20 April Saturday

ജപ്പാൻ സുനാമി; ഏഷ്യൻ പടയോട്ടത്തിൽ ചാമ്പ്യൻമാർ വിളറുന്നു

ഖത്തറിൽനിന്ന് 
രഞ്ജിത്Updated: Thursday Nov 24, 2022

image credit FIFA WORLD CUP twitter

ആഞ്ഞടിച്ചൊരു സുനാമിയായിരുന്നു ജപ്പാൻ. പേരും പെരുമയും പെരുങ്കോട്ടയുമായി 
ലോക ഫുട്‌ബോളിന്റെ തീരത്തിരുന്ന ജർമനി അതിൽ ഒലിച്ചുപോയി. കളിയുടെ 
രണ്ടാംപകുതിയിൽ ജപ്പാൻ കാട്ടിയ 
സംഘചലനങ്ങളിൽ ജർമനിയുടെ
യന്ത്രപ്പല്ലുകൾ തെറിച്ചു. 2018ലെ
ആദ്യ കളിയിൽ മെക്‌സിക്കോയോട്‌ തോറ്റ
ജർമനി യുവനിരയുമായി ഒരു തിരിച്ചു
വരവിനാണ്‌ ശ്രമിച്ചത്‌. 
പക്ഷേ, ജപ്പാനായിരുന്നു. പൊള്ളുന്ന 
ചരിത്രങ്ങളിൽനിന്നാണ്‌ അവരുടെ വരവ്‌. 
പുകയുന്ന പർവതങ്ങളിൽനിന്ന്‌ പകർന്നെടുത്ത ലാവാപ്രവാഹമാണ്‌ അവരുടെ സിരകളിൽ. 
മരണഗ്രൂപ്പ്‌ എന്ന്‌ പേരുള്ള ഇ ഗ്രൂപ്പിൽ ആദ്യ അപകടമണി ജപ്പാൻ മുഴക്കിയിരിക്കുന്നു.

ആദ്യം അർജന്റീന, പിന്നെ ജർമനി. ഏഷ്യൻ പടയോട്ടത്തിൽ മുൻ ലോകചാമ്പ്യൻമാർ വിളറുന്നു. ഖത്തർ ലോകകപ്പിൽ അട്ടിമറിയുടെ സൗന്ദര്യം കണ്ട മറ്റൊരു പോരാട്ടം.

ജപ്പാനായിരുന്നു, മറുവശത്ത്‌ ജർമനി. ഇകായ്‌ ഗുൺഡോവന്റെ പെനൽറ്റി ഗോളിൽ ആദ്യപകുതി ജർമനി പിടിക്കുന്നു. രണ്ടാംപകുതിയിൽ അടിമുടി മാറിയ ജപ്പാൻ. ഹജീമി മൊറിയാസുവിന്റെ തന്ത്രങ്ങളിൽ ജപ്പാൻ കുതിച്ചുകയറിയപ്പോൾ ജർമനി കിതച്ചു. റിറ്റ്‌സു ദൊയാനും താകുമ അസാനോയും ജർമനിയുടെ ഹൃദയം തകർത്തു. അവരുടെ വിഖ്യാത ഗോൾ കീപ്പർ മാനുവൽ നോയെക്ക്‌ പിടിച്ചുനിൽക്കാനായില്ല.

