20 April Saturday

മറഞ്ഞുപോയ 
സുവർണകാലം (മുഴങ്ങുന്നു മൈതാനം തുടരട്ടെ ഈ കാലം പരമ്പര)

പ്രദീപ് ഗോപാൽUpdated: Sunday May 29, 2022

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ 1987ൽ നടന്ന നെഹ്റു കപ്പ് ഫ-ുട്ബോൾ കാണാനെത്തിയ ജനക്കൂട്ടം (ഫോട്ടോഗ്രാഫർ അലി കോവൂരിന്റെ ശേഖരത്തിൽ നിന്ന് )

കേരള ഫുട്‌ബോൾ താളം വീണ്ടെടുക്കുന്ന കാലമാണിത്‌. പുതിയ ക്ലബ്ബുകളും കളിക്കാരും. കൂടുതൽ കിരീടനേട്ടങ്ങൾ.  കളിയെ പ്രൊഫഷണലായി കാണുന്ന ഒരു തലമുറ കടന്നുവരുന്നു. അവരുടെ പ്രതീക്ഷകളിലേക്ക്‌ ഒരന്വേഷണം. ഒപ്പം പോയകാലസ്‌മൃതികളിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടവും. ‘മുഴങ്ങുന്നു മൈതാനം; തുടരട്ടെ ഈ കാലം’ പരമ്പര തുടരുന്നു. തയ്യാറാക്കിയത്‌ സ്‌പോർട്‌സ്‌ ഡെസ്‌കിലെ പ്രദീപ്‌ ഗോപാൽ

കളത്തിലെ ഉണർവിനൊപ്പം  ഫുട്ബോളിനെ കേരളത്തിൽ അടയാളപ്പെടുത്തിയ കാലത്തെക്കുറിച്ചും ഓർക്കേണ്ട സമയമാണിത്. നിറയെ ക്ലബ്ബുകളും മത്സരങ്ങളും ആൾക്കൂട്ടവും നിറഞ്ഞ സുവർണകാലമുണ്ടായിരുന്നു കേരളത്തിന്.

ടൂർണമെന്റുകളുടെ അത്ഭുതലോകം
1970–90 കാലഘട്ടം. ഒമ്പതോളം അഖിലേന്ത്യാ ചാമ്പ്യൻഷിപ്പുകൾ നടന്ന കാലമുണ്ടായിരുന്നു കേരളത്തിന്. കണ്ണൂർ നെഹ്റു സ്റ്റേഡിയത്തിൽ ശ്രീനാരായണ ട്രോഫി, കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ സേഠ്‌ നാഗ്ജി കപ്പ്, തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ചാക്കോളോ ഗോൾഡ്‌ കപ്പ്‌, കൊല്ലത്ത്‌ ജൂബിലി കപ്പ്,  എറണാകുളത്ത്‌ നെഹ്റു ട്രോഫി,  ചങ്ങനാശേരിയിൽ കെഎഫ്എ ഷീൽഡ്, കോട്ടയത്ത് മാമ്മൻ മാപ്പിള ട്രോഫി, തിരുവനന്തപുരം ജി വി രാജാ ട്രോഫി എന്നിങ്ങനെ നിറയെ ടൂർണമെന്റുകൾ.\

റോവേഴ്‌സ്‌ കപ്പും നാഗ്‌ജിയുമായിരുന്നു വിദേശടീമുകളെ കൊണ്ടുവന്ന ആദ്യ ടൂർണമെന്റുകൾ. നെഹ്റു ട്രോഫിയിൽ 1997ൽ ഇറാഖുമായുള്ള സെമി കാണാൻ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി. 20 മിനിറ്റ്‌ കളി നിർത്തിവയ്‌ക്കേണ്ടിവന്നു. മെർദേക്ക കപ്പിനും ആരവമുണ്ടായി. ലോകതാരങ്ങൾ കൺമുന്നിൽ ഇറങ്ങി.

