കൊച്ചി
കഴിഞ്ഞ സീസൺ മറക്കാനും പൊറുക്കാനുമാകും കേരള ബ്ലാസ്‌റ്റേഴ്‌സ് ആഗ്രഹിക്കുക. പിഴയും വിലക്കും നേരിട്ട സീസണിൽ അഞ്ചാമതായാണ് ഫിനിഷ് ചെയ്‌തത്. എടികെ മോഹൻബഗാൻ ജേതാക്കളായപ്പോൾ ബംഗളൂരു എഫ്‌സി റണ്ണറപ്പായി. ബ്ലാസ്‌റ്റേഴ്‌സുമായി വിവാദ കളിക്കിറങ്ങിയ ബംഗളൂരു ഫൈനൽവരെ മുന്നേറി. പത്താംപതിപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും കോച്ച് ഇവാൻ വുകോമനോവിച്ച് ആഗ്രഹിക്കില്ല. പക്ഷേ, എളുപ്പമല്ല. മൂന്നുതവണ റണ്ണറപ്പായതാണ് ചരിത്രം. ഡ്യുറന്റ് കപ്പിൽ മികച്ച പ്രകടനം നടത്താനായില്ല. ഗോകുലം കേരളയോട് തോറ്റു. ടീം ഒരാഴ്‌ചത്തെ പരിശീലനത്തിനായി യുഎഇയിലാണ്. അവിടെ മൂന്ന് പരിശീലനമത്സരത്തിനിറങ്ങുന്നുണ്ട്. സഹൽ അബ്‌ദുൽ സമദ് ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പർ ജയന്റിനായാണ് ബൂട്ട് കെട്ടുന്നത്. ബഗാന്റെ പ്രതിരോധക്കാരൻ പ്രീതം കോട്ടാൽ ടീമിലുണ്ട്.
രണ്ട് വർഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് ആണിക്കല്ല്. കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണയായിരിക്കും പ്രധാനതാരം. മുന്നേറ്റത്തിൽ ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസിലും പ്രതീക്ഷയാണ്.
മധ്യനിരയിൽ ജപ്പാൻതാരം ഡെയ്‌സുക്, മുന്നേറ്റത്തിൽ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തിൽ മിലോസ് ഡ്രിൻകിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നിവരാണ് വിദേശതാരങ്ങൾ. പ്രീതത്തിന് പുറമെ ഡിഫൻസീവ് മിഡ്‌ഫീൽഡറായ ജീക്‌സൺ സിങ്, പുതിയ താരം പ്രബീർ ദാസ്, കെ പി രാഹുൽ എന്നിവരാണ് പ്രധാന ഇന്ത്യൻ താരങ്ങൾ. സഹലിന് പകരം മധ്യനിരയിൽ മലയാളി യുവതാരം വിബിൻ മോഹനനെയാകും വുകോമനോവിച്ച് പരിഗണിക്കുക. ഗ്രീസിൽ പരിശീലനം കഴിഞ്ഞെത്തിയ ഈ ഇരുപതുകാരൻ നിലവിൽ ഇന്ത്യൻ അണ്ടർ 23 ടീമിനൊപ്പമാണ്. ഒമ്പത് മലയാളികളാണ് ടീമിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..