26 April Friday

'കിങ് റായുഡു'; മുംബൈയെ വീഴ്‌ത്തി ചെന്നൈയ്‌ക്ക് വിജയത്തുടക്കം

സ്‌‌പോർട്‌‌സ് ഡെസ്‌‌ക്‌Updated: Saturday Sep 19, 2020

അബുദാബി > കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് ഉത്സവത്തിന് ആവേശകരമായ തുടക്കം. ഐപിഎൽ പതിമൂന്നാം പതിപ്പിലെ ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു.

അമ്പാട്ടി റായുഡുവിന്റെ (48 പന്തിൽ 71) മിന്നുന്ന ബാറ്റിങ് പ്രകടനമാണ് ചെന്നൈക്ക് ജയമൊരുക്കിയത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്ണെടുത്തത്. മറുപടിക്കെത്തിയ ചെന്നൈ നാല് പന്ത് ശേഷിക്കെ ജയം സ്വന്തമാക്കി. റായുഡുവിനെ കൂടാതെ ഫാഫ് ഡു പ്ലെസിസ് (44 പന്തിൽ 58), സാം കറൻ (6 പന്തിൽ 18) എന്നിവരും തിളങ്ങി.

അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ധോണി മുംബൈയെ ബാറ്റിങ്ങിന് അയച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷമുള്ള ധോണിയുടെ ആദ്യ കളി. 437 ദിവസത്തിന്റെ ഇടവേള കഴിഞ്ഞാണ് ധോണി കളത്തിലെത്തിയത്.

മറുപടിക്കെത്തിയ ചെന്നൈക്ക് തുടക്കം മികച്ചതായില്ല. ഓപ്പണർമാരായ ഷെയ്ൻ വാട്സണും (4), മുരളി വിജയും (1) പെട്ടെന്ന് മടങ്ങി. വാട്സണെ ട്രെന്റ് ബോൾട്ട് മടക്കി. വിജയിനെ ജയിംസ് പാറ്റിൻസനാണ് വീഴ്ത്തിയത്. തുടർന്ന് റായുഡു-ഡുപ്ലെസിസ് സഖ്യം ചെന്നൈയെ മുന്നോട്ട് നയിച്ചു.

മുംബൈക്ക് ക്യാപ്റ്റൻ രോഹിത് ശർമയും ക്വിന്റൺ ഡി കോക്കും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. അഞ്ചാമത്തെ ഓവറിൽ മുംബൈ നാൽപ്പത് കടന്നു. രോഹിതിനെ (10 പന്തിൽ 12) പുറത്താക്കി പീയുഷ് ചൗള ചെന്നൈയെ കളിയിലെത്തിച്ചു. 20 പന്തിൽ 33 റണ്ണെടുത്ത ഡി കോക്കിനെ സാം കറൻ മടക്കി. നാലാമനായെത്തിയ സൗരഭ് തിവാരിയാണ് (31 പന്തിൽ 42) മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഹാർദിക് പാണ്ഡ്യ (10 പന്തിൽ 14), കീറൺ പൊള്ളാർഡ് (14 പന്തിൽ 18) എന്നിവർ ചേർന്ന് 150 കടത്തി.

ചെന്നൈക്കുവേണ്ടി എൻഗിഡി മൂന്ന് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും ദീപക് ചഹാറും രണ്ടുവീതം വിക്കറ്റ് സ്വന്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top