25 April Thursday
പ്രൊഫഷണലിസത്തിലേക്കുള്ള ചുവടുവയ്‌പെന്ന്‌ അവകാശവാദം , വമ്പൻ പ്രഖ്യാപനങ്ങൾ

കളിക്കാൻ ‘കൺസോർഷ്യം’ ; കെഎഫ്‌എയുമായി 12 വർഷ കരാർ

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021


കൊച്ചി
വിമർശങ്ങളെ മറികടന്ന്‌ സ്വകാര്യപങ്കാളിത്തം പ്രഖ്യാപിച്ച്‌ കെഎഫ്‌എ (കേരള ഫുട്‌ബോൾ അസോസിയേഷൻ). മീരാൻസ്‌ സ്‌പോർട്‌സും സ്‌കോർലൈൻ സ്‌പോർട്‌സും നേതൃത്വം നൽകുന്ന കൺസോർഷ്യത്തിന്‌ കീഴിലാകും അടുത്ത 12 വർഷത്തെ കെഎഫ്‌എയുടെ പ്രവർത്തനം. സംസ്ഥാന ഫുട്‌ബോളിൽ പ്രൊഫഷണലിസം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നീക്കമാണിതെന്ന്‌ കെഎഫ്‌എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കെഎഫ്‌എയുടെ എല്ലാ ടൂർണമെന്റുകളും ഇനി കൺസോർഷ്യത്തിന്‌ കീഴിലാകും. 350 കോടി രൂപയാണ്‌ നിക്ഷേപം പ്രതീക്ഷിക്കുന്നത്‌. ഐഎസ്‌എൽ മാതൃകയിൽ കേരളത്തിൽ പുതിയ ലീഗ്‌ നിലവിൽവരും. ആകെ 10 ടീമുകളാകും. കേരളത്തിലെ കളിക്കാർക്കും പരിശീലകർക്കും പ്രൊഫഷണൽ കരാർ നൽകും. ആദ്യഘട്ടത്തിൽ 200 കളിക്കാരെ ഉൾപ്പെടുത്താനാകുമെന്നാണ്‌ പ്രതീക്ഷ. 

കെഎഫ്‌എയുടെ എല്ലാ ടൂർണമെന്റുകൾക്കും പണം ചെലവഴിക്കുക കൺസോർഷ്യമാകും. പരസ്യവരുമാനം അവർക്കാകും. ഓരോ വർഷവും ലാഭത്തിന്റെ 15 ശതമാനം കെഎഫ്‌എയ്‌ക്ക്‌. അസോസിയേഷന്റെ മറ്റ്‌ കാര്യങ്ങളിൽ കൺസോർഷ്യത്തിന്‌ ഇടപെടാനാകില്ലെന്ന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ്  കെ എം ഐ മേത്തർ, കെഎഫ്എ പ്രസിഡന്റ് ടോം ജോസ്, ജനറൽ സെക്രട്ടറി അനിൽകുമാർ, മീരാൻസ് സ്‌പോർട്‌സ് എൽഎൽപി ഡയറക്ടർ ഫിറോസ് മീരാൻ, സ്‌കോർലൈൻ സ്‌പോർട്‌സ് സിഇഒ സുധീർമേനോൻ എന്നിവർ വിശദീകരിച്ചു.

അപാകതയില്ലെന്ന്‌ കെഎഫ്‌എ
കൺസോർഷ്യവുമായുള്ള കരാറിൽ അപാകതകളൊന്നുമില്ലെന്ന് കെഎഫ്എ ജനറൽ സെക്രട്ടറി അനിൽകുമാർ. വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ ധാരണ.  കൺസോർഷ്യം വീഴ്ചവരുത്തിയാൽ കരാറിൽനിന്ന് പിൻമാറാം. പരമാധികാരം കെഎഫ്‌എയ്‌ക്കാണ്‌. കൺസോർഷ്യത്തിലെ സ്കോർലെെൻ സ്പോർട്സ് ഞാൻ തുടങ്ങിയതാണ്‌. നിലവിൽ തനിക്കോ കുടുംബത്തിനോ അതിൽ പങ്കാളിത്തമില്ലെന്ന്‌ അനിൽകുമാർ വ്യക്തമാക്കി.

ദക്ഷിണ മേഖലാ മത്സരങ്ങൾ കൊച്ചിയിൽ
സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങൾ കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. ഫെെ-നൽ റൗണ്ട് മലപ്പുറം മഞ്ചേരിയിലാണ്.
കേരളത്തിന്റെ സാധ്യതാ ടീമിനെ അടുത്താഴ്ച പ്രഖ്യാപിക്കും. കൊച്ചിയിലാകും പരിശീലന ക്യാമ്പ്. ഒക്ടോബർ 25 മുതൽ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ് നടത്താനും തീരുമാനമായി. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിലാകും കളികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top