29 March Friday
ബ്ലാസ്റ്റേഴ്സിന് അവസാന നാല് കളിയിൽ മൂന്ന് തോൽവി

ഒറ്റയടിയിൽ വീണു ; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ്‌ സാധ്യതകൾക്ക്‌ തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

image credit indiansuperleague.com

കൊൽക്കത്ത
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ്‌ സാധ്യതകൾക്ക്‌ തിരിച്ചടി. ഐഎസ്‌എല്ലിൽ ഈസ്‌റ്റ്‌ ബംഗാളിനോട്‌ ഒരു ഗോളിനാണ്‌ തോൽവി. 28 പോയിന്റുമായി മൂന്നാംസ്ഥാനത്ത്‌ തുടരുന്നുണ്ടെങ്കിലും ശേഷിക്കുന്ന മത്സരങ്ങൾ കരുത്തരുമായിട്ടാണ്‌. ക്ലെയ്‌റ്റൺ സിൽവയാണ്‌ ഈസ്‌റ്റ്‌ ബംഗാളിനായി ഗോളടിച്ചത്‌. നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡിനെതിരായ ജയത്തിന്റെ ആത്മവിശ്വാസത്തിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ്‌ ഇവാൻ വുകോമനോവിച്ച്‌ ടീമിനെ ഇറക്കിയത്‌. എന്നാൽ, കൊൽക്കത്തയിൽ കളി മങ്ങി. അത്രയൊന്നും മികച്ചതല്ലാത്ത ഈസ്‌റ്റ്‌ ബംഗാൾ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻപോലും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയ്‌ക്ക്‌ കഴിഞ്ഞില്ല.

ആദ്യഘട്ടത്തിൽത്തന്നെ ഗോൾ വഴങ്ങേണ്ടതായിരുന്നു. എന്നാൽ, ഗോൾ കീപ്പർ കരൺജിത്‌ സിങ്ങിന്റെ പ്രകടനം രക്ഷപ്പെടുത്തി. ക്ലെയ്‌റ്റന്റെ തുടർച്ചയായ രണ്ട്‌ ഗോൾശ്രമങ്ങളെയാണ്‌ കരൺജിത്‌ തടഞ്ഞത്‌. രണ്ടാമത്തേത്‌ ഒറ്റക്കൈകൊണ്ട്‌ തട്ടിയകറ്റുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റക്കാരൻ ദിമിത്രിയോസ്‌ ഡയമന്റാകോസിന്‌ പിന്തുണ കിട്ടിയില്ല. രണ്ടാംപകുതിയിൽ ഡയമന്റാകോസ്‌ നൽകിയ ഒന്നാന്തരം ക്രോസ്‌ മുതലാക്കാൻ കെ പി രാഹുലിന്‌ കഴിഞ്ഞില്ല. ഗോൾമുഖത്തുവച്ച്‌ പന്ത്‌ കാലിൽ കുരുങ്ങാതെപോയി. മധ്യനിരയിൽ അഡ്രിയാൻ ലൂണ നടത്തിയ നീക്കങ്ങളും പൂർണതയില്ലാതെ അവസാനിച്ചു. മറുവശത്ത്‌ പ്രതിരോധം പലപ്പോഴും ആടിയിളകി.

ഹർമൻജോത്‌ കബ്രയ്‌ക്ക്‌പകരം നിഷു കുമാർ വന്നെങ്കിലും പ്രതിരോധത്തിലെ പാളിച്ച മുഴച്ചുനിന്നു. ഈസ്‌റ്റ്‌ ബംഗാളിന്റെ ഗോളിന്‌ കാരണമായതും നിഷുവിന്റെ പിഴവായിരുന്നു. നിഷു പന്ത്‌ കുത്തിയിട്ടത്‌ ഈസ്‌റ്റ്‌ ബംഗാൾ താരത്തിന്റെ മുന്നിലേക്കായിരുന്നു. പിന്നെ മഹേഷ്‌ സിങ്ങിന്റെ ഇടതുഭാഗത്തിലൂടെയുള്ള മുന്നേറ്റം. അതും തടയാൻ നിഷുവിന്‌ കഴിഞ്ഞില്ല. മഹേഷിന്റെ ഷോട്ട്‌ കരൺജിത്‌ തട്ടിയകറ്റിയെങ്കിലും ഗോൾ വീണു. ഡാനിഷ്‌ ഫാറൂഖിനെ മറികടന്ന്‌ ക്ലെയ്‌റ്റൺ വലകുലുക്കി. കളിയുടെ അവസാനഘട്ടത്തിൽ ലൂണയെ വീഴ്‌ത്തിയതിന്‌ ഈസ്‌റ്റ്‌ ബംഗാൾ താരം മൊബഷിർ റഹ്‌മാൻ രണ്ട്‌ മഞ്ഞക്കാർഡ്‌ കണ്ട്‌ പുറത്തായി.

അവസാന നാല്‌ കളിയിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാംതോൽവിയാണ്‌. 15 പോയിന്റുമായി ഒമ്പതാംസ്ഥാനത്താണ്‌ ഈസ്‌റ്റ്‌ ബംഗാൾ. പ്ലേ ഓഫ്‌ സാധ്യത നിലനിർത്താനും അവർക്ക്‌ കഴിഞ്ഞു. ഏഴിന്‌ ചെന്നൈയിൻ എഫ്‌സിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയിലാണ്‌ കളി.ഇന്ന്‌ ഐഎസ്‌എല്ലിൽ രണ്ട്‌ മത്സരങ്ങളാണ്‌. പ്ലേ ഓഫ്‌ ഉറപ്പാക്കിയ മുംബൈ സിറ്റി എഫ്‌സിയും ഹൈദരാബാദ്‌ എഫ്‌സിയും തമ്മിലാണ്‌ ആദ്യ കളി. ഇതിനകം പ്ലേ ഓഫ്‌ സാധ്യത നഷ്ടമായ നോർത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡും ജംഷഡ്‌പുർ എഫ്‌സിയും തമ്മിലാണ്‌ അടുത്ത മത്സരം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top