കാസർകോട്
കഴിഞ്ഞതവണ നഷ്‌ടപ്പെട്ടത് വീണ്ടെടുക്കാനാണ് ഇന്ത്യ കബഡിയിൽ ഇറങ്ങുന്നത്. ഇതുവരെ ഒമ്പത് സ്വർണവും ഓരോ വെള്ളിയും വെങ്കലവുമാണ് സമ്പാദ്യം. കബഡി മത്സര ഇനമാക്കിയ 1990 മുതൽ 2014 വരെ പുരുഷന്മാർ തുടർച്ചയായി ഏഴ് സ്വർണം സ്വന്തമാക്കി. കഴിഞ്ഞതവണ ഇറാൻ സ്വർണം കൊണ്ടുപോയപ്പോൾ ഇന്ത്യക്ക് വെങ്കലം. വനിതകൾ 2010ലും 2014ലും സ്വർണം നേടി. കഴിഞ്ഞതവണ ഇറാനോട് തോറ്റ് വെള്ളിയിൽ ഒതുങ്ങി. സ്വർണം വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് പുരുഷടീമിന്റെ പരിശീലകനായി തിരിച്ചെത്തിയ കാസർകോട് കൊടക്കാട് സ്വദേശി ഇ ഭാസ്‌കരൻ പറഞ്ഞു.
ബംഗളൂരു സായിയിൽ ഹൈ പെർഫോമൻസ് കോച്ചായ ഭാസ്‌കരനുകീഴിലാണ് 2010-ൽ ഇന്ത്യൻ പുരുഷടീമും 2014ൽ വനിതാടീമും സ്വർണം നേടിയത്. എന്തും നേരിടാനുള്ള മനസ്സാന്നിധ്യമാണ് പുരുഷടീമിന്റെ കരുത്തെന്ന് ഭാസ്‌കരൻ പറഞ്ഞു. ആക്രമണത്തിലും പ്രതിരോധത്തിലും നല്ല ഒത്തിണക്കമുണ്ട്. ആക്രമണത്തിൽ ഡൽഹിയുടെ പവൻകുമാറും പ്രതിരോധത്തിൽ ഹരിയാനയിലെ സുനിൽകുമാറുമാണ് ടീമിന്റെ തുറുപ്പുശീട്ട്. ഇത്തവണയും ഇറാനായിരിക്കും പ്രധാന വെല്ലുവിളി. ബംഗ്ലാദേശും പാകിസ്ഥാനും മികച്ച ടീമാണ്. ബുസാനിലെ കബഡി ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇറാനെ പരാജയപ്പെടുത്തിയത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. പ്രൊ കബഡിയിൽ കഴിവുതെളിയിച്ച കളിക്കാരാണ് ടീമിൽ.
ഭോപ്പാൽ മിലിട്ടറി ഇഎംഇയിൽ സുബേദാർ മേജറായിരുന്ന ഭാസ്കരൻ വെള്ളച്ചാൽ റെഡ്സ്റ്റാർ ടീമിലൂടെയാണ് കബഡിയിലെത്തിയത്. പയ്യന്നൂർ കോളേജിനും കലിക്കറ്റ് സർവകലാശാലയ്‌ക്കും ജേഴ്സിയണിഞ്ഞു. പ്രൊ കബഡി ലീഗിൽ യു മുംബയെ ഒരിക്കൽ ചാമ്പ്യന്മാരും രണ്ടുവട്ടം റണ്ണറപ്പുമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..