26 April Friday

ഐപിഎൽ ഗ്രാൻഡ്‌ ഫിനാലെ ; ഇന്ന് രാജസ്ഥാൻ x ഗുജറാത്ത് ; മത്സരം രാത്രി 8ന്

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022


അഹമ്മദാബാദ്
ഐപിഎൽ ക്രിക്കറ്റിലെ പുതിയ കിരീടാവകാശികളെ ഇന്നറിയാം. രാജസ്ഥാൻ റോയൽസ്–ഗുജറാത്ത് ടെെറ്റൻസ് ഫെെനൽ രാത്രി എട്ടിന്. ഒരുലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളുന്ന അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. \

2008ലെ കന്നി സീസണിൽ ചാമ്പ്യൻമാരായ രാജസ്ഥാന്‌ ഇത്‌ രണ്ടാംഫൈനലാണ്‌. വിടപറഞ്ഞ ഓസ്‌ട്രേലിയൻ സ്‌പിൻ ഇതിഹാസം ഷെയ്‌ൻ വോണിനുകീഴിലായിരുന്നു അന്ന്‌ ചാമ്പ്യൻ ടീമായത്‌. കിരീടം നേടി വോണിന്‌ ആദരം അർപ്പിക്കുകകൂടിയാണ്‌ സഞ്ജു സാംസന്റെയും കൂട്ടരുടെയും ലക്ഷ്യം. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനോട്‌ തോറ്റ രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ തകർത്താണ്‌ കലാശപ്പോരിന്‌ എത്തുന്നത്‌. സീസണിൽ രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും തോറ്റതിന്റെ കണക്കുകൂടി തീർക്കാനുണ്ട്‌ സഞ്ജുവിന്റെ പടയാളികൾക്ക്‌.

ആദ്യസീസണിൽതന്നെ  ഓൾറൗണ്ട്‌ പ്രകടനവുമായാണ്  ഹാർദിക്‌ പാണ്ഡ്യയുടെ ഗുജറാത്ത്  മുന്നേറിയത്. പ്രാഥമികഘട്ടത്തിൽ ഒന്നാമൻമാരായാണ്‌ പ്ലേ ഓഫിന്‌ എത്തിയത്‌. ക്വാളിഫയറിൽ ആദ്യ അവസരത്തിൽത്തന്നെ ഫൈനലിലേക്ക്‌ കുതിക്കുകയും ചെയ്‌തു.

രാജസ്ഥാൻ റോയൽസ്

16 കളി, 10 ജയം , മാന്ത്രികൻ ബട്ലർ

ഓപ്പണർ ജോസ്‌ ബട്‌ലറാണ്‌ രാജസ്ഥാന്റെ നട്ടെല്ല്‌. ബാംഗ്ലൂരിനെതിരെ മിന്നുംസെഞ്ചുറിയുമായി ഇംഗ്ലീഷ്‌ താരമാണ്‌ ടീമിനെ ഫൈനലിലേക്ക്‌ നയിച്ചത്‌. ലീഗിലാകെ നാല്‌ സെഞ്ചുറി നേടി. അത്രതന്നെ അരസെഞ്ചുറിയുമുണ്ട്‌. റൺവേട്ടക്കാരിൽ 824 റണ്ണുമായി മുന്നിൽ.

പേസ്‌ ബലം
ഏത്‌ സാഹചര്യങ്ങൾക്കനുസരിച്ചും പന്തെറിയാൻ മിടുക്കരായ പേസർമാരുണ്ട്‌ രാജസ്ഥാന്‌. ട്രെന്റ്‌ ബോൾട്ട്‌–-പ്രസിദ്ധ്‌ കൃഷ്ണ–-ഒബെദ്‌ മക്കോയ്‌ ത്രയത്തിനുമുന്നിൽ ഏത്‌ വമ്പൻമാരും വീഴും. പവർപ്ലേയിലും അവസാന ഓവറുകളിലും വ്യത്യസ്തമായി പന്തെറിയാൻ മൂവർക്കും കഴിയും.

