05 July Tuesday

മുഴങ്ങുന്നു മെെതാനം; തുടരട്ടെ ഈ കാലം

പ്രദീപ് ഗോപാൽUpdated: Friday May 27, 2022

കേരളത്തിന്റെ സന്തോഷ് ട്രോഫി മത്സരം കാണാൻ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെത്തിയ ജനക്കൂട്ടം (ഫയൽ ഫോട്ടോ: കെ ഷെമീർ)

കേരള ഫുട്‌ബോൾ താളം വീണ്ടെടുക്കുന്ന കാലമാണിത്‌. പുതിയ ക്ലബ്ബുകളും കളിക്കാരും. കൂടുതൽ കിരീടനേട്ടങ്ങൾ.  കളിയെ പ്രൊഫഷണലായി കാണുന്ന ഒരു തലമുറ കടന്നുവരുന്നു. അവരുടെ പ്രതീക്ഷകളിലേക്ക്‌ ഒരന്വേഷണം. ഒപ്പം പോയകാലസ്‌മൃതികളിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടവും. ‘മുഴങ്ങുന്നു മൈതാനം; തുടരട്ടെ ഈ കാലം’ പരമ്പര വായിക്കാം. തയ്യാറാക്കിയത്‌ സ്‌പോർട്‌സ്‌ ഡെസ്‌കിലെ പ്രദീപ്‌ ഗോപാൽ.

ആളൊഴിഞ്ഞ മെെതാനത്തെക്കാൾ നിശ്ശബ്‌ദമായി മറ്റൊന്നില്ല. ആൾക്കൂട്ടവും ആരവങ്ങളുമാണ് അതിന്റെ ജീവൻ. ഒന്ന് നിശ്ശബ്ദമായശേഷം കേരളം അതിന്റെ ഫുട്ബോൾതാളം വീണ്ടെടുക്കുന്ന കാലമാണിത്. 1990കളുടെ ഒടുക്കത്തിൽ സംഭവിച്ച പതർച്ചയിൽനിന്ന് ഒരു തിരിച്ചുവരവ്.
കളിയെ പ്രൊഫഷണൽ രീതിയിൽ കാണുന്ന ഒരു തലമുറ കടന്നുവരുന്നു. കോവിഡാനന്തരകാലത്ത് ആൾക്കൂട്ടങ്ങളുടെ ആനന്ദയാത്രകളിൽ ഫുട്ബോളിനും വലിയ കാഴ്ചക്കാരുണ്ടാകുന്നു. കെട്ടഴിഞ്ഞ ഫുട്ബോൾ സംഘടനാ സംവിധാനങ്ങൾക്കിടയിലും കാഴ്ചയിലും താൽപ്പര്യത്തിലും കേരളത്തിലൊരു മാറ്റമുണ്ടായിട്ടുണ്ട്.

ഉണർവിന്റെ കാലമായിരുന്നു കേരള ഫുട്ബോളിൽ ഈ വർഷം. ഇടവേളയ്ക്കുശേഷം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു. ഐ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി തുടർച്ചയായ രണ്ടാംതവണയും ചാമ്പ്യൻമാരായി.  കേരള ബ്ലാസ്റ്റേഴ്സ് ഇക്കുറി ഏറ്റവും മികച്ച പ്രകടനത്തോടെ ഐഎസ്എൽ ഫെെനലിൽ കടന്നു. അഖിലേന്ത്യാ സർവകലാശാല ഫുട്‌ബോൾ കിരീടം കലിക്കറ്റ് തിരിച്ചുപിടിച്ചതും ഈവർഷംതന്നെ. ഖേലോ ഇന്ത്യ ഗെയിംസിൽ എംജി സർവകലാശാല ജേതാക്കളായി. ദേശീയ വനിതാ ലീഗ്‌ കിരീടം ഗോകുലം നേടിയതും നേട്ടത്തിനൊപ്പം ചേർക്കാം.

