28 March Thursday

ഐപിഎൽ ആവേശം വീണ്ടും ; നാല് മാസത്തെ ഇടവേളയ്ക്കുശേഷം തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021


ദുബായ്
ഐപിഎൽ ക്രിക്കറ്റിന് വീണ്ടും കൊടിയേറ്റം. കോവിഡ് കാരണം നിർത്തിവച്ച ഐപിഎല്ലിന്റെ 14–-ാംപതിപ്പിന് വീണ്ടും തുടക്കം. മേയിലായിരുന്നു ഇന്ത്യയിൽ നടന്നുകൊണ്ടിരുന്ന ടൂർണമെന്റ് കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കിയത്. നാല് മാസത്തെ ഇടവേളയ്ക്കുശേഷം യുഎഇയിലാണ് സീസൺ പുനരാരംഭിക്കുന്നത്. ഞായറാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ മുംബെെ ഇന്ത്യൻസും മൂന്നുവട്ടം കിരീടം നേടിയ ചെന്നെെ സൂപ്പർ കിങ്സും ഏറ്റുമുട്ടുന്നതോടെ ട്വന്റി–20 ക്രിക്കറ്റ് ആവേശം വീണ്ടുമെത്തും. ദുബായ്, ഷാർജ, അബുദാബി എന്നീ മൂന്ന് വേദികളിലാണ് കളി. കാണികൾക്ക് പ്രവേശനമുണ്ട്.

എട്ട് മത്സരത്തിൽ ആറ് ജയം നേടി ഡൽഹി ക്യാപിറ്റൽസാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. 12 പോയിന്റാണ്. മഹേന്ദ്രസിങ് ധോണിയുടെ ചെന്നെെ തൊട്ടുപിന്നിലുണ്ട്.

ഏപ്രിൽ ഒമ്പതിനായിരുന്നു ഐപിഎല്ലിന് തുടക്കംകുറിച്ചത്. കർശന കോവിഡ് ചട്ടങ്ങളോടെ വേദികൾ ചുരുക്കിയായിരുന്നു നടത്തിപ്പ്. എന്നാൽ മുംബെെയിലും ചെന്നെെയിലുമെല്ലാം വെെറസ്ബാധ വ്യാപിച്ചു. മിക്ക ടീമുകളിലെയും കളിക്കാർക്കും പരിശീലകർക്കുമെല്ലാം കോവിഡ് സ്ഥിരീകരിച്ചു. മെയ് രണ്ടിലെ പഞ്ചാബ് കിങ്സ്–ഡൽഹി മത്സരത്തോടെ ടൂർണമെന്റ് താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് നടന്ന ചർച്ചകളിലാണ് വേദി യുഎഇയിലേക്ക് മാറ്റിയത്. കഴിഞ്ഞ സീസണിലും ഇതേ വേദിയിലായിരുന്നു മത്സരങ്ങൾ.

എല്ലാ ടീമുകളും ഒരോവട്ടം ഏറ്റുമുട്ടുകഴിഞ്ഞു. പ്രാഥമിക റൗണ്ടിൽ 27 മത്സരങ്ങളാണ് ബാക്കി. ഇത് ഒക്--ടോബർ എട്ടിന് അവസാനിക്കും. പിന്നീട് പ്ലേ ഓഫ്. 15ന് ദുബായിലാണ് കിരീടപ്പോര്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top