കൊച്ചി
കേരള ബ്ലാസ്‌റ്റേഴ്‌സിന് പതിവുരീതി മാറ്റണം. 10–-ാംസീസണിലെത്തിനിൽക്കുന്ന ഐഎസ്‌എൽ ഫുട്‌ബോളിൽ കിരീടസ്വപ്‌നം ഇക്കുറിയെങ്കിലും നിറവേറ്റണം. എല്ലാ സീസണിലും ഒരേ കഥയാണ് ബ്ലാസ്‌റ്റേഴ്‌സിന്. കഴിഞ്ഞ സീസൺ പൂർണമായും നിരാശപ്പെടുത്തി. പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ വിലക്കും ടീമിന് കിട്ടിയ വൻ പിഴയും തുടക്കത്തിൽതന്നെ ബ്ലാസ്‌റ്റേഴ്‌സിനെ തളർത്തിയിട്ടുണ്ട്. നാളെ കൊച്ചിയിൽ ബംഗളൂരു എഫ്‌സിയുമായിട്ടാണ് സീസണിലെ ആദ്യകളി.
വുകോമനോവിച്ചിനും സംഘത്തിനും ഓർക്കാനിഷ്ടപ്പെടാത്ത സീസണാണ് കഴിഞ്ഞുപോയത്. ബംഗളൂരു എഫ്‌സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് കോച്ചിന്റെ നേതൃത്വത്തിൽ കളിക്കാർ കളംവിട്ടത് വൻ വിമർശമുയർത്തി. അച്ചടക്ക നടപടിയും വന്നു. 10 മത്സരത്തിലാണ് വുകോയുടെ വിലക്ക്. ഡ്യുറൻഡ് കപ്പിലെ മൂന്ന് മത്സരങ്ങൾ കഴിഞ്ഞ് ഇനിയും ഏഴെണ്ണം ബാക്കിയുണ്ട്. വുകോയുടെ പരിശീലന മികവിൽ 2021–-22 സീസണിൽ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ കടന്നിരുന്നു. എന്നാൽ, കഴിഞ്ഞ സീസണിൽ മുന്നേറ്റത്തിലെയും പ്രതിരോധത്തിലെയും മികച്ച താരങ്ങൾ ടീം വിട്ടത് തിരിച്ചടിയായി.
ഈ സീസണിലും ചില പരിചിതമുഖങ്ങൾ ഇല്ല. ഗോൾവലയ്ക്കുമുന്നിൽ പ്രഭ്‌സുഖൻ സിങ് ഗിൽ ഇല്ല. സച്ചിൻ സുരേഷായിരിക്കും ഗോൾകീപ്പർ. പ്രതിരോധത്തിലും മാറ്റമുണ്ടായി. ക്യാപ്‌റ്റൻ ജെസെൽ കർണെയ്‌റോയും ഹർമൻജോത് ഖബ്രയും ടീം വിട്ടു. വിദേശതാരം വിക്ടർ മോൻഗിലും ഒഴിഞ്ഞു. എന്നാൽ, പ്രതിരോധത്തിൽ മികച്ച താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞു. പ്രീതം കോട്ടാലും പ്രബീർ ദാസും മുതൽക്കൂട്ടാണ്. മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ചാണ് ഈ സീസണിലെ മറ്റൊരു പ്രധാന പ്രതിരോധക്കാരൻ. കൂട്ടിന് മാർകോ ലെസ്‌കോവിച്ചുമുണ്ട്.
മധ്യനിരയിൽ സഹൽ അബ്‌ദുൾ സമദിന്റെ അഭാവം തിരിച്ചടിയാകും. ആറ് വർഷത്തിനുശേഷമാണ് സഹൽ ക്ലബ് വിടുന്നത്. നിലവിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിലാണ്. വിദേശതാരങ്ങളായ അപോസ്‌തലോസ് ജിയാനു, ഇവാൻ കലിയുഷ്‌നി എന്നിവരും മടങ്ങി. മധ്യനിരയിൽ അക്കാദമി താരങ്ങളും യുവതാരങ്ങളുമാണ് ഇനി ടീമിന്. വിബിൻ മോഹനൻ, മുഹമ്മദ് അയ്‌മെൻ, നിഹാൽ സുധീഷ് എന്നിവർക്കൊപ്പം ബ്രൈസ് മിറാൻഡയുമുണ്ട്. പഞ്ചാബ് എഫ്‌സിയുടെ ഫ്രെഡി ലല്ലാവ്‌മാവ്‌മയാണ് പുതുതായെത്തിയത്. ഉറുഗ്വേക്കാരൻ അഡ്രിയാൻ ലൂണയ്‌ക്കായിരിക്കും ഇക്കുറിയും മധ്യനിരയുടെ ചുമതല.
മുന്നേറ്റത്തിൽ ദിമിത്രിയോസ് ഡയമന്റാകോസ് വിശ്വസ്‌തനാണ്. ഘാനയുടെ ഇരുപത്തിരണ്ടുകാരൻ ക്വാമി പെപ്രാഹിൽ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. അതിനിടെ പ്രതീക്ഷയോടെ കൊണ്ടുവന്ന ഓസ്‌ട്രേലിയക്കാരൻ ജോഷ്വ സോറിട്ടിയോ പരിക്കേറ്റ് മടങ്ങിയത് കനത്ത തിരിച്ചടിയായി. ജപ്പാനീസ് വിങ്ങർ ദയ്‌സുകെ സകായ് മികവുകാട്ടും. പരിക്കുമാറാത്ത ഇഷാൻ പണ്ഡിത ആദ്യ മത്സരങ്ങൾക്കുണ്ടാകില്ല. കിരീടമാണ് ലക്ഷ്യമെങ്കിലും പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഉൾപ്പെടുകയാണ് ടീമിന്റെ പ്രഥമ പരിഗണന.
കേരള ബ്ലാസ്റ്റേ--ഴ്സ് ടീം
ഗോൾ കീപ്പർമാർ: കരൺജിത് സിങ്, ലാറ ശർമ, മുഹമ്മദ് അർബാസ്, സച്ചിൻ സുരേഷ്.
പ്രതിരോധം: അയ്‌ബാന്ദ ദോഹ്‌ലിങ്, ഹുയ്‌ദ്രോം സിങ്, മാർകോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിൻസിച്ച്, പ്രബീർ ദാസ്, പ്രീതം കോട്ടാൽ, റുയ്‌വാ ഹോർമിപാം, സന്ദീപ് സിങ്.
മധ്യനിര: അഡ്രിയാൻ ലൂണ, ബ്രൈസ് മിറാൻഡ, ഡാനിഷ് ഫാറൂഖ്, ഫ്രെഡി ലല്ലാവ്‌മാവ്‌മ, ജീക്‌സൺ സിങ്, മുഹമ്മദ് അയ്‌മെൻ, മുഹമ്മദ് അസ്‌ഹർ, സൗരവ് മണ്ഡൽ, സുഖം മെയ്‌തെയ്, വിബിൻ.
മുന്നേറ്റം: ബിദ്യാസാഗർ, ദയ്‌സുകെ സകായ്, ദിമിത്രിയോസ് ഡയമന്റാകോസ്, ഇഷാൻ പണ്ഡിത, ക്വാമി പെപ്രാഹ്, നിഹാൽ, രാഹുൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..