കളത്തിൽമാത്രമല്ല, സംഘടനാതലത്തിലും മാറ്റത്തിന്റെ കാലമായിരുന്നു. കായികരംഗത്തെ സർക്കാർ ഇടപെടൽ ഏറ്റവും ഗുണമായത് ഫുട്ബോളിനാണ്. വൻ പദ്ധതികൾ കേരള സർക്കാർ ഫുട്ബോൾ വികസനത്തിനായി ആവിഷ്കരിച്ചു. ദിശാബോധം നൽകി. കേരള ഫുട്ബോൾ അസോസിയേഷനും മാറ്റങ്ങൾക്കൊപ്പം നിൽക്കാൻ തയ്യാറാകുന്നുണ്ട്.ഫിഫയുടെ കണ്ണുകൾ കേരളത്തിലുണ്ട‍്. യൂറോപ്യൻ ക്ലബ്ബുകൾ അവരുടെ അക്കാദമികൾ ഇവിടെ തേടുന്നു. അണ്ടർ 17 ലോകകപ്പ് 2017ൽ കൊച്ചിയിൽ വന്നപ്പോൾ അതൊരു പുതിയ അനുഭവമായി.

കേരളത്തിൽ അസംഖ്യം ക്ലബ്ബുകളും അക്കാദമികളും പിറവിയെടുക്കുന്നു. പുലർച്ചെകളിൽ നഗരങ്ങളിൽപ്പോലും ചെറുമെെതാനങ്ങൾക്കരികെ കുട്ടികൾ പന്തുമായി നീങ്ങുന്ന കാഴ്ച പ്രതീക്ഷപകരുന്നു. കോവിഡ് കാലത്തിന് തൊട്ടുമുമ്പാണ് ടർഫ് ഫുട്ബോളുകൾ സജീവമാകുന്നത് കണ്ടത്.  കേരളം അതിന്റെ സാംസ്കാരിക കേളീവിനോദത്തെ തിരിച്ചുപിടിക്കുന്ന ആവേശകരമായ നിമിഷങ്ങളാണ്.

ഈ നിമിഷങ്ങളെ ചേർത്തുപിടിക്കേണ്ട സമയമാണിത്. തുടർച്ചയും ലക്ഷ്യവുമാണ് പ്രധാനം. കാലാനുസൃതമായ മാറ്റങ്ങളില്ലാതെ ഫുട്ബോളിന് ഗുണപരമായ വ്യത്യാസമുണ്ടാകില്ലെന്നാണ് മുൻകാലങ്ങളിലെ അനുഭവം. നടത്തിപ്പിലെ പഴഞ്ചൻരീതികൾക്കൊപ്പം അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും മാറേണ്ടതുണ്ട്. നമുക്ക് സ്വന്തമായൊരു ഫുട്ബോൾ സ്റ്റേഡിയമില്ല. ടൂർണമെന്റുകളുടെ അഭാവമുണ്ട്. ശക്തമായൊരു സംഘടനാസംവിധാനമില്ല. താരങ്ങളെ നിലനിർത്താൻ, അവർക്ക് ജീവിതോപാധി തുറന്നുനൽകുകയും കളിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്‌താൽമാത്രമേ കേരള ഫുട്ബോളിന് വളർച്ചയുണ്ടാകൂ. ജ്വലിച്ച് കെട്ടുപോകുന്നതാകരുത് ഒരു ടൂർണമെന്റും കളിക്കാരനും.
യൂറോപ്പിലെ ഏതു മത്സരവും വിരൽത്തുമ്പിൽ കാഴ്ചയാകുന്ന ഒരുകാലത്ത് കളിയും നടത്തിപ്പും പ്രൊഫഷണൽ രീതിയിൽ ആകേണ്ടതുണ്ട്. സന്തോഷ് ട്രോഫിയും ഐ ലീഗ് കിരീടവും നൽകുന്ന ആവേശം വലുതാണ്. അതിന്റെ നിലനിൽപ്പും തുടർച്ചയും എങ്ങനെ വേണം എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണിത്. ഒപ്പം കേരള ഫുട്ബോളിനുണ്ടായ ഇടർച്ചയിലേക്കൊരു തിരിഞ്ഞുനോട്ടവും.