ചഹാൽ–-അശ്വിൻ കൂട്ടുകെട്ട്‌
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട്‌ സ്‌പിന്നർമാർ രാജസ്ഥാൻ നിരയിലാണ്‌. യുശ്‌വേന്ദ്ര ചഹാലും ആർ അശ്വിനും. ഇരുവരും 38 വിക്കറ്റാണ്‌ നേടിയത്‌. ചഹാൽ വിക്കറ്റ്‌ വേട്ടക്കാരിൽ ബാംഗ്ലൂരിന്റെ വണിന്ദു ഹസരങ്കയ്‌ക്ക്‌ ഒപ്പമാണ്‌. ഇരുവർക്കും 26 വിക്കറ്റുണ്ട്‌. റൺ വിട്ടുനൽകുന്നതിലും ബാറ്റർമാരെ സമ്മർദത്തിലാക്കുന്നതിലും ചഹാലും അശ്വിനും ഒരുപോലെ മികവുണ്ട്‌. അശ്വിൻ ബാറ്റുകൊണ്ടും തിളങ്ങി.

ഗുജറാത്ത്‌ ടൈറ്റൻസ്‌

15 കളി, 11 ജയം

റഷീദ്‌ നിയന്ത്രിക്കും
ലെഗ്‌സ്‌പിന്നർ റഷീദ്‌ ഖാനാണ്‌ ഗുജറാത്തിന്റെ തുറുപ്പുചീട്ട്‌. 15 കളിയിൽ 18 വിക്കറ്റാണുള്ളത്‌. വിക്കറ്റ്‌ വീഴ്‌ത്തിയില്ലെങ്കിലും മധ്യഓവറുകളിൽ ബാറ്റർമാരെ റൺ കണ്ടെത്തുന്നതിൽനിന്ന്‌ തടയാൻ ഈ അഫ്‌ഗാൻ ബൗളർക്ക്‌ പ്രത്യേക കഴിവാണ്‌. രാജസ്ഥാനെതിരെ ക്വാളിഫയറിൽ നാലോവറിൽ വെറും 15 റണ്ണാണ്‌ വഴങ്ങിയത്‌. ലീഗിൽ ഏറ്റവും കുറവ്‌ ഇക്കണോമിയും റഷീദിനാണ്‌–-6.73.

പവർപ്ലേ ഷമി
പവർപ്ലേ ഓവറുകളിൽ രാജസ്ഥാനൊപ്പം ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ ടീമാണ്‌ ഗുജറാത്ത്‌. 26 എണ്ണം. പേസർ മുഹമ്മദ്‌ ഷമിയുടെ തണലിലാണ്‌ ഗുജറാത്ത്‌ ഇതിൽ മുന്നേറിയത്‌. വലംകൈയൻ പേസർ ആകെ നേടിയ 19 വിക്കറ്റിൽ പതിനൊന്നും ആദ്യ ആറ്‌ ഓവറിലാണ്‌. ജോസ്‌ ബട്‌ലർക്കെതിരെ ഷമിക്കുള്ള മികച്ച റെക്കോഡും ഗുജറാത്തിന്‌ പ്രതീക്ഷ നൽകുന്നുണ്ട്‌.

ഫിനിഷിങ്‌ പാടവം
അവസാന ഓവറുകളിൽ സമ്മർദമില്ലാതെ ബാറ്റ്‌ വീശി കളിപിടിക്കാൻ ഗുജറാത്തിന്‌ സ്‌പെഷ്യലിസ്റ്റുകളുണ്ട്‌. ഡേവിഡ്‌ മില്ലർ, രാഹുൽ ടെവാട്ടിയ എന്നിവർക്കാണ്‌ ഈ ചുമതല. ടീമിന്റെ മുന്നേറ്റത്തിൽ ഇരുവർക്കും നിർണായക സ്ഥാനമുണ്ട്‌. തോറ്റെന്ന്‌ കരുതിയ കളികൾ ജയിപ്പിച്ചു.
രാജസ്ഥാനെതിരെ അവസാന ഓവറിൽ തുടർച്ചയായി മൂന്ന്‌ സിക്‌സർ പായിച്ച്‌ മില്ലറാണ്‌ ഫൈനലിലേക്ക്‌ വഴിയൊരുക്കിയത്‌. ഇരുവരെയും കൂടാതെ റഷീദ്‌ ഖാനും ബാറ്റിൽ മുതൽക്കൂട്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top