05 December Tuesday

കളമൊരുങ്ങി, 
പടയിറങ്ങും; ഐഎസ്എൽ ഫുട്ബോളിന് ഇന്ന് തുടക്കം

പ്രദീപ് ഗോപാൽUpdated: Friday Oct 7, 2022


കൊച്ചി
കളമൊരുങ്ങി, ആരവമുയർന്നു. ഇനി ആവേശക്കാഴ്ചകൾ. ഐഎസ്എൽ ഫുട്ബോൾ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നിറഞ്ഞ സ്‌റ്റേഡിയത്തിൽ പന്ത് തട്ടാനിറങ്ങുന്നു. കൊച്ചി ജവാഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളാണ് എതിരാളി. രാത്രി 7.30നാണ് മത്സരം.

രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കാണികൾ തിരിച്ചെത്തുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് സീസണിലും കളി ഗോവയിലായിരുന്നു.
അപ്രതീക്ഷിത കുതിപ്പായിരുന്നു കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് നടത്തിയത്. ഇവാൻ വുകോമനോവിച്ച് എന്ന സെർബിയക്കാരൻ പരിശീലകനുകീഴിൽ ഫെെനൽവരെ മുന്നേറി. കിരീടപ്പോരിൽ ഹെെദരാബാദ് എഫ്സിയോട് തോറ്റെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളിയഴകിന് ഏറെ കെെയടി കിട്ടി. ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ ജയങ്ങളും പോയിന്റുകളും സ്വന്തമാക്കിയ സീസൺ. അഡ്രിയാൻ ലൂണയും അൽവാരോ വാസ്‌കസും സഹൽ അബ്ദുൾ സമദും ഫോമിലായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവുപുലർത്തി.

അതിനൊരു തുടർച്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ആദ്യപടിയായി പരിശീലകനെ നിലനിർത്തി. ആദ്യമായാണ് ബ്ലാസ്റ്റേഴ്സിൽ ഒരു പരിശീലകൻ തുടരുന്നത്. റണ്ണറപ്പായ ടീമിലെ 16 കളിക്കാരെയും നിലനിർത്തി. വിട്ടുപോയവരിൽ വാസ്‌കസും ജോർജ് ഡയസുമുണ്ട്. ആ വിടവ് നികത്താൻ ഒരുപിടി വിദേശതാരങ്ങളെ കൊണ്ടുവന്നു. മധ്യനിര നയിക്കാൻ ഇവാൻ കലിയുഷ്നിയെന്ന ഉക്രയ്ൻ താരത്തിനാണ് ചുമതല. ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളുടെ ചുമതല കലിയുഷ്‌നിക്കാണ്. സഹലും ലൂണയും ജീക്സൺ സിങ്ങും ഒപ്പം ചേരും. മധ്യനിരയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്താകുക. ഗോളടിക്കാരായി അപോസ്തലോസ് ജിയാനു, ദിമിത്രിയാസ് ഡയമാന്റകോസ്, ബിദ്യാസാഗർ സിങ് എന്നിവരുമുണ്ട്. പ്രതിരോധത്തിൽ മാർകോ ലെസ്കോവിച്ചാണ് താരം. ഹർമൻജോത് ഖബ്രയും ഹോർമിപാമും ക്യാപ്റ്റൻ ജെസെൽ കർണെയ്റോയും കൂട്ടിനുണ്ട്. ഗോൾ കീപ്പറായി പ്രഭ്സുഖൻ ഗില്ലും.

സഹലും രാഹുലും വി ബിജോയിയും ഉൾപ്പെടെ ഏഴ് മലയാളിതാരങ്ങളുണ്ട് ബ്ലാസ്റ്റേഴ‍്സ് നിരയിൽ. കഴിഞ്ഞ സീസണിൽ അവസാനസ്ഥാനത്തായിരുന്നു ഈസ്റ്റ് ബംഗാൾ. ഇക്കുറി മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനുകീഴിലാണ് കൊൽക്കത്തക്കാർ ഇറങ്ങുക. ബ്രസീലുകാരൻ ക്ലെയ്റ്റൺ സിൽവയാണ് പ്രധാന താരം. പ്രതിരോധത്തിൽ ഇവാൻ ഗൊൺസാലസ്. മധ്യനിരയിൽ ബ്രസീലുകാരൻ അലെക്സ് ലിമ. 

മിടുക്കരായ ഇന്ത്യൻ താരങ്ങളാണ് ഈസ്റ്റ് ബംഗാളിന്റെ കരുത്ത്. ജെറി ലാൽറൻസുവാല, സൗവിക് ചക്രവർത്തി, സാർതക് ഗൊലുയ്, അനികേത് ജാദവ് എന്നിവർ മിന്നും. മലയാളിതാരങ്ങളായ വി പി സുഹെെർ, മുബഷീർ റഹ്മാൻ എന്നിവരുമുണ്ട്.

പ്രവേശനം നാലരമുതൽ
കിക്കോഫിന്‌ വൈകിട്ട്‌ നാലരമുതൽ കാണികൾക്ക്‌ സ്‌റ്റേഡിയത്തിൽ കയറാം. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌.
സ്‌റ്റേഡിയത്തിൽ 35,000 കാണികൾക്ക്‌ കളി കാണാനാകും. 90 ശതമാനം ടിക്കറ്റും വിറ്റുതീർന്നു. 899 രൂപയുടെ വിഐപി ടിക്കറ്റുകൾ ഓൺലൈൻ വഴിയും സ്‌റ്റേഡിയത്തിലും ലഭ്യമാണ്‌. ഐഎസ്‌എല്ലിൽ ഏറ്റവുമധികം കാണികൾ കയറുന്ന സ്‌റ്റേഡിയമാണ്‌ കൊച്ചിയിലേത്‌.

