09 June Friday

ഐഎസ്‌എൽ: എടികെ ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

ഫത്തോർദ> ബംഗളൂരു എഫ്‌സിയെ ഷൂട്ടൗട്ടിൽ തീർത്ത്‌ എടികെ മോഹൻ ബഗാൻ ഐഎസ്‌എൽ ഫുട്‌ബോൾ കിരീടം ഉയർത്തി. ഷൂട്ടൗട്ടിൽ 4–-3നായിരുന്നു എടികെ ബഗാന്റെ ജയം. നിശ്‌ചിതസമയത്തും അധികസമയത്തും കളി 2–-2ന്‌ അവസാനിച്ചു. ഷൂട്ടൗട്ടിൽ ഗോൾകീപ്പർ വിശാൽ കെയ്‌ത്താണ്‌ എടികെ ബഗാനായി തിളങ്ങിയത്‌. ദിമിത്രി പെട്രറ്റോസ്‌ ഇരട്ടഗോൾ നേടി. ബംഗളൂരുവിനായി സുനിൽ ഛേത്രിയും റോയ്‌ കൃഷ്‌ണയും ഗോളടിച്ചു.

എടികെ മോഹൻ ബഗാനായശേഷം ആദ്യ കിരീടമാണ്‌ കൊൽത്തക്കാർക്ക്‌. എടികെ, അത്‌ലറ്റികോ ഡി കൊൽക്കത്ത എന്ന പേരുകളിൽ മൂന്നുതവണ ചാമ്പ്യനായിരുന്നു. കരുത്തൻമാരുടെ പോരാട്ടമായിരുന്നു ഗോവയിൽ. എടികെ ബഗാനും ബംഗളൂരുവും പരസ്‌പരം വിട്ടുകൊടുത്തില്ല. ബംഗളൂരുവിന്‌ തുടക്കത്തിൽ തിരിച്ചടി കിട്ടി. യുവതാരം ശിവശക്തി നാരായണൻ പരിക്കുകാരണം മൂന്നാംമിനിറ്റിൽ കളംവിട്ടു. പകരം സുനിൽ ഛേത്രിയാണ്‌ എത്തിയത്‌. കളിയിൽ പതുക്കെ ബംഗളൂരു നിയന്ത്രണം നേടി. ഒന്നിനുപിറകെ ഒന്നൊയി എടികെ ബഗാന്റെ ഗോൾ മുഖത്തേക്ക്‌ ആക്രമണം നടത്തി. ഹാവി ഹെർണാണ്ടസായിരുന്നു ബംഗളൂരുവിന്റെ ഊർജം. കളിഗതിക്കെതിരെയായിരുന്നു ഗോൾ. എടികെയുടെ പ്രത്യാക്രമണം. പെട്രറ്റോസിന്റെ കോർണർ കിക്ക്. ബോക്‌സിൽവച്ച്‌ എടികെയുടെ ഹെഡ്ഡർ ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത്‌സിങ്‌ സന്ധു തട്ടിയകറ്റി, ഇതിനിടെ പന്ത്‌ റോയ്‌ കൃഷ്‌ണയുടെ കൈയിൽ തട്ടി. റഫറി പെനൽറ്റിക്ക്‌ വിസിലൂതി. പെട്രറ്റോസിന്റെ കിക്ക്‌ ഗുർപ്രീതിന്‌ തടയാനായില്ല.

ബംഗളൂരു ഗോളിൽ തളർന്നില്ല. ഹാവി ഹെർണാണ്ടസിന്റെ ഫ്രീകിക്ക്‌ എടികെ ബഗാൻ ഗോൾകീപ്പർ വിശാൽ കെയ്‌ത്ത്‌ തടഞ്ഞു. ഇതിനിടെ റോയ്‌ കൃഷ്‌ണയെ സുഭാശിഷ്‌ ബോക്‌സിൽവച്ച്‌ ചവുട്ടിയെങ്കിലും റഫറി പെനൽറ്റി നൽകിയില്ല. എന്നാൽ, ആദ്യപകുതിയുടെ പരിക്കുസമയം ബംഗളൂരു ഒപ്പമെത്തി, മറ്റൊരു പെനൽറ്റി. ഛേത്രിയുടെ കിക്ക്‌ വലയിൽ കയറി.ഇടവേളയ്‌ക്കുശേഷം ഏറ്റവും മികച്ച അവസരം കിട്ടിയത്‌ പെട്രറ്റോസിനാണ്‌. ലിസ്‌റ്റൺ കൊളാസോയുടെ തകർപ്പൻ ഷോട്ട്‌ ഗുർപ്രീത്‌ തട്ടിയകറ്റി. പന്ത്‌ വീണത്‌ പെട്രറ്റോസിന്റെ കാലുകളിൽ. എന്നാൽ, എടികെ ബഗാൻ മുന്നേറ്റക്കാരന്‌ ലക്ഷ്യത്തിലേക്ക്‌ തൊടുക്കാനായില്ല. എടികെ ബഗാൻ കളിപിടിക്കുന്നതിനിടെയായിരുന്നു പ്രത്യാക്രമണത്തിലൂടെ ബംഗളൂരുവിന്റെ മറുപടി. കോർണറിൽ തട്ടിത്തെറിച്ച പന്ത്‌ മനോഹരമായ ഹെഡ്ഡറിലൂടെ റോയ്‌ കൃഷ്‌ണ ഗോളാക്കി. ബംഗളൂരു കിരീടം സ്വപ്‌നം കണ്ടു. എന്നാൽ, മറ്റൊരു പെനൽറ്റിയിലൂടെ എടികെ തിരിച്ചുവന്നു. പെട്രറ്റോസാണ്‌ ലക്ഷ്യംകണ്ടത്‌.

കളി അധികസമയത്തേക്ക്‌. ഇരു ടീമുകൾക്കും അവസരങ്ങൾ ഏറെ കിട്ടി. എന്നാൽ, ഇരു പ്രതിരോധവും മികച്ചുനിന്നതോടെ കളി ഷൂട്ടൗട്ടിലേക്ക്‌.
ഷൂട്ടൗട്ടിൽ എടികെ ബഗാനായി പെട്രറ്റോസ്‌, ലിസ്‌റ്റൺ കൊളാസോ, കിയാൻ നസീറി, മൻവീർസിങ്‌ എന്നിവർ ലക്ഷ്യംകണ്ടു. ബംഗളൂരുവിനായി അലൻ കോസ്‌റ്റ, റോയ്‌ കൃഷ്‌ണ,സുനിൽ ഛേത്രി എന്നിവർ ലക്ഷ്യംകണ്ടപ്പോൾ ബ്രൂണോയുടെ ഷോട്ട്‌ വിശാൽ കെയ്‌ത്ത്‌ തടഞ്ഞു. പെരെസിന്റെ അടി പുറത്തേക്കുമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top