കേരള ഫുട്‌ബോൾ താളം വീണ്ടെടുക്കുന്ന കാലമാണിത്. പുതിയ ക്ലബ്ബുകളും കളിക്കാരും. കൂടുതൽ കിരീടനേട്ടങ്ങൾ. കളിയെ പ്രൊഫഷണലായി കാണുന്ന ഒരു തലമുറ കടന്നുവരുന്നു. അവരുടെ പ്രതീക്ഷകളിലേക്ക് ഒരന്വേഷണം. ഒപ്പം പോയകാലസ്‌മൃതികളിലേക്ക് ഒരു തിരിഞ്ഞുനോട്ടവും. ‘മുഴങ്ങുന്നു മൈതാനം; തുടരട്ടെ ഈ കാലം’ പരമ്പര തുടരുന്നു. തയ്യാറാക്കിയത് സ്‌പോർട്‌സ് ഡെസ്‌കിലെ പ്രദീപ് ഗോപാൽ
കളിജീവിതത്തിൽ ഇതുപോലൊരു ആൾക്കൂട്ടത്തെ ഞാൻ കണ്ടിട്ടില്ല. ആർപ്പുവിളികൾക്ക് നടുവിൽ കളിക്കുന്നതിന്റെ ആവേശം അനുഭവിച്ചറിഞ്ഞു. എല്ലാ കളികൾക്കും ഇങ്ങനെ ആൾക്കൂട്ടമുണ്ടാകണമെന്നാണ് ആഗ്രഹം– സന്തോഷ് ട്രോഫി കിരീടനേട്ടത്തിനുശേഷമുള്ള കേരള ടീം ഗോൾ കീപ്പർ വി മിഥുന്റെ ആദ്യ പ്രതികരണം ഇതായിരുന്നു. ഏഴ് സന്തോഷ് ട്രോഫി കളിച്ച മിഥുന് ഇതുപോലൊരു അനുഭവം മുമ്പുണ്ടായിട്ടില്ല.
വീണ്ടെടുപ്പിന്റെ ശ്രമങ്ങളാണ് കളത്തിൽ. ദീർഘകാല നേട്ടത്തിലേക്കുള്ള തുടക്കം. ഈ വർഷമുണ്ടായ നേട്ടങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ്. ഒപ്പം അതിന്റെ കാരണങ്ങളിലേക്കുള്ള അന്വേഷണവും.
കൂടുതൽ ക്ലബ്ബുകൾ, കളിക്കാർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരള ഫുട്ബോൾ അസോസിയേഷനിലാണ്. അസോസിയേഷന്റെ കണക്കുകൾപ്രകാരം 626 ക്ലബ്ബുകൾ. കളിക്കാർ 20,000ൽ കൂടുതൽ. പ്രൊഫഷണൽ ഫുട്ബോളിലേക്ക് ബ്ലാസ്റ്റേഴ്സിനും ഗോകുലത്തിനും പിന്നാലെ കേരള യുണൈറ്റഡ് എഫ്സി കടന്നുവന്നു. കേരളത്തിലെ ഫുട്ബോൾ ക്ലബ്ബുകളുടെ പോരാട്ടമായ കെപിഎല്ലിന്റെ ഈ സീസണിൽ ഗോൾഡൻ ത്രഡ്‌സ് ആയിരുന്നു ചാമ്പ്യൻമാർ. ജേതാക്കൾക്ക് ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ കളിക്കാം.
സന്തോഷകാലം തുടരട്ടെ
സന്തോഷ് ട്രോഫിയിൽ 2018നുശേഷമുള്ള കേരളത്തിന്റെ ആദ്യ കിരീടം. മലപ്പുറം ആവേശത്തോടെ വരവേറ്റു. തയ്യാറെടുപ്പും സംഘാടനവും മികച്ചതായി. കളി നിലവാരത്തിൽ പിന്നാക്കംപോയെങ്കിലും കളങ്ങളെ ഉണർത്താൻ സന്തോഷ് ട്രോഫിക്ക് കഴിഞ്ഞു. യുവനിര മികച്ചരീതിയിൽ പന്തുതട്ടി. പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള ചവിട്ടുപടിയായി ഇതിനെ കണ്ടു. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകൾ ഈ താരങ്ങളുമായി ബന്ധപ്പെട്ടു. ജീവിതോപാധിയിലേക്കുള്ള വഴിതുറക്കലും കൂടിയായി. ക്യാപ്‌റ്റൻ ജിജോ ജോസഫും ടി കെ ജെസിനും മുഹമ്മദ് സഫ്നാദും നൗഫലുമെല്ലാം ഉൾപ്പെടെയുള്ള താരങ്ങൾ ഭാവിസ്വപ്‌നങ്ങൾ പകരുന്നു. പരിശീലകൻ ബിനോ ജോർജും ടീമും കളിയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 2013ൽ ആരംഭിച്ച കേരള പ്രീമിയർ ലീഗ് താരങ്ങളെ ഒരുക്കുന്നതിൽ സഹായകരമായി.
