19 March Tuesday

ലക്ഷ്യം പ്ലേ ഓഫ്‌
 , കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഐഎസ്‌എല്ലിൽ ഇന്ന്‌ ചെന്നൈയിൻ പരീക്ഷണം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

image credit Kerala Blasters fc twitter


കൊച്ചി
നിർണായകഘട്ടത്തിൽ അടിപതറുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഐഎസ്‌എല്ലിൽ ഇന്ന്‌ ചെന്നൈയിൻ പരീക്ഷണം. കൊച്ചിയിലാണ്‌ കളി. സ്വന്തം തട്ടകത്തിൽ വിജയക്കുതിപ്പ്‌ നടത്തുന്ന ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന്‌ ജയിക്കാനായാൽ പ്ലേ ഓഫിലേക്ക്‌ അടുക്കാം. നിലവിൽ മൂന്നാംസ്ഥാനത്താണ്‌ ഇവാൻ വുകോമനോവിച്ചിന്റെ സംഘം. ചെന്നൈയിൻ എട്ടാംസ്ഥാനത്താണ്‌. ഇന്ന്‌ തോറ്റാൽ ചെന്നൈയിനിന്റെ പ്രതീക്ഷകൾ മങ്ങും.
അവസാനകളിയിൽ ഈസ്‌റ്റ്‌ ബംഗാളിനോട് തോറ്റത്‌ ബ്ലാസ്‌റ്റേഴ്‌സിനെ നിരാശരാക്കിയിട്ടുണ്ട്‌. പട്ടികയിലെ ഒമ്പതാംസ്ഥാനക്കാരായ ഈസ്‌റ്റ്‌ ബംഗാളിനോട്‌ ഒരു ഗോളിനായിരുന്നു തോൽവി. സ്ഥിരതയില്ലാത്തതാണ്‌ ടീമിന്റെ വലിയ പ്രശ്‌നം. അവസാന നാല്‌ കളിയിൽ ഒരുജയംമാത്രമാണ്‌ നേടാനായത്‌. ശേഷിച്ച മൂന്നിലും തോറ്റു.

‘ഞങ്ങൾ നിലവിൽ മൂന്നാംസ്ഥാനത്തുണ്ട്‌. പക്ഷേ, ഒന്നും ഉറപ്പല്ല. ജയിച്ച്‌ പ്ലേ ഓഫ്‌ ഉറപ്പിക്കുകയാണ്‌ ലക്ഷ്യം. ലീഗിൽ എന്തും സംഭവിക്കാം. ഏത്‌ ടീമിനും സ്വന്തം തട്ടകത്തിലോ എതിർ തട്ടകത്തിലോ ആരെയും തോൽപ്പിക്കാം. എല്ലാ ടീമുകൾക്കും നല്ല കാലഘട്ടമുണ്ടാകാം. അസ്ഥിരതയുടെ ഒരുഘട്ടവുമുണ്ട്‌. ഒരുഘട്ടത്തിൽ തളർന്നുപോയ  ബംഗളൂരു എഫ്‌സി ഇപ്പോൾ വിജയവഴിയിലെത്തുകയും നന്നായി കളിക്കുകയും ചെയ്യുന്നു’ –- വുകോമനോവിച്ച്‌ പറഞ്ഞു.മുന്നേറ്റതാരം അപോസ്‌തലോസ്‌ ജിയാനു ഇന്ന്‌ കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. പ്രതിരോധക്കാരൻ മാർകോ ലെസ്‌കോവിച്ച്‌ പരിക്കുമാറി പരിശീലനം നടത്തിയെങ്കിലും കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.


 

സഞ്‌ജു ബ്ലാസ്‌റ്റേഴ്‌സ്‌ ബ്രാൻഡ്‌ 
അംബാസഡർ
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ബ്രാൻഡ്‌ അംബാസഡർ. ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്‌റ്റനാണ്‌ സഞ്‌ജു. സഞ്ജുവിനെ ബ്ലാസ്‌റ്റേഴ്‌സ്‌ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നായിരുന്നു ടീം ഡയറക്ടർ നിഖിൽ ഭരദ്വാജിന്റെ പ്രതികരണം. എപ്പോഴും ഒരു ഫുട്ബോൾ ആരാധകനാണെന്നും അച്ഛൻ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോളിനോട്‌ പ്രത്യേക ഇഷ്ടമുണ്ടെന്നും സഞ്‌ജു പറഞ്ഞു. ഇന്ന്‌ ചെന്നൈയിൻ എഫ്‌സിയുമായുള്ള കളി കാണാൻ സഞ്‌ജു കൊച്ചി സ്‌റ്റേഡിയത്തിൽ എത്തുമെന്നാണ്‌ പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top