27 April Saturday

വിട റയൽ: 14 വർഷത്തിനുശേഷം 
കരിം ബെൻസെമ മടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

Photo Credit: Karimbenzema/Twitter

മാഡ്രിഡ്‌
റയൽ മാഡ്രിഡിൽ ഒരു യുഗം അവസാനിക്കുന്നു. 14 വർഷത്തിനുശേഷം കരിം ബെൻസെമ ക്ലബ്ബിന്റെ പടിയിറങ്ങി. ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കുശേഷം ആര്‌ എന്ന ചോദ്യത്തിന്‌ റയലിന്‌ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ–- ബെൻസെമ. ഒമ്പതുവർഷം പോർച്ചുഗീസ്‌ മുന്നേറ്റക്കാരന്റെ നിഴലിൽ പതുങ്ങിയ ബെൻസെമയുടെ കഴിവിനെപ്പറ്റി ക്ലബ്ബിന്‌ സംശയം ഒട്ടുമുണ്ടായില്ല. റയൽ ആ ഫ്രഞ്ചുകാരനിൽ വിശ്വസിച്ചു. ബെൻസെമ വിശ്വാസം കാത്തു.

2018ൽ റൊണാൾഡോ ടീം വിട്ടശേഷം ഗോളടി ചുമതല ഏറ്റെടുത്തു. 647 കളിയിൽ 353 ഗോൾ. ക്ലബ്ബിനായുള്ള ഗോളടിയിൽ റൊണാൾഡോയുടെ റെക്കോഡിനുപിന്നിൽ. റയലിനായി ഏറ്റവും കൂടുതൽ കുപ്പായമണിഞ്ഞ അഞ്ചാമത്തെ താരം. അഞ്ച്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഉൾപ്പെടെ 25 കിരീടങ്ങൾ. മറ്റാർക്കുമില്ലാത്ത നേട്ടം. 2009ൽ ഫ്രഞ്ച്‌ ടീം ല്യോണിൽനിന്ന്‌ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയ ചെറുപ്പക്കാരൻ 14 വർഷങ്ങൾക്കുശേഷം മടങ്ങുന്നത്‌ ബാലൻ ഡി ഓർ ജേതാവായി. ഇനി നേടാൻ ബാക്കിയൊന്നുമില്ലെന്ന പ്രഖ്യാപനത്തോടെ. പക്ഷേ, ഫ്രാൻസിനാപ്പം ലോകകപ്പ്‌ ഫുട്‌ബോൾ ഉയർത്താനായില്ലെന്ന ദുഃഖം ബാക്കി.

റയലിൽ തുടക്കത്തിൽ അവസരങ്ങൾ കുറവായിരുന്നു. ഫ്രഞ്ച്‌ ടീമിലും സ്ഥാനമുണ്ടായിരുന്നില്ല. സഹതാരത്തെ ചൂഷണം ചെയ്‌തതിന്‌ വിലക്കുണ്ടായി. ഏഴുവർഷത്തോളം ഫ്രഞ്ച്‌ ടീമിൽനിന്ന്‌ പുറത്തിരുന്നു. 2018ൽ ഫ്രാൻസ്‌ ലോകകപ്പ്‌ നേടുമ്പോൾ കാഴ്‌ചക്കാരൻമാത്രം. ലോകകപ്പുകൂടി ഉണ്ടായിരുന്നെങ്കിൽ ആ കളിജീവിതം സമ്പൂർണമാകുമായിരുന്നു. കഴിഞ്ഞ യൂറോ കപ്പിലാണ്‌ ദേശീയ ടീമിൽ തിരിച്ചുവന്നത്‌. എന്നാൽ, ഖത്തർ ലോകകപ്പിൽ പരിക്ക്‌ തളർത്തി. മത്സരത്തിനുമുമ്പേ ഒഴിവാകേണ്ടി വന്നു. പിന്നാലെ രാജ്യാന്തര വേദിയിൽനിന്ന്‌ വിരമിക്കലും പ്രഖ്യാപിച്ചു.
ഒരുവർഷംകൂടി കരാർ ബാക്കിയുണ്ടായിരുന്നു ബെൻസെമയ്‌ക്ക്‌. എന്നാൽ, ടീം വിടാൻ അനുവദിക്കണമെന്ന്‌ മുപ്പത്തഞ്ചുകാരൻ ആവശ്യപ്പെടുകയായിരുന്നു. ഇനി സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിലേക്കാണ്‌.  രണ്ടുവർഷത്തേക്ക്‌ 1800 കോടിയോളം രൂപയാണ്‌ പ്രതിഫലം. നാളെ മാഡ്രിഡ്‌ നഗരത്തിൽ റയൽ ബെൻസെമയ്‌ക്ക്‌ ഔദ്യോഗിക യാത്രയയപ്പ്‌ നൽകും. പിന്നാലെ സൗദി ക്ലബ്ബിന്റെ പ്രഖ്യാപനവും വന്നേക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top