25 April Thursday
ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോട് ; മത്സരം ഫത്തോർദയിൽ രാത്രി 7.30ന്

ബലപരീക്ഷണം തുടങ്ങുന്നു ; ഐഎസ്എൽ എട്ടാം സീസണ് ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 19, 2021

 

ഫത്തോർദ
കോവിഡുകാലം കഴിഞ്ഞുള്ള ഇന്ത്യൻ ഫുട്ബോൾ സീസണിന് തുടക്കം. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്–എടികെ മോഹൻ ബഗാൻ      പോരാട്ടത്തോടെയാണ് ആരംഭം. ഗോവയിലെ ഫത്തോർദയിലാണ് മത്സരം. ഇക്കുറിയും വേദി ഗോവയാണ്. കാണികളില്ല.
രണ്ടുതവണ കിരീടപ്പോരാട്ടത്തിന് അർഹത നേടിയ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ ഏതാനും സീസണുകൾ നിരാശയുടേത്. മുൻ റണ്ണറപ്പുകൾക്ക് അവസാന പടികളിലായിരുന്നു സ്ഥാനം. ആവേശത്തോടെ തുടങ്ങി നിരാശയോടെ ഒടുക്കം. കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങളിൽമാത്രമാണ് ഗോൾ വഴങ്ങാതിരുന്നത്.

ഇക്കുറി മാറ്റങ്ങൾക്ക് കൊതിക്കുന്നു. പുതിയ കോച്ച്, പുതിയ വിദേശതാരങ്ങൾ. സെർബിയക്കാരൻ ഇവാൻ വുകോമനോവിച്ചാണ് പരിശീലകൻ. ഐഎസ്എല്ലിലെ വിലപിടിപ്പുള്ള താരങ്ങളിലൊരാളായ അഡ്രിയാൻ ലൂണയാണ് പ്രധാനതാരം.      ഉറുഗേ-്വക്കാരനാണ് ലൂണ. സന്നാഹമത്സരങ്ങളിൽ ലൂണയുടെ മികവ് കണ്ടു. അർജന്റീനക്കാരൻ ജോർജ് ഡയസ്, സ്പാനിഷ് താരം അൽവാരോ വാസ്-കേ-്വസ് എന്നിവർ മുന്നേറ്റത്തിന് കരുത്തുനൽകും. കഴിഞ്ഞ സീസണുകളിൽ തകർന്നടിഞ്ഞ പ്രതിരോധത്തിന് ഇക്കുറി ബോസ്നിയ ആൻഡ് ഹെർസെഗൊവിനയുടെ എണെസ് സിപോവിച്ചിലാണ് പ്രതീക്ഷകൾ. ക്രൊയേഷ്യയുടെ മാർകോ ലെസ്കോവിച്ചാണ് പ്രതിരോധത്തിലെ മറ്റൊരു വിദേശതാരം. കെ പി രാഹുൽ, സഹൽ അബ്ദുൾ സമദ്, കെ പ്രശാന്ത്, അബ്ദുൾ ഹക്കു,  വി ബിജോയ്, സച്ചിൻ സുരേഷ് എന്നിവർ ടീമിലെ മലയാളിതാരങ്ങൾ. കഴിഞ്ഞ സീസണിൽ രാഹുലിന്റേത് മികച്ച പ്രകടനമായിരുന്നു. സഹൽ മങ്ങി. ഇക്കുറി രാഹുലിലും സഹലിലും ബ്ലാസ്റ്റേഴ്സ് ഏറെ പ്രതീക്ഷിക്കുന്നു.

പ്രതിരോധക്കാരൻ ജെസെൽ കർണയ്റോയാണ് ടീം ക്യാപ്റ്റൻ. സന്ദീപ് സിങ്ങും പരിക്കുമാറിയെത്തിയ നിഷുകുമാറും പ്രതിരോധത്തിന് ശക്തി നൽകും. ലൂണ, സഹൽ എന്നിവർക്കൊപ്പം പരിചയ സമ്പന്നനായ ഹർമൻജോത് കബ്രയും ചേരുന്നതോടെ മധ്യനിര തെളിയും. മുന്നേറ്റത്തിൽ അൽവാരോ, ഡയസ്, രാഹുൽ എന്നിവർക്കൊപ്പം ചെഞ്ചോയുമുണ്ട്.

മൂന്ന് തവണ ചാമ്പ്യൻമാരായ എടികെ എന്നും ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാണ്. അന്റോണിയോ ഹബാസ് എന്ന പരിശീലകനാണ് അവരുടെ കരുത്ത്. കഴിഞ്ഞ സീസണിൽ റണ്ണറപ്പായി. ഇക്കുറി എഎഫ്സി കപ്പിൽ കളിച്ചാണ് എത്തുന്നത്. റോയ് കൃഷ്ണയാണ് എടികെയുടെ കുന്തമുന. ഡേവിഡ് വില്യംസും മധ്യനിരയിൽ ഹ്യൂഗോ ബൗമുസും ചേരുന്നതോടെ എടികെയുടെ കരുത്ത് ഇരട്ടിക്കും. പ്രതിരോധത്തിൽ ടിരിയുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top