20 April Saturday

ഉറപ്പിച്ചോ ബ്ലാസ്‌റ്റേഴ്‌സ്‌ ; ഇനി അഞ്ച്‌ കളി ബാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

image credit Kerala Blasters fc twitter


കൊച്ചി
ഇനി പ്ലേ ഓഫിലേക്കാണ്‌ കണ്ണുകൾ. അഞ്ച് മത്സരം ബാക്കി. ഐഎസ്‌എൽ അവസാനഘട്ടത്തിലെത്തുമ്പോൾ മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ്‌ എഫ്‌സിയും മാത്രമാണ്‌ പ്ലേ ഓഫ്‌ ഉറപ്പാക്കിയത്‌. ശേഷിക്കുന്ന നാല്‌ സ്ഥാനങ്ങൾ ഇനിയും മാറിമറയാം. ഇക്കുറി ആറ്‌ ടീമുകളാണ്‌ പ്ലേ ഓഫ്‌ കളിക്കുക. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പട്ടികയിൽ മൂന്നാംസ്ഥാനത്താണ്‌. അവസാനകളിയിൽ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ മൂന്നാംസ്ഥാനം തിരിച്ചുപിടിച്ചത്‌. രണ്ടാമതുള്ള ഹൈദരാബാദ്‌ എഫ്‌സിയെക്കാൾ ഏഴ്‌ പോയിന്റ്‌ പിന്നിൽ.

ബ്ലാസ്‌റ്റേഴ്‌സിനുപിന്നിൽ എടികെ മോഹൻബഗാൻ (27), എഫ്‌സി ഗോവ (26), ബംഗളൂരു എഫ്‌സി (22) ടീമുകളാണ്‌ ഉള്ളത്‌. ഇതിൽ ഗോവയ്‌ക്കും ബംഗളൂരുവിനും ഇനി നാല്‌ മത്സരം മാത്രമാണ്‌ ബാക്കി. 22 പോയിന്റുമായി ഏഴാമതുള്ള ഒഡിഷ എഫ്‌സി, 17 പോയിന്റുമായി എട്ടാമതുള്ള ചെന്നെയിൻ എഫ്‌സി ടീമുകളും സാധ്യതയിലുണ്ട്‌.

ഈസ്‌റ്റ്‌ ബംഗാളിന്റെ (12) സാധ്യത നേർത്തപ്പോൾ ജംഷഡ്‌പുർ എഫ്‌സി (9), നോർത്ത്‌ ഈസ്‌റ്റ്‌ (2) ടീമുകൾ പുറത്തായി. നിലവിൽ മൂന്നാംസ്ഥാനത്താണെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പ്ലേ ഓഫ്‌ ഉറപ്പാക്കിയിട്ടില്ല. അവസാന മൂന്ന്‌ മത്സരങ്ങളിൽ രണ്ടിലും തോറ്റതാണ്‌ തിരിച്ചടിയായത്‌. നോർത്ത്‌ ഈസ്‌റ്റിനെ തോൽപ്പിച്ച്‌ തിരിച്ചെത്തിയെങ്കിലും ഇനിയുള്ള കളികളെല്ലാം നിർണായകമാണ്‌.

ഈസ്‌റ്റ്‌ ബംഗാൾ (ഫെബ്രുവരി 3), ചെന്നെയിൻ (7), ബംഗളൂരു (11), എടികെ മോഹൻ ബഗാൻ (18), ഹൈദരാബാദ്‌ (26) ടീമുകളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനിയുള്ള മത്സരങ്ങൾ. ഇതിൽ ചെന്നൈയിൻ, ഹൈദരാബാദ്‌ ടീമുകളുമായുള്ള കളികൾമാത്രമാണ്‌ കൊച്ചിയിൽ. ബാക്കിയെല്ലാം എതിർത്തട്ടകത്തിൽ. കൊച്ചിയിൽ തുടർച്ചയായ അഞ്ചാംജയമായിരുന്നു കഴിഞ്ഞദിവസം ഇവാൻ വുകോമനോവിച്ചും സംഘവും കുറിച്ചത്‌. നിലവിലെ റണ്ണറപ്പുകളായ ബ്ലാസ്‌റ്റേഴ്‌സിന്‌ പ്രതിരോധത്തിലെ പ്രശ്‌നങ്ങളാണ്‌ തിരിച്ചടിയാകുന്നത്‌. നോർത്ത്‌ ഈസ്‌റ്റിനെതിരെ ഗോൾ വഴങ്ങാതെ അവസാനിപ്പിച്ചെങ്കിലും ഈ കളി പോരാ ബ്ലാസ്‌റ്റേഴ്‌സിന്‌.

മാർകോ ലെസ്‌കോവിച്ചിന്റെ പരിക്ക്‌ കാര്യമായി ബാധിച്ചു. മധ്യനിരയിൽ അഡ്രിയാൻ ലൂണയൊഴികെ മറ്റാർക്കും സ്ഥിരത കാട്ടാനാകുന്നില്ല. മുന്നേറ്റത്തിൽ ദിമിത്രിയോസ്‌ ഡയമന്റാകോസിന്‌ പറ്റിയയൊരു പങ്കാളിയും വേണം. ഇനിയും വലിയ അഞ്ച്‌ ചുവടുകളുണ്ടെന്നായിരുന്നു മത്സരശേഷമുള്ള വുകോമനോവിച്ചിന്റെ പ്രതികരണം. കൊൽക്കത്തയിൽ വെള്ളിയാഴ്‌ചയാണ്‌ ഈസ്‌റ്റ്‌ ബംഗാളുമായുള്ള കളി. ജയിച്ചാൽ പ്ലേ ഓഫിലേക്ക്‌ ഒരു ചുവടുകൂടി മുന്നേറാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top