26 April Friday

ലൂണ മിന്നി, 
ബ്ലാസ്‌റ്റേഴ്‌സും ; ചെന്നൈയിൻ എഫ്‌സിയെ തുരത്തി ; വിജയം 2–1ന്

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

twitter.com/KeralaBlasters/status/

കൊച്ചി
അഡ്രിയാൻ ലൂണയുടെ മിന്നുന്ന പ്രകടനം കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഐഎസ്‌എല്ലിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 2–-1ന്റെ ജയമൊരുക്കി. തുടക്കത്തിൽത്തന്നെ ഒരു ഗോളിന്‌ പിന്നിലായ ബ്ലാസ്‌റ്റേഴ്‌സ്‌ ലൂണയുടെ ഗോളിൽ സമനില പിടിച്ചു. രണ്ടാംപകുതിയിൽ മലയാളിതാരം കെ പി രാഹുലിന്റെ തകർപ്പൻ ഗോൾ ജയമൊരുക്കി. ലൂണയായിരുന്നു ഗോളിന്റെ ആസൂത്രകൻ.

ജയത്തോടെ 17 കളിയിൽ 31 പോയിന്റുമായി പ്ലേ ഓഫ്‌ പ്രതീക്ഷ ബ്ലാസ്‌റ്റേഴ്‌സ്‌ സജീവമാക്കി. മൂന്നാംസ്ഥാനത്താണ്‌ ഇവാൻ വുകോമനോവിച്ചിന്റെ സംഘം. നാലാമതുള്ള എഫ്‌സി ഗോവയേക്കാളും നാല്‌ പോയിന്റ്‌ മുന്നിൽ. ഇനി മൂന്നു മത്സരങ്ങളാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ശേഷിക്കുന്നത്‌. ചെന്നൈയിൻ പുറത്തായി.

ഈസ്‌റ്റ്‌ ബംഗാളിനോടേറ്റ തോൽവിയിൽ പാഠം പഠിക്കാത്തതുപോലെയായിരുന്നു കൊച്ചിയിൽ ചെന്നൈയിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. പ്രതിരോധം തുറന്നിട്ട്‌ ആക്രമിക്കാൻ പോയപ്പോൾ കളിയുടെ രണ്ടാം മിനിറ്റിൽത്തന്നെ തിരിച്ചടി കിട്ടി. സ്ലിസ്‌കോവിച്ചിന്റെ ഇടതുവശത്തിലൂടെയുള്ള കുതിപ്പ്‌ പ്രതിരോധം കണ്ടില്ല. സ്ലിസ്‌കോവിച്ച്‌ അബ്‌ദെനാസ്സെർ എൽ ഖയാതിക്ക്‌ ക്രോസ്‌ കൊടുത്തു. വിക്ടർ മോൻഗിലിന്റെ ദുർബല ശ്രമത്തിന്‌ ആ നീക്കത്തെ തടയാനായില്ല.

ഗോളിൽ ഞെട്ടിയെങ്കിലും ലൂണയുടെ നേതൃത്വത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ആഞ്ഞുശ്രമിച്ചു. എന്നാൽ, ഗോളിലേക്കുള്ള വഴി തുറക്കാനായില്ല. . നിഷു കുമാറിന്റെ ഒന്നാന്തരം ഷോട്ട്‌ ചെന്നൈയിൻ ഗോൾകീപ്പർ തട്ടിയകറ്റി.ഇടവേളയ്‌ക്കു പിരിയുന്നതിന്‌ തൊട്ടുമുമ്പായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മറുപടി. ലൂണ തന്നെയായിരുന്നു ആസൂത്രകനും ഗോളടിക്കാരനും. ഇടതുവശത്ത്‌ പന്തുമായി മുന്നേറിയ ലൂണ ജെസെലിനെ കണ്ടു. ജെസെൽ സഹൽ അബ്‌ദുൾ സമദിനെ ലക്ഷ്യമാക്കി ബോക്‌സിലേക്ക്‌ ക്രോസ്‌ തൊടുത്തു. അപ്പോഴേക്കും പ്രതിരോധം ഇടപെട്ടു. പന്ത്‌ പക്ഷേ, ലൂണയുടെ കാലിലാണ്‌ കിട്ടിയത്‌. ഒന്നാന്തരം ഷോട്ട്‌ ചെന്നൈയിൻ വല തകർത്തു. 

രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ്‌ മികച്ച കളിയാണ്‌ പുറത്തെടുത്തത്‌. നിരന്തരം മുന്നേറ്റം നടത്തിയ ലൂണയും സംഘവും പിന്നാലെ വിജയഗോളും കുറിച്ചു. ലൂണയുടെ ക്രോസിൽ രാഹുൽ ലക്ഷ്യംകണ്ടു. 11ന്‌ ബംഗളൂരു എഫ്‌സിയുമായാണ്‌ അടുത്ത കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top