24 April Wednesday
ദേശീയ ഗെയിംസ്: കേരളത്തിന് രണ്ട് സ്വർണം, നാല് വെള്ളി, ഒരു വെങ്കലം

ചാടി നേടി പൊന്ന് ; ലോങ് ജമ്പിൽ 
നയന ജയിംസിന് സ്വർണം ; തുഴച്ചിലിലും സ്വർണം

ജിജോ ജോർജ്Updated: Monday Oct 3, 2022

ദേശീയ ഗെയിംസ് വനിതകളുടെ ലോങ്ജമ്പിൽ സ്വർണം നേടിയ കേരളത്തിന്റെ നയന ജയിംസ് / ഫോട്ടോ: പി വി സുജിത്


അഹമ്മദാബാദ്
ആദ്യ ജമ്പിൽ സ്വർണത്തിലേക്ക് പറന്നിറങ്ങിയ നയന ജയിംസ്, വീണ്ടും സ്വർണവുമായി തുഴച്ചിൽ സംഘം, ബാഡ്മിന്റണിലും ബാസ്‌കറ്റ്ബോളിലും ഫെൻസിങ്ങിലും വെള്ളി, ട്രാക്കിൽ ഹെപ്റ്റാത്തലണിൽ മെറീന ജോർജിന്റെ വെള്ളിയും ലോങ്ജമ്പിൽ എൽ ശ്രുതിലക്ഷ്മി വെങ്കലവും. പഴയ പ്രതാപത്തിലേക്ക് കുതിക്കാൻ കഴിയുന്നില്ലെങ്കിലും 36–-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് ആശ്വാസം. രണ്ട് സ്വർണവും നാല് വെള്ളിയും ഒരു വെങ്കലവും അടക്കം ഏഴ് മെഡൽ ഇന്നലെ കേരളം നേടി. ഇതുവരെ ഒമ്പത് സ്വർണവും 11 വെള്ളിയും ആറ് വെങ്കലവുമായി 26 മെഡൽ കേരളം സ്വന്തമാക്കി. അത്-ലറ്റിക്സിൽ ഒന്നുവീതം സ്വർണവും വെള്ളിയും വെങ്കലവും നേടി.

ലോങ്ജമ്പിൽ 6.33 മീറ്റർ ചാടിയാണ് നയന ജയിംസ് സ്വർണം നേടിയത്. ഫെഡറേഷൻ കപ്പിൽ 6.47 ചാടി സ്വർണം നേടിയിരുന്നു. പി ബി ജയകുമാറാണ് പരിശീലകൻ. ചെന്നൈയിൽ ആദായനികുതിവകുപ്പിൽ ഇൻസ്പെകടറാണ് നയന. 6.24 മീറ്റർ ചാടിയാണ് കേരളത്തിന്റെ ശ്രുതിലക്ഷ്മി വെങ്കലം നേടിയത്. കേരളത്തിന്റെ ആൻസി സോജൻ ആറാമതായി (6.05 മീറ്റർ ). ഹെപ്‌റ്റാത്തലണിൽ മറീന ജോർജ് വെള്ളി നേടി. മധ്യപ്രദേശിന്റെ സ്വപ്ന ബർമനാണ് സ്വർണം.

പുരുഷന്മാരുടെ പോൾവോൾട്ടിൽ സർവീസസിന്റെ ശിവ സുബ്രഹ്മണ്യം (5.31 മീറ്റർ) ദേശീയ റെക്കോഡ് സ്ഥാപിച്ചു. സ്വന്തം റെക്കോഡ് തിരുത്തി. തുഴച്ചിലിൽ കേരളത്തിന് വീണ്ടും സ്വർണം. വനിതകളുടെ കോക്സൈഡ് എട്ട് ഇനത്തിലാണ് കേരളസംഘം സ്വർണം നേടിയത്. ആര്യ ഡി നായർ, എ ആർച്ച, അലീന ആന്റോ, ഡി ദേവപ്രിയ, വി ജെ അരുദ്ധതി, റോസ് മരിയ ജോഷി, കെ ബി വർഷ, പി ബി അശ്വതി, വി എസ് മീനാക്ഷി എന്നിവരാണ് കേരളത്തിനായി നേട്ടം കൈവരിച്ചത്.

ബാഡ്മിന്റൺ ടീം ഇനത്തിലാണ്  കേരളത്തിന് വെള്ളി. ഫൈനലിൽ തെലങ്കാനയാണ് കേരളത്തെ തോൽപ്പിച്ചത് (3-–0). ആദ്യം നടന്ന മിക്സഡ് ഡബിൾസ്, പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ പുരുഷ, വനിതാ ഡബിൾസ് മത്സരം കളിക്കാതെതന്നെ തെലങ്കാന ജയിച്ചു.

