19 April Friday

ഗെയ്‌ക്‌വാദും ഉത്തപ്പയും മിന്നി; ഫിനിഷറായി വീണ്ടും ധോണി; ചെന്നൈ ഫൈനലില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

Photo Credit: Twitter/IPL

ദുബായ്‌ > ഡൽഹി ക്യാപിറ്റൽസിനെ നാല്‌ വിക്കറ്റിന്‌ കീഴടക്കി ചെന്നൈ സൂപ്പർ കിങ്‌സ്‌ ഐപിഎൽ ക്രിക്കറ്റിൽ ഒമ്പതാംതവണ ഫൈനലിൽ കടന്നു. ജയിക്കാനാവശ്യമായ 173 റൺ രണ്ടു പന്ത്‌ ബാക്കിയിരിക്കെ നേടി. സ്‌കോർ: ഡൽഹി 5–-172, ചെന്നൈ 6–-173(19.4).

ഋതുരാജ്‌ ഗെയ്‌ക്‌വാദും (50 പന്തിൽ 70)  റോബിൻ ഉത്തപ്പയും (44 പന്തിൽ 63) ചേർന്നാണ്‌ ഡൽഹിയെ ചാമ്പലാക്കിയത്‌. ഒടുവിൽ ക്യാപ്‌റ്റൻ മഹേന്ദ്രസിങ്‌ ധോണിയുടെ തകർപ്പൻ ഫിനിഷ്‌ (ആറു പന്തിൽ 18). തോറ്റെങ്കിലും ഡൽഹിക്ക്‌ ഫൈനലിലെത്താൻ ഒരവസരംകൂടിയുണ്ട്‌. ഇന്നത്തെ എലിമിനേറ്ററിൽ ജയിക്കുന്ന ടീമുമായി കളിക്കാം.

നാലാമത്തെ പന്തിൽ ചെന്നൈയെ ഞെട്ടിച്ച്‌ ഓപ്പണർ ഡു പ്ലെസിസ്‌ (1) വീണു. ഓപ്പണർ ഋതുരാജ്‌ ഗെയ്‌ക്‌വാദിന്‌ റോബിൻ ഉത്തപ്പ നല്ല കൂട്ടായി. ഇരുവരും ചേർന്ന്‌ ഡൽഹി ബൗളർമാരെ കശക്കി. 14–-ാം ഓവറിൽ രണ്ട്‌ വിക്കറ്റെടുത്ത്‌ ടോം കറൻ ഡൽഹിയെ കളിയിലേക്ക്‌ തിരിച്ചുകൊണ്ടുവന്നു. രണ്ടാംവിക്കറ്റിൽ 110 റൺ കൂട്ടിച്ചേർത്ത്‌ ഉത്തപ്പ മടങ്ങി. ടോം കറന്റെ പന്തിൽ അതിർത്തിയിൽ ശ്രേയസ്‌ അയ്യർ പിടികൂടി. ഉത്തപ്പ ഏഴ്‌ ഫോറും രണ്ട്‌ സിക്‌സറും അടിച്ചു. സ്ഥാനംക്കയറ്റം ലഭിച്ച ശർദുൾ താക്കൂർ ആദ്യപന്തിൽ പുറത്തായി. താക്കൂറിന്റെ അടിയും അയ്യരുടെ കൈകളിലേക്കായിരുന്നു. അടുത്ത ഓവറിൽ അമ്പാട്ടി റായിഡുവിനെ (1) റണ്ണൗട്ടാക്കിയ ത്രോയിലൂടെ ശ്രേയസ്‌ അയ്യർ ഫീൽഡിൽ നിറഞ്ഞു.

വിജയത്തിലേക്ക്‌ കുതിക്കവെ ഋതുരാജ്‌ പുറത്തായി. ആവേഷ്‌ഖാന്റെ പന്തിൽ അക്‌സർ പട്ടേൽ പിടിച്ചു. അവസാന ഓവറിൽ ജയിക്കാൻ 13 റൺ വേണ്ടിയിരുന്നു. 16 റണ്ണെടുത്ത മോയിൻ അലിയെ മടക്കി ടോം കറൻ ഡൽഹിക്ക്‌ പ്രതീക്ഷ നൽകി. എന്നാൽ, ക്യാപ്‌റ്റൻ ധോണി മൂന്ന്‌ ഫോറടിച്ച്‌ അനായാസം ലക്ഷ്യംകണ്ടു. നേരത്തേ ഒരു സിക്സറും ധോണി പായിച്ചു.

ഡൽഹിക്കായി ഓപ്പണർ പൃഥ്വി ഷാ 34 പന്തിൽ 60 റണ്ണടിച്ചു. ക്യാപ്‌റ്റൻ ഋഷഭ്‌ പന്ത്‌ 35 പന്തിൽ 51 റൺ നേടി.  ഷിമ്രോൺ ഹെറ്റ്‌മെയർക്ക്‌ 37 റണ്ണുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top