കൊച്ചി
കളിച്ചുകളിച്ച് പത്താംസീസൺവരെയെത്തി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇതുവരെ സഫലമായിട്ടില്ല. പത്താംസീസണിൽ മാറ്റമുണ്ടാകുമെന്ന് അവർ വിശ്വസിക്കുന്നു. കൊച്ചിയിൽ ഇന്ന് രാത്രി എട്ടിന് ഐഎസ്‌എൽ പുതിയ സീസണിന് പന്തുരുളുമ്പോൾ ബംഗളൂരു എഫ്‌സിയാണ് എതിർപക്ഷത്ത്. കഴിഞ്ഞ സീസണിൽ ബംഗളൂരുവാണ് പ്ലേ ഓഫിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ വഴിയടച്ചത്. ആ കളി ഓർക്കാനിഷ്ടപ്പെടുന്ന രീതിയിലല്ല അവസാനിച്ചത്.
അത്ര നല്ലതായിരുന്നില്ല ഒരുക്കങ്ങൾ. ബംഗളൂരുവുമായുള്ള മത്സരത്തിനിടെ കളിക്കാരെയും വിളിച്ച് കളംവിട്ടതിന് കോച്ച് ഇവാൻ വുകോമനോവിച്ച് വിലക്കിലാണ്. നാല് കളി കഴിഞ്ഞുമാത്രമേ തിരിച്ചെത്തുകയുള്ളൂ. സഹപരിശീലകൻ ഫ്രാങ്ക് ദായുവെനാണ് താൽക്കാലിക ചുമതല. ഡ്യുറൻഡ് കപ്പിലെ പ്രകടനം മോശമായിരുന്നു. യുഎഇയിലെ സന്നാഹമത്സരങ്ങിലും അത്രകണ്ട് ശോഭിച്ചില്ല. സഹൽ അബ്‌ദുൾ സമദ്, പ്രഭ്‌സുഖൻ സിങ് ഗിൽ, ഇവാൻ കലിയുഷ്‌നി തുടങ്ങിയവർ ടീം വിട്ടു. യുവതാരങ്ങളിൽ മിടുക്കരായ കെ പി രാഹുലും ബ്രൈസ് മിറാൻഡയും ഏഷ്യൻ ഗെയിംസിലാണ്. കളിക്കാരിൽ പലരും പൂർണമായും കായികക്ഷമത വീണ്ടെടുത്തില്ല.
ഇഷാൻ പണ്ഡിതയും സൗരവ് മണ്ഡലും പരിക്കുമാറിയെത്തിയതേയുള്ളൂ. ദിമിത്രിയോസ് ഡയമന്റാകോസും ടീമിനൊപ്പം ചേർന്നത് ഈയടുത്താണ്. ടീമിലെ 29 അംഗങ്ങളിൽ 11 പേർ പുതുമുഖങ്ങളാണ്.
മറുവശത്ത് സിമോൺ ഗ്രൈസൻ പരിശീലിപ്പിക്കുന്ന ബംഗളൂരു ടീമിലും മാറ്റങ്ങൾ ഏറെയുണ്ട്. ഉദാന്ത സിങ്, സന്ദേശ് ജിങ്കൻ, റോയ് കൃഷ്‌ണ, പ്രബീർ ദാസ് എന്നിവർ ടീം വിട്ടു. ഏഷ്യൻ ഗെയിംസ് ടീമിലായതിനാൽ സുനിൽ ഛേത്രി, രോഹിത് ധാനു എന്നിവർ ടീമിനൊപ്പമില്ല. കഴിഞ്ഞ സീസണിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ ബംഗളൂരു തോൽപ്പിച്ചത്. ഈ ഗോളിൽ പ്രതിഷേധിച്ചായിരുന്നു വുകോയും കളിക്കാരും ഇറങ്ങിപ്പോയത്. മധ്യനിരക്കാരൻ ഹാവിയർ ഹെർണാണ്ടസാണ് ബംഗളൂരുവിന്റെ ഊർജം. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് കുന്തമുന. ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്‌റ്റനായിരുന്ന ജെസെൽ കർണെയ്‌റോ ഇക്കുറി ബംഗളൂരുവിനൊപ്പമാണ്.
അഡ്രിയാൻ ലൂണയാണ് ക്യാപ്‌റ്റൻ. കഴിഞ്ഞ സീസണിൽ ടീമിന്റെ ഊർജമായിരുന്നു ഉറുഗ്വേക്കാരൻ. മുന്നേറ്റക്കാരൻ ഗ്രീസിന്റെ ഡയമന്റാകോസാണ് മറ്റൊരു സുപ്രധാനതാരം. ഇരുവരും ഉൾപ്പെടെ ആറ് വിദേശതാരങ്ങളാണ്. മാർകോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിൻസിച്ച് എന്നിവർ പ്രതിരോധത്തിലുണ്ട്. മുന്നേറ്റത്തിൽ ജപ്പാന്റെ ദയ്‌സുകെ സക്കായിയും ഘാനയുടെ ക്വാമി പെപ്രയുമാണ് പുതുതായെത്തിയത്.
രാഹുൽ, സച്ചിൻ സുരേഷ്, നിഹാൽ നിധീഷ്, വിബിൻ മോഹനൻ, മുഹമ്മദ് അസ്‌ഹർ, മുഹമ്മദ് അയ്‌മൻ എന്നിവരാണ് ടീമിലെ മലയാളികൾ. പ്രതിരോധത്തിൽ പ്രീതം കോട്ടലിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കണക്കുകൂട്ടൽ. പ്രബീർ ദാസ് കളിക്ക് വേഗം നൽകും. ഇഷാൻ പണ്ഡിത കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല.
മൂന്നുതവണ ഫൈനലിൽ കടന്നതാണ് കഴിഞ്ഞ ഒമ്പതു വർഷത്തെ ചരിത്രത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാനനേട്ടം. കഴിഞ്ഞ സീസണിൽ അഞ്ചാംസ്ഥാനക്കാരായി പ്ലേ ഓഫിലെത്തി.
ബംഗളൂരു ഒരുതവണ ചാമ്പ്യൻമാരായി. കഴിഞ്ഞ സീസണിൽ റണ്ണറപ്പ്. ഫെെനലിൽ മോഹൻ ബഗാനോട് തോറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..