എച്ച് എസ് പ്രണോയ്, ട്രീസ ജോളി, ആൻട്രിയ സാറ കുര്യൻ, ടി ആർ ഗൗരി കൃഷ്ണ, ആരതി സാറ സുനിൽ, എം ആർ അർജുൻ, യു ശങ്കർ പ്രസാദ്, പി എസ് രവികൃഷ്ണ എന്നിവർ അടങ്ങിയതാണ് ടീം. ജോസ് ജോർജ്, റെനോഷ് ജയിംസ് എന്നിവർ പരിശീലകരും താരിഖ് മുഹമ്മദ്, പരുൾ റാവത്ത് എന്നിവർ  മാനേജർമാരുമാണ്. ഫെൻസിങ് കോർട്ടിൽ തുടർച്ചയായി നാലാംദിനവും കേരളത്തിന് മെഡൽ ലഭിച്ചു. ഫെൻസിങ് വനിതാ ഫോയിൽ ടീം ഇനത്തിൽ കേരളം വെള്ളി നേടി. ഫൈനലിൽ മണിപ്പുരാണ് കീഴടക്കിയത് (41-–45). എസ് ജി ആർച്ച, ഐശ്വര്യ ജി നായർ, രാധിക പ്രകാശ് അവതി, വി പി കനകലക്ഷ്മി എന്നിവർ ചേർന്നാണ് വെള്ളി സ്വന്തമാക്കിയത്. ഖൊ ഖൊ പുരുഷവിഭാഗത്തിൽ കേരളം ഫൈനലിൽ കടന്നു.


 

ഉയരം = ശിവ
എല്ലാം തീരുമാനിച്ച്‌ ഉറപ്പിച്ചപോലെയായിരുന്നു ശിവ സുബ്രഹ്മണ്യൻ പോൾവോൾട്ട് പിറ്റിൽ എത്തിയത്. ഒരോ ജമ്പിലും കൂടുതൽ ഉയരം താണ്ടി. അവസാനം സ്വന്തം റെക്കോഡും തകർന്നുവീണു. സർവീസസിനായി ഇറങ്ങിയ ശിവ സുബ്രഹ്മണ്യം 5.31 മീറ്റർ താണ്ടി   ദേശീയ റെക്കോഡിട്ടു. അവസാന എതിരാളിയായ സർവീസസിന്റെതന്നെ ഗോകുൽദാസ് 4.90 മീറ്ററിൽ പിന്മാറിയശേഷം സ്വന്തം ഉയരത്തോടുതന്നെയായിരുന്നു ശിവയുടെ പോരാട്ടം. 35 വർഷം പഴക്കമുള്ള ദേശീയ റെക്കോഡും ഈ ഇരുപത്താറുകാരൻ തകർത്തു.

1987ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിൽ ഹരിയാനയുടെ വിജയ്‌പാൽ സിങ് കുറിച്ച 5.10 മീറ്റർ റെക്കോഡ് പുസ്തകത്തിൽനിന്ന് മായിച്ചത്. ഇന്ത്യൻ ആർമിയിൽ ഹവീൽദാറാണ്.


 

 

തുഴച്ചിലിൽ ചിരിയും കണ്ണീരും
സബർമതി നദിയിലെ തുഴച്ചിൽ, സ്വർണ സന്തോഷത്തിനൊപ്പം സങ്കടക്കണ്ണീരും. ഉറച്ച സ്വർണ പ്രതീക്ഷയുണ്ടായിരുന്ന കോട്ടർപൂൾ സ്കൾ ഇനത്തിൽ പെഡൽ ഒടിഞ്ഞതിനെത്തുടർന്ന് കേരളത്തിന് മത്സരം പൂർത്തിയാക്കാനായില്ല. മത്സരത്തിൽ എതിരാളികളെക്കാൾ മുന്നിട്ടുനിൽക്കുമ്പോഴാണ് പെഡൽ പൊട്ടിയത്. ഉറച്ച മെഡൽ നഷ്ടമായതോടെ താരങ്ങളാകെ കണ്ണീരിലായി.

രാജ്കോട്ട് നീന്തൽക്കുളത്തിൽ കഴിഞ്ഞദിവസം സ്വർണവും വെള്ളിയും നേടിയ കേരളത്തിന്റെ സജൻ പ്രകാശ് ഇന്നലെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ മത്സരിച്ചില്ല.
പരിശീലനത്തിനിടെ പരിക്കേറ്റിരുന്ന സജൻ വേദനമൂലം കഴിഞ്ഞദിവസം മത്സരശേഷം ചികിത്സ തേടിയിരുന്നു. ഇന്ന് വീണ്ടും മത്സരിക്കാനിറങ്ങും.

 

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top