശാണ്‌ ഗ്രൂപ്പിലെ മറ്റൊരു ടീം. ഫുട്ബോൾ, ജിംനാസ്റ്റിക്സ്, നീന്തൽ, ബാഡ്മിന്റൺ, തുഴച്ചിൽ തുടങ്ങി 17 ഇനങ്ങളിൽ കേരളം മത്സരിക്കുന്നുണ്ട്.

കഴിഞ്ഞതവണ നടന്ന നാലാമത്‌ ഗെയിംസിൽ ഹരിയാനയായിരുന്നു ജേതാക്കൾ. 52 സ്വർണമടക്കം 137 മെഡൽ. മഹാരാഷ്‌ട്ര രണ്ടാമതെത്തി. 45 സ്വർണമടക്കം 125 മെഡലാണ്‌. കർണാടക 22 സ്വർണം ഉൾപ്പെടെ 67 മെഡലുമായി മൂന്നാമതെത്തി. കേരളം അഞ്ചാമതായിരുന്നു. 18 സ്വർണവും 19 വെള്ളിയും 18 വെങ്കലവും സ്വന്തമാക്കി. യൂത്ത്‌ ഗെയിംസ്‌ ആരംഭിച്ച 2018ൽ ഹരിയാനയാണ്‌ ജേതാക്കളായത്‌. 2019ലും 2020ലും മഹാരാഷ്‌ട്ര ഓവറോൾ കിരീടം നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top