28 March Thursday

ബെയർസ്‌റ്റോ വിരുന്ന്‌ ; ഹൈദരാബാദിന്‌ 69 റൺ ജയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020


ദുബായ്‌
ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌ കിങ്‌സ്‌ ഇലവൻ പഞ്ചാബിനെ 69 റണ്ണിന്‌ തോൽപ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ഹൈദരാബാദ്‌ 6‐201 റണ്ണെടുത്തു. മറുപടിക്കെത്തിയ പഞ്ചാബ്‌ 132ൽ തീർന്നു.  ജോണി ബെയർസ്‌റ്റോയും (55 പന്തിൽ 97) ഡേവിഡ്‌ വാർണറും (40 പന്തിൽ 52) ചേർന്നാണ്‌ ഹൈദരാബാദിന്‌ കൂറ്റൻ സ്‌കോർ ഒരുക്കിയത്‌. ഓപ്പണിങ് കൂട്ടുകെട്ട്‌ 160 റണ്ണടിച്ചു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബിനായി നിക്കോളാസ്‌ പുരാൻ (37 പന്തിൽ 77) മാത്രം പൊരുതി. 17 പന്തിലാണ്‌ ഈ വെസ്‌റ്റിൻഡീസുകാരന്റെ അരസെഞ്ചുറി.

ടോസ്‌ നേടി ബാറ്റിങ് തെരഞ്ഞെടുത്ത തീരുമാനം ശരിവച്ചാണ്‌ ഹൈദരാബാദ്‌ ഓപ്പണർമാർ മുന്നേറിയത്‌. കൂടുതൽ അപകടകാരി ഇംഗ്ലീഷ്‌ വിക്കറ്റ്‌കീപ്പറായ ബെയർസ്‌റ്റോയായിരുന്നു.  15 ഓവർ അനായാസം ബാറ്റ്‌ ചെയ്‌തു. എന്നാൽ, ഏഴ്‌ പന്തിൽ മൂന്ന്‌ വിക്കറ്റെടുത്ത്‌ പഞ്ചാബ്‌ യുവ ബൗളർമാർ കളി പിടിച്ചു. ഇരുപതുകാരൻ സ്‌പിന്നർ രവി ബിഷ്‌ണോയിയുടെ ഓവറിൽ രണ്ട്‌ വിക്കറ്റ്‌. ആദ്യം വാർണർ പുറത്തായി.   ഓസീസ്‌ ഓപ്പണർ നാല്‌ ഫോറും ഒരു സിക്‌സറും കണ്ടെത്തി.
മൂന്ന്‌ പന്തിനുശേഷം ബെയർസ്‌റ്റോ വിക്കറ്റിനുമുന്നിൽ കുടുങ്ങി. ഏഴ്‌ ഫോറും ആറ്‌ സിക്‌സറും പറന്നു. പത്ത്‌ പന്തിൽ 20 റണ്ണുമായി കെയ്‌ൻ വില്യംസൺ സ്‌കോർ 200 കടത്തി.

പുരാൻ പഞ്ചാബിനായിപൊരുതി. ഏഴ്‌ സിക്‌സറും അഞ്ച് ഫോറും തൊടുത്തു. എന്നാൽ എട്ട്‌ കളിക്കാർ രണ്ടക്കം കണ്ടില്ല. ലോകേഷ്‌ രാഹുൽ 11 റണ്ണിന്‌ പുറത്തായി. ഹൈദരാബാദിനായി റഷീദ്‌ ഖാൻ നാലോവറിൽ 12 റൺ വഴങ്ങി മൂന്ന്‌ വിക്കറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top