തനത്‌ ഫുട്ബോളിന്റെ 
സ്മാരകങ്ങൾ
ഇന്ത്യയിലെ അറിയപ്പെടുന്ന കളിക്കാർ വൻ ക്ലബ്ബുകളുടെ ഭാഗമായിരുന്നു. അലിൻഡ്‌ കുണ്ടറ, പ്രീമിയർ ടയേഴ്സ്, യങ് ചലഞ്ചേഴ്‌സ്‌, കസ്‌റ്റംസ്‌, എഫ്എസിടി, കെൽട്രോൺ, കെഎസ്‌ഇബി, ടൈറ്റാനിയം, കെഎസ്‌ആർടിസി, ലക്കി ബ്രദേഴ്സ് തുടങ്ങി കേരളത്തിലെവിടെയും ഫുട്ബോൾ ക്ലബ്ബുകൾ.

കേരള ഫുട്‌ബോൾ അസോസിയേഷൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനിൽ ഭാഗമാകുംമുമ്പേതന്നെ കളിയാരവങ്ങൾക്ക്‌ ഏകതാളമുണ്ടായിരുന്നു. 1954ലെ റോവേഴ്സ്‌ കപ്പിൽ അത്ഭുതം സൃഷ്ടിച്ച മലബാർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ അസോസിയേഷനായിരുന്നു തുടക്കം. ടി എ റഹ്മാനും ജെ ആന്റണിയുമായിരുന്നു സൂപ്പർ താരങ്ങൾ.

രാജ്യാന്തര താരങ്ങളുടെ തട്ടകമായ പ്രീമിയർ ടയേഴ്സ് 1970കളിൽ കേരള ഫുട്ബോളിനെ സമ്പന്നമാക്കി.  കേരള പൊലീസ് ടീം 1990കളിൽ കളംനിറഞ്ഞു. പിന്നാലെ എസ്‌ബിടി കേരളത്തിന്റെ വികാരമായി. കൂട്ടായ്മയിലൂടെ പ്രൊഫഷണൽ ഫുട്ബോൾ കളിച്ചാൽ നേട്ടങ്ങളുണ്ടാക്കാമെന്ന്‌ ഈ ടീമുകൾ തെളിയിച്ചു. എഫ്സി കൊച്ചിൻ ഇന്ത്യയിലെ ആദ്യ പ്രൊഫഷണൽ ക്ലബ്ബ്‌ എന്ന പകിട്ടുമായി അവതരിച്ചെങ്കിലും  തുടർച്ചയുണ്ടായില്ല.

അടയാളകാലം
ദേശീയതയായിരുന്നു സന്തോഷ് ട്രോഫിയുടെ മുഖമുദ്ര. സംസ്ഥാനങ്ങളോ പ്രവിശ്യകളോ തമ്മിൽ മത്സരിക്കുന്ന ഒരു ഫുട്ബോൾ ടൂർണമെന്റ് മറ്റെവിടെയുമില്ല.

രാജ്യത്തിന് കളിക്കുന്ന അതേ തീവ്രതയും ആവേശവുമുണ്ടായിരുന്നു സന്തോഷ് ട്രോഫിയിൽ ഇറങ്ങുന്ന ഓരോ കളിക്കാരനും. കേരളം അതിന്റെ ഊർജ ഉറവിടമായി. 1973ൽ ടി കെ എസ് മണിയുടെ കീഴിൽ ആദ്യമായി കേരളം സന്തോഷ് ട്രോഫി നേടിയപ്പോൾ വിത്തിട്ടതാണ്‌ ഈ വികാരം. ഒ ചന്ദ്രശേഖരൻ, ടി കെ എസ് മണി, സി സി ജേക്കബ്, ടി എ ജാഫർ, വി പി സത്യൻ, കുരികേശ് മാത്യു, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, യു ഷറഫലി, ജിജു ജേക്കബ്, ഐ എം വിജയൻ എന്നിങ്ങനെ നീളുന്ന പ്രതിഭകളെല്ലാം സന്തോഷ് ട്രോഫിയിൽ കളംനിറഞ്ഞു. 1992ൽ കേരളത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്ക് നയിക്കുമ്പോൾ വി പി സത്യൻ ഇന്ത്യൻ ടീമിന്റെയും നായകനായിരുന്നു. 1973, 1992, 1993 വർഷങ്ങളിലെല്ലാം ഇന്ത്യയുടെ ഇലവൻകൂടിയായിരുന്നു കേരളത്തിന്റെ ചാമ്പ്യൻ ടീമുകൾ.
                                
(നാളെ ഇടർച്ചയുടെ പാഠം)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top