മാറ്റമുണ്ട്, വേണ്ടത് തുടർച്ച - ഐ എം വിജയൻ 
(മുൻ ഇന്ത്യൻ താരം)

നല്ലൊരു മാറ്റമാണ് കേരള ഫുട്ബോളിൽ. ഇന്ത്യയിൽ ഏറ്റവും കഴിവുള്ള കളിക്കാർ കേരളത്തിലാണ്‌. വരുന്ന കളിക്കാരെയൊക്കെ നിലനിർത്താനുള്ള പദ്ധതി വേണം. ഞാനൊക്കെ ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയത്താണ്‌ സന്തോഷ്‌ ട്രോഫി കളിക്കുന്നത്‌. ഇന്നതിന്‌ പ്രാധാന്യമില്ല.

സുനിൽ ഛേത്രിക്കുശേഷം ഒരു സ്ട്രൈക്കറുണ്ടായിട്ടില്ല നമുക്ക്. എനിക്ക്‌ പാർട്‌ണറായി ബൈചുങ്‌ ബൂട്ടിയ ഉണ്ടായിരുന്നു. ഛേത്രിക്കുശേഷം ആരാണിനി. എന്റെ അഭിപ്രായത്തിൽ ഐ ലീഗാണ്‌ മുഖ്യം.  ഐ ലീഗിലാണ്‌ കൂടുതൽ ചെറുപ്പക്കാർ. ഐഎസ്‌എൽ കാഴ്‌ചയുടെ കളിമാത്രമല്ലേ.
ഫുട്‌ബോളിനുമാത്രമായി നല്ലൊരു സ്റ്റേഡിയം വേണം. അതുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.
 

ആരുപറഞ്ഞു കളി കാണാൻ ആളില്ലെന്ന്‌
കേരളത്തിൽ പന്തുതട്ടിയാൽ കാണാൻ ആളുണ്ട്‌. അതിന്‌ ടൂർണമെന്റുകളുടെ വലിപ്പച്ചെറുപ്പം പ്രശ്‌നമല്ല. ഇക്കുറി സന്തോഷ്‌ ട്രോഫി നേരിട്ടുകണ്ടത്‌ രണ്ടുലക്ഷംപേരാണ്‌. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഫെയ്സ്ബുക് പേജിൽ ഫൈനൽ ലൈവായി കണ്ടത് 9.95 ലക്ഷംപേർ. മലബാറിൽ ഗോകുലത്തിന് ആരാധകരുടെ നല്ല പിന്തുണയുണ്ട്. 2018ൽ ഐ ലീഗിൽ ഗോകുലത്തിന്റെ കളി കാണാൻ കോഴിക്കോട്ടെത്തിയത്‌ 93,187 പേരാണ്‌.

ബ്ലാസ്റ്റേഴ്സ് കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബാണ്. 2014ലെ ആദ്യപതിപ്പുമുതൽ ശരാശരി 40,000 കാണികൾ ഓരോ മത്സരത്തിനുമെത്തി. 2014 ഡിസംബറിൽ എഫ്സി ഗോവയുമായുള്ള കളി കാണാൻ 61,323 പേർ കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ എത്തി.
ഈവർഷം ഹെെദരാബാദ് എഫ്സിക്കെതിരായ ഐഎസ്‌എൽ ഫെെനൽ കാണാൻ ഗോവയിലേക്ക്‌ വണ്ടി കയറിയത്‌ പതിനായിരത്തോളം ആരാധകർ.
                                                         
(നാളെ ഉണർവിന്റെ കളിത്തട്ടുകൾ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top