കളത്തിൽ വലിപ്പചെറുപ്പമില്ലെന്ന ഉറച്ച ബോധ്യത്തോടെ സാമുറായികൾ പട നയിച്ചു. എട്ടാംമിനിറ്റിൽ ജർമൻ വലയിൽ പന്തെത്തിച്ച്‌ അവർ അപായമണി മുഴക്കിയതാണ്‌. ഓഫ്‌സൈഡിൽ ഗോൾ നിഷേധിച്ചെങ്കിലും വരാനിരിക്കുന്ന കാഴ്‌ചയുടെ സൂചനയായിരുന്നു അത്‌. ജർമൻ മുന്നേറ്റത്തിന്റെ കുത്തൊഴുക്കായിരുന്നു പിന്നീട്‌. ഇകായ്‌ ഗുൺഡോവൻ, ജമാൽ മുസിയാല, തോമസ്‌ മുള്ളർ, സെർജി നാബ്രി കേട്ടാൽ ആരും വിറച്ചുപോകുന്ന പേരുകൾ. ജപ്പാൻ പ്രതിരോധം ആകുന്നതും പിടിച്ചുനിന്നു. പക്ഷേ, ഒരുനിമിഷം എല്ലാം കൈവിട്ടുപോയി. ഗോൾകീപ്പർ ഷുയിചി ഗോണ്ടയ്‌ക്ക്‌ പിഴച്ചു. ബോക്‌സിൽ ഡേവിഡ് റൗമിനെ ഗോണ്ട വീഴ്‌ത്തി. പെനൽറ്റി. ഗുൺഡോവന്‌ പിഴച്ചുമില്ല. വല നിറയ്‌ക്കാമെന്ന മോഹവുമായി അവർ തുടർന്നു.  ഒരുവട്ടംകൂടി കയ്‌ ഹവേർട്‌സിലൂടെ വല കുലുക്കിയെങ്കിലും ഓഫ്സൈഡായി.

ഇടവേളയിൽ പരിശീലകൻ മൊറിയാസു രണ്ടാംപകുതിയുടെ പ്രധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി. ‘നഷ്ടപ്പെടാൻ ഒന്നുമില്ല. ആക്രമിക്കുക. അത്രമാത്രം’. അതുവരെ മറയാക്കിവച്ച വജ്രായുധത്തെയും മൊറിയാസു പുറത്തെടുത്തു. താകുമ അസാനോ. ഇടതുവിങ്ങ്‌ കേന്ദ്രീകരിച്ച്‌ ഈ ഇരുപത്തെട്ടുകാരൻ എത്തിയതോടെ ജപ്പാന്‌ രൂപവും ഭാവവും മാറി. വലതുമൂലയിൽ യുന്യ ഇറ്റോയും ചേർന്നതോടെ പത്മവ്യൂഹം തയ്യാർ. അതുവരെ ഉറച്ചുനിന്ന അന്റോണിയോ റൂഡിഗറിന്റെ ജർമൻ പ്രതിരോധം കിടുകിടാ വിറച്ചു. ഈ ഉലച്ചിൽ കണ്ട മൊറിയാസുവിന്‌ കൃത്യമായ പദ്ധതി മനസ്സിലുണ്ടായിരുന്നു. ദൊയാൻ, താകുമി മിനാമിനോ എന്നിവരും കളിമുറ്റത്തെത്തി. ഇതിനിടെ ഇറ്റോയുടെ ഉറച്ച ഷോട്ട്‌ ജർമൻ ഗോളി നോയെ ഇടംകൈകൊണ്ട്‌ തട്ടിയകറ്റി. ഒറ്റ മിനിറ്റ്‌. കാത്തിരിക്കേണ്ടിവന്നില്ല. കവോരു മിറ്റാമയുടെ നീക്കം മിനാമിനോയിലേക്ക്‌. മൊണാകോ താരത്തിന്റെ ഷോട്ട്‌ നൊയെ രക്ഷപ്പെടുത്തി. പന്ത്‌ ദൊയാന്റെ കാലിലേക്ക്‌. എല്ലാം പെട്ടെന്നായിരുന്നു. ജർമനി 1 ജപ്പാൻ 1.

ഒപ്പമെത്തിയതിന്റെ വീര്യം കെട്ടില്ല ജപ്പാന്‌. നിർത്താതെ അവർ കുതിച്ചു. എട്ട്‌ മിനിറ്റ്‌. പിൻനിരയിൽനിന്ന്‌ കൗ ഇറ്റാകുര നീട്ടിനൽകിയ പന്തുമായി അസാനോയുടെ അസ്ത്രം കണക്കേയുള്ള കുതിപ്പ്‌. തോറ്റുപോയി ജർമൻ പ്രതിരോധം. റൂഡിഗറെ കാഴ്‌ചക്കാരനാക്കി അസാനോ ജർമൻ നെഞ്ചിലേക്ക്‌ നിറയൊഴിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top