23 April Tuesday

ട്രാക്കിൽ ശുഭപ്രതീക്ഷ ; പത്തുമാസത്തിനുശേഷം ട്രാക്കും ഫീൽഡും ഉണർന്നു

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

ലോങ്‌ജമ്പ്‌ സെലക്ഷൻ ട്രയൽസിൽ തൃശൂരിന്റെ ആൻസി സോജൻ


തേഞ്ഞിപ്പലം
പതിവ് ആർപ്പുവിളികളും ആരവങ്ങളുമില്ല. മത്സരാർഥികളും വളരെ കുറവ്. താരങ്ങളും പരിശീലകരും സംഘാടകരും തികഞ്ഞ ജാഗ്രതയിൽ. രക്ഷിതാക്കളുടെ സമ്മതപത്രവും 72 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൊണ്ടുവന്നവർക്ക് മാത്രം മത്സരിക്കാൻ അവസരം. മൈതാനത്തേക്ക് താരങ്ങളെയും ഒഫീഷ്യൽസിനെയും കടത്തിവിടുന്നതുപോലും ഗേറ്റിൽ പരിശോധന നടത്തിയശേഷം. തിരക്ക് കുറയ്‌ക്കാൻ നാല് കോൾ റൂമുകൾ. പത്ത് മാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനതലത്തിൽ ട്രാക്കിൽ നടന്ന ആദ്യ കായികമേളയിലെ കാഴ്ചകൾ ഇങ്ങനെ.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് സെലക്ഷൻ ട്രയൽസിനാണ് തേഞ്ഞിപ്പലത്തെ കലിക്കറ്റ് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ ഞായറാഴ്ച തുടക്കമായത്. ആൻസി സോജനും അപർണ റോയിയും അടക്കം ട്രാക്കിൽ വിസ്‌മയങ്ങൾ സൃഷ്‌ടിക്കുന്ന പൊൻതാരകങ്ങൾ പത്ത് മാസം മത്സരമില്ലെങ്കിലും ഫോം നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കുന്ന മികച്ച പ്രകടനം നടത്തി.

അണ്ടർ 20 വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയ ആൻസി സോജൻ ലോങ്ജമ്പിലും അപർണ റോയി 100 മീറ്റർ ഹർഡിൽസിലും ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. കോവിഡ്‌ മഹാമാരിയിൽ തളരാതെ തിരിച്ചെത്തിയ താരങ്ങൾ ട്രാക്കിലും ഫീൽഡിലും മികവ് പുലർത്താൻ ശ്രമിച്ചത് ആശ്വാസകരമായി.

ഫെബ്രുവരി ആറുമുതൽ ഒമ്പതുവരെ ഗുവഹാട്ടിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായാണ്‌ സെലക്‌ഷൻ ട്രയൽ നടത്തിയത്. പത്ത്‌ മാസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ സംസ്ഥാന അടിസ്ഥാനത്തിലുള്ള അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്‌ കേരളത്തിൽ നടക്കുന്നത്. സാധാരണ സംസ്ഥാന ജൂനിയർ മീറ്റിന് രണ്ടായിരത്തിലധികം താരങ്ങൾ പങ്കെടുക്കാറുണ്ടെങ്കിൽ കോവിഡ് കാലത്തെ ട്രയൽസിന് എത്തിയത് നാനൂറോളംപേർ മാത്രം.

മത്സരങ്ങൾ നടത്താൻ അനുമതി ലഭിച്ച സാഹചര്യത്തിൽ ഫെബ്രുവരി 15നുശേഷം കൂടുതൽ ചാമ്പ്യൻഷിപ്പുകളും നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അത്‌ലറ്റിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി ഐ ബാബു പറഞ്ഞു.
ട്രയൽസ് ഇന്ന് അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top