ഇവാൻ വുകോമനോവിച്ച്‌ / സ്റ്റീഫൻ കോൺസ്റ്റന്റൈൻ

ഇവാൻ വുകോമനോവിച്ച്‌ / സ്റ്റീഫൻ കോൺസ്റ്റന്റൈൻ

 

ഒരുങ്ങിത്തന്നെ: ഇവാൻ വുകോമനോവിച്ച്‌
ഐഎസ്‌എൽ സീസണിനായി മികച്ച ഒരുക്കമാണ്‌ നടത്തിയതെന്ന്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌.
പരിശീലനം എല്ലാം നന്നായി നടന്നു. കഴിഞ്ഞതവണത്തെപ്പോലെ ഇത്തവണ പരിക്കിന്റെ ആശങ്കയില്ല. കളിക്കാരെല്ലാം പൂർണസജ്ജരാണെന്നും നാൽപ്പത്തഞ്ചുകാരൻ പറഞ്ഞു. കൊച്ചിയിൽ സ്വന്തം ആരാധകരുടെ മുന്നിൽ കളിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. ഏറ്റവും പ്രധാനം ആരാധകരുടെ സാന്നിധ്യമാണ്‌. സമ്മർദമില്ല, സന്തോഷം മാത്രമാണ്‌.

ഐഎസ്‌എല്ലിൽ ആർക്കും ആരേയും തോൽപ്പിക്കാം. കഴിഞ്ഞവട്ടം ബ്ലാസ്‌റ്റേഴ്‌സ്‌ ഫൈനലിൽ കടക്കുമെന്ന്‌ ആരും കരുതിയില്ല. പക്ഷേ, പ്രവചനങ്ങളെല്ലാം തെറ്റി. ഇത്തവണയും പ്രതീക്ഷയോടെയാണ്‌ എത്തുന്നത്‌. ആരെയും എഴുതിത്തള്ളുന്നില്ല. എല്ലാവരും കരുത്തരാണ്‌.
മധ്യനിരയിൽ ഉക്രയ്‌ൻകാരൻ ഇവാൻ കലിയുഷ്‌നിയാകും പ്രധാനിയെന്ന്‌ വുകോമനോവിച്ച്‌ അറിയിച്ചു. അവസാന സീസണിൽ ഇന്ത്യൻ താരങ്ങളെയായിരുന്നു ആശ്രയിച്ചത്‌. പുതിയ വിദേശകളിക്കാരുടെ മികവിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ ‘അഡ്രിയാൻ ലൂണയുടെയും മാർകോ ലെസ്‌കോവിച്ചിന്റെയും കാര്യത്തിൽ എല്ലാം ഈ സംശയം ആദ്യം ഉണ്ടായിരുന്നു’ എന്നായിരുന്നു സെർബിയക്കാരന്റെ മറുപടി. ഈസ്റ്റ്‌ ബംഗാളിനെതിരെ നല്ല കളി പുറത്തെടുക്കാനാണ് ശ്രമം. മികച്ച ടീം ജയിക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ പറഞ്ഞു.

ലക്ഷ്യം അവസാന സ്ഥാനമല്ല: 
സ്റ്റീഫൻ കോൺസ്റ്റന്റൈൻ
അവസാന സ്ഥാനക്കാരായി മടങ്ങാനല്ല ഇത്തവണ ഐഎസ്‌എല്ലിന്‌ എത്തുന്നതെന്ന്‌ ഈസ്റ്റ്‌ ബംഗാൾ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്നത്‌ ജയംമാത്രം ലക്ഷ്യംവച്ചാണ്‌. മുൻ സീസണുകളിലുണ്ടായ തിരിച്ചടി പരിഹരിക്കുമെന്നും ഇന്ത്യയുടെ മുൻ കോച്ചുകൂടിയായ കോൺസ്റ്റന്റൈൻ പറഞ്ഞു.

എല്ലാവർക്കും അറിയുന്നതുപോലെ ഈസ്റ്റ്‌ ബംഗാളിന്‌ ഒരുപാട്‌ പ്രതിസന്ധികൾ ഉണ്ടായി. ചുമതല ഏൽക്കുമ്പോൾ 12 കളിക്കാർമാത്രമായിരുന്നു ടീമിൽ. പിന്നീടുള്ള ജോലി കഠിനമായിരുന്നു. പരിചയസമ്പന്നരായ വിദേശ–-ഇന്ത്യൻ താരങ്ങളാണ്‌ കരുത്ത്‌. ഒരുദിവസംകൊണ്ട്‌ ടീം സജ്ജരാകില്ല. പതിയെ മികവ്‌ കണ്ടെത്തും. ബ്ലാസ്‌റ്റേഴ്‌സ്‌ നല്ല എതിരാളികളാണ്‌. കൊച്ചിയിൽ കളിക്കുക എളുപ്പമല്ല. അതൊന്നും ഈസ്റ്റ്‌ ബംഗാളിനെ ബാധിക്കില്ലെന്നും കോൺസ്റ്റന്റൈൻ അറിയിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top