ഗോകുലം വിജയഗാഥ
തുടർച്ചയായ രണ്ട് ഐ ലീഗ് കിരീടങ്ങളിലൂടെയാണ് ഗോകുലം കേരള ഫുട്‌ബോളിൽ മുദ്ര പതിപ്പിച്ചത്. തുടക്കകാലത്തെ ബുദ്ധിമുട്ടുകളിൽനിന്ന് ഗോകുലം കളംപിടിക്കുകയാണ്. തുടങ്ങി അഞ്ചു വർഷത്തിനുള്ളിൽ ഏഴു കിരീടങ്ങൾ. 2019ൽ ഡ്യൂറന്റ് കപ്പ് ജേതാക്കളായി. നിലവിലെ ടീമിൽ 13 പേർ മലയാളികൾ. രണ്ട് കിരീടങ്ങളിലൂടെ വനിതാ ലീഗിലും ശക്തമായ സാന്നിധ്യം.
പ്രചോദനമായി ബ്ലാസ്റ്റേഴ്സും
വാണിജ്യതാൽപ്പര്യങ്ങളുടെ ഉൽപ്പന്നമാണെങ്കിലും ഐഎസ്എൽ കേരള ഫുട്ബോളിനുണ്ടാക്കിയ ഉണർവ് വലുതാണ്. അതിന്റെ പകിട്ട് ചെറുപ്പക്കാരെ സ്വാധീനിച്ചു. സുശാന്ത് മാത്യുവും സി കെ വിനീതും തൊട്ട് സഹൽ സബ്ദുൾ സമദും കെ പി രാഹുലുംവരെയുള്ള താരങ്ങൾ തെളിഞ്ഞു. ദേശീയ കുപ്പായത്തിലുമെത്തി. ഐഎസ്എൽ മറ്റ് ടീമുകളിലും മലയാളി സാന്നിധ്യമുണ്ട്.
അമ്പതാണ്ടിൽ കലിക്കറ്റ് മുത്തം
അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്ബോളിൽ 11–ാംതവണയും കലിക്കറ്റ് സർവകലാശാല കിരീടം ചൂടിയപ്പോൾ കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിന്റെ ഓർമപ്പെടുത്തലായി അതു മാറി. ആദ്യ കിരീടം നേടി 50–-ാംവർഷത്തിലാണ് കലിക്കറ്റിന്റെ വീണ്ടെടുപ്പ്. 1971ൽ വിക്ടർ മഞ്ഞിലയിലൂടെ നേടിയ ആ കിരീടത്തിന് തുടർച്ചകളുണ്ടാകുന്നു. സതീവൻ ബാലനായിരുന്നു പരിശീലകൻ.
കളംതേടി യൂറോപ്പ്
യൂറോപ്യൻ ക്ലബ്ബുകൾ കേരളത്തിന്റെ ഫുട്ബോൾ മണ്ണിനെ ശ്രദ്ധിക്കുന്നുണ്ട്. സ്പാനിഷ് ലീഗ് സംഘാടകരായ ലാ ലിഗ ഇടയ്ക്ക് മുടങ്ങിപ്പോയ ഫുട്ബോൾ സ്കൂളുകൾ വീണ്ടും തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇറ്റാലിയൻ ലീഗ് വമ്പൻമാരായ എസി മിലാൻ സംസ്ഥാനത്ത് മൂന്ന് ഫുട്ബോൾ അക്കാദമികൾ തുടങ്ങും. ഇതിനൊപ്പം ലാറ്റിനമേരിക്കയിൽനിന്ന് അർജന്റീനോസ് അക്കാദമിയും കേരളത്തിൽ ഫുട്ബോൾ അക്കാദമി തുടങ്ങുന്നുണ്ട്.
(നാളെ മറഞ്ഞുപോയ
സുവർണകാലം)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..