കൊച്ചി
കേരള ഫുട്ബോൾ ചരിത്രത്തിലെ സുവർണ സംഘമായ പ്രീമിയർ ടയേഴ്സിലെ കളിക്കാർ ഒരിക്കൽക്കൂടി പന്ത് തട്ടി. നെഹ്റു കപ്പിന്റെയും സന്തോഷ് ട്രോഫിയുടെയും ചരിത്രമുറങ്ങുന്ന എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ഇവർ ഒത്തുകൂടിയത്. അമ്പതാണ്ട് പിന്നിടുന്ന പ്രീമിയർ ടയേഴ്സ് ക്ലബ്ബിന്റെ ആവേശകരമായ ഓർമകൾ പങ്കുവച്ചു. എറണാകുളം ബോൾഗാട്ടി ഫുട്ബോൾ ക്ലബ്ബാണ് സുവർണതാരങ്ങളെ ആദരിച്ചത്. കുടുംബസംഗമവുമുണ്ടായി.
പ്രീമിയർ ടയേഴ്സിലെയും ബോൾഗാട്ടി ഫുട്ബോൾ ക്ലബ്ബിലെയും മുൻതാരങ്ങളാണ് അൽപ്പസമയം കളത്തിലിറങ്ങിയത്. പ്രീമിയർ ടയേഴ്‌സിന്റെ മഞ്ഞയും കറുപ്പും ജഴ്‌സിയണിഞ്ഞായിരുന്നു കളി. 1973ൽ ഇവിടെ പന്ത് തട്ടിയപ്പോഴുണ്ടായിരുന്ന നിറഞ്ഞ ഗ്യാലറിയും പിന്നിട്ടുനിന്നശേഷം തിരിച്ചുവന്ന് വമ്പൻ ടീമുകളെ തോൽപ്പിച്ചതുമൊക്കെ ഓർമകളിൽ നിറഞ്ഞു. കെ പി വില്യംസിന്റെ വളഞ്ഞിറങ്ങുന്ന കോർണർ കിക്കുകളും വിക്ടർ മഞ്ഞിലയുടെ സേവുകളും സേവ്യർ പയസിന്റെ കരുത്തുറ്റ ഷോട്ടുകളും ഓർത്തെടുത്തു.
പി പി പ്രസന്നൻ, മിത്രൻ, പി പൗലോസ്, വിക്ടർ മഞ്ഞില, കെ പി സേതുമാധവൻ, തമ്പി, സി സി ജേക്കബ്, ടി എ ജാഫർ, ഗുണശേഖരൻ, മൊയ്തീൻ, കെ പി വില്യംസ്, ധർമരാജൻ, സി ഡി ഫ്രാൻസിസ്, ബ്ലാസി ജോർജ്, സേവ്യർ പയസ്, ദിനകർ എന്നിവർ സംഗമത്തിലെത്തി. മുൻ സന്തോഷ് ട്രോഫി താരമായ പി പി തോബിയാസാണ് ബോൾഗാട്ടി ഫുട്ബോൾ ക്ലബ്ബിന്റെ അമരത്ത്. 1984ൽ പ്രീമിയർ ടയേഴ്സിനുവേണ്ടിയും കളിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..